വീര്യം കുറഞ്ഞ മദ്യം വരുന്നൂ. രണ്ടെണ്ണം പെണ്ണുങ്ങളും വീശിയാൽ കുടുംബ കലഹം അവസാനിക്കും.ആളോഹരി മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ നമ്മുടെ കേരള സംസ്ഥാനം ഒന്നാം സ്ഥാനത്ത് ഒന്നുമല്ല. കേരളീയരേക്കാൾ കൂടുതൽ മദ്യം ഉപയോഗിക്കുന്നവരുള്ള സംസ്ഥാനങ്ങൾ വേറെയുമുണ്ട്. എന്നിരുന്നാലും മദ്യം സംബന്ധിച്ച ഏത് കാര്യം പുറത്തുവരുമ്പോഴും ഏറ്റവും വലിയ ചർച്ച നടക്കുക മലയാളികൾക്കിടയിലാണ്.
സംസ്ഥാന സർക്കാരും മദ്യം വി ൽക്കുന്ന ബീവറേജസ് കോർപ്പറേഷനും പുതിയ ഒരു ആശയവുമായി വരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ആശയം സർക്കാർ വകയോ ബീവറേജസ് കോർപ്പറേഷൻ വകയോ അല്ല,,, മദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്ട്ലറി ഉടമകളുടെ നിർദ്ദേശമാണ് സർക്കാരും ബീവറേജസ് കോർപ്പറേഷനും ഗൗരവമായി പരിശോധിക്കുകയും നടപ്പിൽ വരുത്താൻ ആലോചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. നിലവിൽ വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്ന മദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി വീര്യം കുറഞ്ഞ മദ്യം വിൽപ്പനക്ക് എത്തിക്കുകയും അത് കൗമാരക്കാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ ആയിരിക്കുകയും ചെയ്യുക എന്ന നിർദ്ദേശമാണ് ബീവറേജസ് കോർപ്പറേഷൻ പരിഗണിച്ചു കൊണ്ടിരിക്കുന്നത്.
മദ്യവുമായി ബന്ധപ്പെട്ട ഏത് പ്രശ്നം വന്നാലും ഇതിനിടയിൽ വരുന്ന രണ്ടു മൂന്നു കൂട്ടർ ഉണ്ട്. ഒന്നാമതായി മദ്യ വില്പനയ്ക്ക് തീരുമാനം കൊടുക്കുന്ന സർക്കാരും വില്പന നടത്തുന്ന ബീവറേജസ് കോർപ്പറേഷനും. അതുപോലെതന്നെ മദ്യ ഉത്പാദകരായ ഡിസ്റ്റിലറി ഉടമകൾ, അടുത്തതായി മദ്യത്തിനെതിരെ നിരന്തര സമരവുമായി നടക്കുന്ന മദ്യവിരുദ്ധ സമിതിക്കാർ. മൂന്നാമത്തെ വിഭാഗം മദ്യം എന്ന വാക്കിൻറെ പേരിൽ മുഴുവൻ പാപഭാരവും ചുമക്കുന്ന മദ്യപാനികൾ ആണ്. ഈ മൂന്ന് വിഭാഗങ്ങളും പൊതുജനത്തിന്റെ മുമ്പിൽ ഏതുകാലത്തും ചോദ്യം ചെയ്യപ്പെടുന്ന ആൾക്കാരാണ് എന്നതാണ് രസകരമായ കാര്യം. മാറിമാറി വരുന്ന ഏത് സർക്കാരും നിലപാട് വിശദീകരിക്കുമ്പോൾ മദ്യത്തിനെതിരായ വാക്കുകളാണ് പ്രയോഗിക്കുക.
