വടകര: തനിക്കെതിരെ അപവാദവും അശ്ലീല വിഡിയോയും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്ന് കെ.കെ ശൈലജ ആരോപണമുന്നയിച്ചു. തന്നെ വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ അവസാനിപ്പിക്കാതെ തുടരുകയാണെന്ന് വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ കെ ശൈലജ മാധ്യമങ്ങളോടു പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫിയുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും ശൈലജ ആരോപിച്ചു. വ്യാജ വീഡിയോ ക്ലിപ്പുകള്‍ തനിക്കെതിരെ ഉണ്ടാക്കുകയാണ്. അതിനായി യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും ശൈലജ പറഞ്ഞു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
വൃത്തികെട്ട ഗൂഢസംഘമാണ് യു.ഡി.എഫിന്റെ പ്രചാരണത്തിലുള്ളത്. തനിക്ക് ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവം. സ്ഥാനാർഥിയെന്ന നിലയില്‍ തുടർച്ചയായി ആക്ഷേപം നടത്തുന്നു. വ്യാജ വിഡിയോ ഉണ്ടാക്കാൻ പ്രത്യേക സംഘം തന്നെ യു.ഡി.എഫിനുണ്ടെന്നും ശൈലജ ആരോപിച്ചു.
‘എന്റെ വടകര KL 11′ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനം പ്രതി അമല്‍ കൃഷ്ണയുടെ കൂടെ നില്‍ക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫല്‍ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫല്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജകൂട്ടിച്ചേർത്തു. തന്റെ അഭിമുഖങ്ങളില്‍ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡില്‍ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.’ -കെകെ ശൈലജ പറഞ്ഞു.