അങ്ങനെ റോഡിലെ ക്യാമറകളും സ്വാഭാവിക മരണത്തിലേക്ക്

കുറ്റക്കാർക്ക് നോട്ടീസ് അയക്കാം പേപ്പറിന് പണമില്ല

 

കൊട്ടിഘോഷിച്ചു സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതുനിരത്തുകളിലെ ഗതാഗത നിയമലംഘനം കണ്ടുപിടിക്കുന്ന ക്യാമറകളുടെ സ്ഥിതിയും അവതാളത്തിലായി… 300 കോടിയിലധികം രൂപാ മുതൽ മുടക്കി കേരളത്തിലെ എല്ലാ ഹൈവേകളിലും അടക്കം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പിൽ വരുത്തിയത്… ക്യാമറകൾ വഴി കണ്ടുപിടിക്കപ്പെടുന്ന ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിയെടുത്ത്, പിഴ ഈടാക്കി, ആ തുക കെൽട്രോണിന് കൈമാറി ലാഭകരമായി നടത്തുവാൻ കഴിയുന്ന ഏർപ്പാട് ആയിട്ടാണ് സർക്കാർ ഇത് നടപ്പിലാക്കിയത്… മാത്രമല്ല റോഡിൽ എല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കുന്നതോടുകൂടി റോഡ് അപകടങ്ങൾ വലിയതോതിൽ കുറയ്ക്കാൻ കഴിയും എന്നുള്ള ഉറപ്പും സർക്കാർ മുന്നോട്ടുവച്ചിരുന്നു… പദ്ധതി നടപ്പിൽ വരുത്തി 10 മാസം കഴിയുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ക്യാമറകളുടെ പ്രവർത്തനങ്ങളും കുറ്റക്കാർക്കെതിരായ നിയമ നടപടി സ്വീകരിക്കലും എല്ലാം അവതാളത്തിൽ ആയി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ….

ഒരു മാസത്തിൽ ഏതാണ്ട് ഒന്നരലക്ഷം നിയമലംഘനങ്ങൾ ക്യാമറകൾ വഴി കണ്ടുപിടിക്കപ്പെടും എന്നും, ഇവർക്കെതിരെ നടപടിയുടെ ഭാഗമായി പിഴ ഈടാക്കിയാൽ പദ്ധതി ലാഭകരമായി മാറും എന്നായിരുന്നു കണക്കുകൂട്ടൽ… ഇപ്പോൾ ഒന്നരലക്ഷം നിയമലംഘനങ്ങൾ നടന്ന സ്ഥാനത്ത് നാലു ലക്ഷത്തിലധികം നിയമലംഘനങ്ങൾ മാസംതോറും ക്യാമറകൾ കണ്ടുപിടിക്കുന്നത് ആയിട്ടാണ് റിപ്പോർട്ട്… ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ആൾക്കാർക്ക് കുറ്റങ്ങൾ രേഖപ്പെടുത്തി പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് അയക്കൽ ഈ പദ്ധതിയുടെ കരാർ പ്രകാരം കെൽട്രോൺ ആണ് നടത്തിയിരുന്നത്… എന്നാൽ സർക്കാർ പിഴയായി ലഭിക്കുന്ന തുക കെൽട്രോണിന് കൈമാറാതെ വന്നതോടുകൂടി അവർ സാമ്പത്തിക പ്രതിസന്ധിയിൽ ആയി… നോട്ടീസ് അയയ്ക്കുന്നതിന് പേപ്പർ വാങ്ങാൻ പോലും പണം ഇല്ലാത്ത അവസ്ഥയാണ് എന്ന് കാണിച്ചുകൊണ്ട്, കെൽട്രോൺ സർക്കാരിന് കത്ത് നൽകി എന്നാണ് അറിയുന്നത്… ഈ വിവരം കാണിച്ചു സംസ്ഥാന ഗതാഗത കമ്മീഷണർക്കും പരാതി നൽകിയതായി അറിയുന്നുണ്ട്.

റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളിൽ കണ്ടുപിടിക്കപ്പെടുന്ന നിയമലംഘന വിവരങ്ങൾ കെൽട്രോണിൻ്റെ ഓഫീസിൽ ശേഖരിക്കപ്പെടുകയും, കുറ്റക്കാർക്ക് പിഴ സംബന്ധിച്ച നോട്ടീസ് അയക്കുകയും ആണ് ഇതുവരെ ചെയ്തിരുന്നത്… എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടുകൂടി നോട്ടീസ് അയക്കൽ നിർത്തിവെച്ചിരിക്കുകയാണ്… അതിന് പകരം കുറ്റക്കാരുടെ മൊബൈൽ ഫോണുകളിൽ ഇ – ചെല്ലാൻ അയക്കുന്ന ഏർപ്പാടാണ് ഇപ്പോൾ നടന്നുവരുന്നത്… എന്നാൽ മൊബൈൽ ഫോൺ വഴി ലഭിക്കുന്ന ഈ ചെല്ലാൻ ഗൗരവമായി എടുത്തു ആരും പിഴ അടയ്ക്കുന്നില്ല എന്നാണ് അറിയുന്നത്.

റോഡുകളിൽ സംസ്ഥാനത്ത് കൊട്ടാരയായി ക്യാമറ സ്ഥാപിക്കുന്ന പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടുള്ള ഗതാഗത പരിഷ്കരണ പരിപാടി എന്ന അവകാശവാദമാണ് സർക്കാർ ഉയർത്തിയത്… ഈ പദ്ധതി വിവരങ്ങൾ പുറത്തുവന്നതോടുകൂടി ക്യാമറ പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് ആരോപിച്ച്‌ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തുകയുണ്ടായി… ഇതെല്ലാം അവഗണിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയത്… കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച ക്യാമറകളുടെ പ്രവർത്തനം ആദ്യഘട്ടത്തിൽ കാര്യക്ഷമമായി തന്നെ നടന്നിരുന്നു.