എന്നാൽ നടപ്പിൽ വരുത്തുന്നതാകട്ടെ പരമാവധി മദ്യ വില്പന കൂട്ടുകയും അതുവഴി ലാഭം കൊയ്യുകയും ചെയ്യുക എന്ന സ്ഥിരം ഏർപ്പാടും.സർക്കാർ തന്നെ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യൂ ഉണ്ടാക്കി കൊടുക്കുന്നത് മദ്യ വില്പന വഴിയാണ്. ഈ ഏർപ്പാട് ഏതെങ്കിലും തരത്തിൽ നിലച്ചു പോയാൽ സംസ്ഥാന സർക്കാരിൻറെ ഖജനാവ് കാലിയാകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എല്ലാവർക്കും അറിയാവുന്നതുപോലെ സർക്കാർ ഖജനാവിന് കാര്യമായി നേട്ടം ഉണ്ടാക്കി കൊടുക്കുന്ന മറ്റൊരു ഏർപ്പാട് ലോട്ടറി കച്ചവടമാണ്. ഇത് രണ്ടും ഇല്ലാതായാൽ സംസ്ഥാന ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് എത്തും.
എട്ടുവർഷം മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി ബാറുകളും മറ്റും അടച്ചുപൂട്ടുന്ന തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം പൂട്ടിയ ബാറുകൾ തുറക്കുക മാത്രമല്ല കൂടുതൽ ബാറുകൾ അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ സർക്കാർ മദ്യ വില്പന ശാലയായ ബീവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ കൂടുതൽ തുറക്കുകയും ചെയ്തു. നിയമപരമായ തർക്കങ്ങളും വിവാദങ്ങളും ഒക്കെ നിലനിൽക്കുമ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് എങ്ങനെയും ഒരു കുപ്പി സംഘടിപ്പിച്ചു രണ്ടെണ്ണം വീശി ഉറങ്ങാൻ തയ്യാറെടുക്കുന്ന മദ്യപാനികളാണ് കേരളത്തിൽ ഉള്ളത്.
കേരളത്തിലെ മദ്യപാനികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയൊന്നുമല്ല. ബീവറേജസ് കോർപ്പറേഷനിൽ നിന്നും കാശു കൊടുത്തിട്ടാണെങ്കിലും ഒരു കുപ്പി വാങ്ങിക്കാൻ സഹിക്കേണ്ടി വരുന്ന കഷ്ടപ്പാട് ജനവും സർക്കാരും മനസ്സിലാക്കിയില്ലെങ്കിലും ഹൈക്കോടതി ഈ ദുരിതങ്ങൾ കണ്ടെത്തുകയുണ്ടായി. അങ്ങനെ കോടതി ഇടപെട്ടാണ് ബീവറേജസ് കോർപ്പറേഷൻ കടകൾക്കു മുമ്പിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് മാന്യമായ സൗകര്യം ഒരുക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
സാധാരണ പുരുഷന്മാർ പൊതുവേ പറയുന്ന ചില പരാതികൾ പരിഹരിക്കുന്നതിനുള്ള മാർഗമായി വേണം ബീവറേജസ് കോർപ്പറേഷന്റെയും സർക്കാരിന്റെയും പുതിയ നീക്കങ്ങളെ കാണാൻ…. ഭാര്യമാരും അല്പം കഴിക്കുകയും ചെറിയതോതിൽ ഫിറ്റ് ആവുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ മുതുകത്തോട്ട് കയറുന്ന ഏർപ്പാട് അവസാനിച്ചേനെ എന്ന് കൂടിയിരുന്നു മദ്യപിക്കുന്ന ഇടങ്ങളിൽ പറയുന്നത് ഒരു പതിയെ സമ്പ്രദായമാണ്.
ആണുങ്ങളുടെ ഈ പരാതി ദൈവം പോലും കേട്ടില്ലെങ്കിലും ബീവറേജസ് കോർപ്പറേഷൻ ഈ പരാതി കേൾക്കാൻ ദയ കാണിച്ചു എന്നത് മുഴുവൻ ആണുങ്ങളുടെയും പ്രാർത്ഥനയുടെ ഫലം ആകാം.ബീവറേജസ് കോർപ്പറേഷന്റെയും സർക്കാരിന്റെയും തീരുമാനപ്രകാരം കൗമാരപ്രായക്കാർക്കും സ്ത്രീകൾക്കും മദ്യം ഉപയോഗിക്കാൻ അവസരം ഒരുക്കുന്ന വീര്യം കുറഞ്ഞ മദ്യം ഉടൻതന്നെ വിൽപ്പനയ്ക്കായി എത്തും എന്നാണ് അറിയുന്നത്. നിലവിൽ ഉള്ള ചട്ടം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽപ്പന നടത്താൻ കഴിയില്ല.
പുതിയ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ ഈ വീര്യം കുറഞ്ഞ മദ്യം കൗമാരപ്രായക്കാർക്ക് പരസ്യമായി വിലകൊടുത്തു വാങ്ങുവാൻ അവസരം ഒരുങ്ങും. അതുപോലെ തന്നെയാണ് സ്ത്രീകളുടെയും കാര്യം. ഇപ്പോൾ വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമാണ് മദ്യം ഉപയോഗിക്കുകയോ അത് വാങ്ങാൻ കടകളിൽ എത്തുകയോ ചെയ്യുന്നത്. സ്ത്രീകൾക്ക് വീര്യം കുറഞ്ഞ മദ്യം ഔദ്യോഗികമായി തന്നെ വിൽപ്പന തുടങ്ങി കഴിഞ്ഞാൽ ഏത് നാണംകുണുങ്ങി പെണ്ണിനും കടയിൽ പോയി ഒരു കുപ്പി മേടിച്ചു വീട്ടിലിരുന്നു രണ്ടെണ്ണം വീശി സന്ധ്യാസമയത്ത് തുടങ്ങുന്ന സീരിയലും കണ്ടു ജീവിതം സന്തോഷകരമായി കൊണ്ടുപോകാൻ അവസരം ഉണ്ടാകും എന്നതാണ് ഇതിൻറെ പ്രത്യേകത. ഏതായാലും ജനങ്ങളുടെ, പ്രത്യേകിച്ചും കൗമാരക്കാരുടെയും സ്ത്രീകളുടെയും, കാലങ്ങളായി തുടരുന്ന മൗന പ്രാർത്ഥന ചെവികൊണ്ട് ഈ പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന സർക്കാരിനെയും ബീവറേജസ് കോർപ്പറേഷൻ അധികൃതരെയും അഭിനന്ദിക്കണം.
ഇവിടെ ആകെ വിഷമത്തിൽ ആകുന്നത് മുൻപ് പറഞ്ഞ മദ്യനിരോധന സംഘടനക്കാരാണ്. എഴുന്നള്ളിക്കുന്ന ആനയ്ക്ക് നെറ്റിപ്പട്ടം ചാർത്തുന്നത് പോലെ ഇടയ്ക്കിടെ തലയ്ക്കു മുകളിൽ ഒരു മദ്യവിരുദ്ധ മുദ്രാവാക്യം എഴുതിയ പ്ലക്കാർടും പിടിച്ച് നഗരത്തിൽ ഘോഷയാത്ര നടത്തിയിരുന്ന പത്തോ പന്ത്രണ്ടോ ആൾക്കാർ അടങ്ങുന്ന മദ്യനിരോധന സമിതിക്കാർ ഇനി എന്തു പറഞ്ഞു സമരവുമായി ഇറങ്ങും എന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മദ്യനിരോധന പ്രസ്ഥാനത്തിൻറെ പേരിൽ അത്യാവശ്യം രസീത് കുറ്റിയും പിരിവും നടത്തി ശീലിച്ചിട്ടുള്ള ഈ നിരോധനക്കാർ പട്ടിണിയാകും എന്ന സ്ഥിതികൂടിയുണ്ട്. സർക്കാറിന്റെ പുതിയ തീരുമാനം നടപ്പിലാക്കുമ്പോൾ ഇവരെ കൂടി പരിഗണിക്കണം എന്നാണ് അഭ്യർത്ഥന.