ക്യാമറകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് വഴി റോഡ് അപകടങ്ങൾ കുറയുന്നതിന് വഴിയൊരുങ്ങും എന്ന സർക്കാരിൻറെ അവകാശവാദവും കാര്യമായ ഫലം കണ്ടില്ല… ഗതാഗത വകുപ്പും ആഭ്യന്തര വകുപ്പും പുറത്തുവിട്ട കണക്കുകൾ കേരളത്തിൽ ക്യാമറാ സ്ഥാപിച്ചതിനുശേഷം റോഡ് അപകടങ്ങൾ കൂടിയതായും പരിക്കുപറ്റിയവരുടെയും മരണമടയുന്നവരുടെയും എണ്ണം വർധിച്ചതായും വ്യക്തമാക്കുന്നു… അതുകൊണ്ടുതന്നെ ക്യാമറ സ്ഥാപിക്കൽ വഴി സർക്കാർ ലക്ഷ്യമിട്ട ഒരു കാര്യവും ഫലം കണ്ടില്ല എന്ന വിലയിരുത്തലാണ് ഇപ്പോൾ ഉള്ളത്.

ക്യാമറ സ്ഥാപിച്ച ശേഷം 10 മാസത്തിനുള്ളിൽ 339 കോടി രൂപയുടെ പിഴ അടക്കുന്നതിനുള്ള നോട്ടീസുകൾ ആണ് യാത്രക്കാർക്ക് കൈമാറിയത്… എന്നാൽ ഇതിൽ വെറും 62.5 കോടി രൂപയുടെ പിഴ അടക്കുവാൻ മാത്രമാണ് യാത്രക്കാർ ഇതുവരെ തയ്യാറായത് കെൽ േട്രോണിൻ്റെ കണക്കുകൾ പ്രകാരം ഏതാണ്ട് 25 ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളത്… ഇത്തരത്തിൽ നിയമലംഘനം നടത്തിയവരിൽ നിന്നും നിയമപ്രകാരം തുക ഈടാക്കുവാൻ കഴിഞ്ഞാൽ വലിയ നേട്ടം ഉണ്ടാകും എങ്കിലും പിഴ ഈടാക്കുന്നതിനു വേണ്ടിയുള്ള തുടർനടപടികൾക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സം ഉണ്ടാക്കിയ ഗതികേടിലാണ് ഇപ്പോൾ പദ്ധതി എത്തിനിൽക്കുന്നത്.

ജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയും നന്മയ്ക്കുവേണ്ടിയും എന്ന് പറഞ്ഞുകൊണ്ട് കേരളത്തിൽ ഏതു സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയും ലക്ഷ്യം കാണാതെ തകർച്ചയിലേക്ക് എത്തുന്ന അനുഭവം ഇപ്പോഴും ആവർത്തിക്കുകയാണ്… റോഡുകളിൽ കേരളം മുഴുവനായി സ്ഥാപിച്ച എ. എ ക്യാമറകളുടെ പ്രവർത്തന ചുമതല സർക്കാർ കമ്പനിയെ തന്നെ ഏൽപ്പിച്ചത് കൊണ്ട് തന്നെ ആ പദ്ധതി തകരാറിലാകും എന്ന കാര്യത്തിൽ നിരവധി അനുഭവങ്ങൾ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടുണ്ട്… ഇപ്പോൾ റോഡുകളിലെ ക്യാമറ പദ്ധതിയിലും ഈ ദുരന്തമാണ് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നത്.

ഇത്തരം അനുഭവങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇതുപോലെ വലിയതോതിൽ ആവിഷ്കരിക്കുന്ന പദ്ധതികൾ സുഗമമായി നടത്തുന്നതിന് ഏതെങ്കിലും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുക എന്ന ചിന്തയിലേക്ക് പൊതുജനം എത്തിച്ചേരുന്നത്… നമ്മുടെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ കമ്പനികളും നഷ്ടങ്ങളുടെ കണക്കു നിരത്തുന്ന, എന്നാൽ ഇതേ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ ഓരോ വർഷവും ലാഭം വാരിക്കൂട്ടിൽ മുന്നോട്ടു കുതിക്കുന്നു എന്നത് കാണേണ്ട കാര്യമാണ്. സർക്കാർ ഒരു പദ്ധതിക്ക് ചിലവാക്കുന്ന പണം യഥാർത്ഥത്തിൽ കേരളത്തിലെ പൊതു ജനങ്ങളുടെ നികുതിപ്പണം തന്നെയാണ്… പൊതുജനങ്ങൾ നൽകുന്ന കോടിക്കണക്കിന് രൂപ യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത സർക്കാർ സംവിധാനം വഴി വിവിധ പദ്ധതികൾക്ക് കൈമാറുമ്പോൾ, യഥാർത്ഥത്തിൽ പൊതു ജനത്തോട് കാണിക്കുന്ന നിഷേധനയമാണ് അനുഭവത്തിൽ വന്നുചേരുന്നത് എന്ന് ഇനിയെങ്കിലും ഭരണകർത്താക്കൾ തിരിച്ചറിഞ്ഞാൽ ഉപകാരമായിരുന്നു.