ഇടതുമുന്നണിയുടെ കൺവീനറും മുതിർന്ന സിപിഎം നേതാവും ആയ ഇ.പി. ജയരാജൻ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. സിപിഎം എന്ന പാർട്ടിയുടെ കണ്ണൂരിലെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ് ജയരാജൻ. കണ്ണൂർ ജില്ലയിലെ സിപിഎം നേതൃത്വത്തിൽ ഇപ്പോഴും ശക്തന്മാരായി നിൽക്കുന്ന മൂന്ന് ജയരാജന്മാർ പാർട്ടിക്ക് എല്ലാകാലത്തും വലിയ മുതൽക്കൂട്ട് ആയിരുന്നു. കണ്ണൂർ സ്വദേശി തന്നെയായ പിണറായി വിജയൻ എന്ന നേതാവിനെ മുന്നിൽ നിർത്തിക്കൊണ്ട് അണിയറ പ്രവർത്തനങ്ങൾക്കെല്ലാം മുന്നിൽ നിന്നത് ഈ മൂന്ന് ജയരാജന്മാരും ആയിരുന്നു. പതിറ്റാണ്ട് മുൻപ് സിപിഎമ്മിലെ ഏറ്റവും വലിയ ജനകീയ നേതാവായി വളർന്ന വിഎസ് അച്യുതാനന്ദൻ പിണറായി വിജയനുമായി മുഖാമുഖം എതിർത്തപ്പോൾ പിണറായി വിജയൻറെ ശക്തിസ്രോതസായി നിലയുറപ്പിച്ചിരുന്നത് ഈ മൂന്ന് ജയരാജന്മാരും ആയിരുന്നു. എന്നാൽ ഭരണത്തിൽ പിണറായി വിജയൻ രണ്ടാം ഘട്ടവും തുടർന്നു വന്നപ്പോൾ കണ്ണൂർ രാഷ്ട്രീയത്തിൽ ചില ചേരിതിരിവുകൾ ഉണ്ടായി. മൂന്ന് ജയരാജൻ മാരും ഏകശില രൂപത്തിൽ നിന്നുകൊണ്ട് പിണറായിക്കു പിന്നിൽ കോട്ട തീർത്ത കാലത്തിന് മങ്ങലേൽക്കുന്ന കാഴ്ചയാണ് കണ്ടത്. കണ്ണൂരിൽ തുടങ്ങിയ സിപിഎമ്മിനകത്തെ ചില മുറുമുറുപ്പുകൾ സംസ്ഥാനതലത്തിൽ തന്നെ വ്യാപിക്കുന്ന സ്ഥിതിയും വന്നു.
ഇ പി ജയരാജൻ എന്ന നേതാവ് ഇടതുപക്ഷ മുന്നണി കൺവീനർ ആകുന്നതിനു മുൻപ് പിണറായി വിജയൻറെ ആദ്യ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പോലും ലഭിക്കാതെ വന്നപ്പോൾ മടുപ്പ് പ്രകടിപ്പിച്ച ജയരാജനെ സന്തോഷിപ്പിക്കാൻ ആണ് പാർട്ടി ഇടതുമുന്നണി കൺവീനർ പദവി നൽകിയത്. എന്നാൽ ഈ പദവിയെ ഉന്നം വെച്ചു കൊണ്ടും മോഹിച്ചു കൊണ്ടും സിപിഎമ്മിലെ ചില സീനിയർ നേതാക്കൾ രംഗത്തുണ്ടായിരുന്നു. പാർലമെൻററി പദവികൾ ഒന്നും ഇല്ലാത്ത മുൻ മന്ത്രി എ കെ ബാലൻ ആണ് മുന്നണി കൺവീനർ കസേര മോഹിച്ച ഒരാൾ. മുൻമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബിയും ഈ കസേര മോഹിച്ചിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും തെക്കൻ കേരളത്തിലെ ചില സിപിഎം നേതാക്കളുടെയും ശൈലികളിൽ പ്രതിഷേധിച്ചു നിന്നിരുന്ന മുൻ മന്ത്രി തോമസ് ഐസക്കും ഈ പദവി ആഗ്രഹിച്ചിട്ടുണ്ട്.
ജയരാജന് ഇടതുമുന്നണി കൺവീനർ സ്ഥാനം നൽകുന്നതിന് നിർബന്ധം പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഈ പ്രഖ്യാപനം നേരത്തെ പറഞ്ഞ എ കെ ബാലനെയും എം എ ബേബിയെയും തോമസ് ഐസക്കിനെയും നിരാശപ്പെടുത്തുകയുണ്ടായി.
തുടർന്ന് ഇങ്ങോട്ടുള്ള കാലയളവിൽ ജയരാജനെ എതിരായ ചില നീക്കങ്ങൾക്ക് തന്ത്രം മെനഞ്ഞത് മുൻമന്ത്രി എ കെ ബാലൻ ആയിരുന്നു എന്ന സൂചനകൾ പുറത്തുവന്നിരുന്നു. ബാലൻ ഒപ്പം ഈ നീക്കങ്ങളിൽ ഒരുമിച്ചു നിൽക്കാൻ എം എ ബേബിയും തയ്യാറായി എന്നാണ് അറിയുന്നത്. തങ്ങൾക്ക് ഇനി പദവി ലഭിക്കില്ല എന്ന് ഉറപ്പായ ശേഷമാണ് ജയരാജൻ എതിരായ ചില ഇടപെടലുകൾ നടത്തുന്നതിന് ഈ നേതാക്കൾ മുൻകൈ എടുത്തത്.
ജയരാജൻ എന്ന നേതാവ് ബിജെപിയിൽ ചേരുന്നതിനുള്ള നീക്കങ്ങൾ നടത്തിയത് സംബന്ധിച്ച് ദല്ലാൾ നന്ദകുമാർ പുറത്തുവിട്ട വാർത്തകളാണ് ഒടുവിൽ ജയരാജനെ വിഷമത്തിൽ ആക്കിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി നേതാക്കളിൽ നിന്നും തനിക്കെതിരായി ഉണ്ടായ നീക്കങ്ങളിൽ തികച്ചും ദുഃഖിതനായ ജയരാജൻ പാർട്ടി വിടുന്നതിന് മനസ്സുകൊണ്ട് തന്നെ തീരുമാനമെടുക്കുകയാണ് ഉണ്ടായത് എന്നാണ് സൂചനകൾ. ഈ നീക്കങ്ങൾ പുറത്തുവരും എന്നുള്ള ഒരു ധാരണ ജയരാജന് ഉണ്ടായിരുന്നില്ല. ബിജെപിയോ അല്ലെങ്കിൽ അതുപോലെ വലിയ ഏതെങ്കിലും പാർട്ടിയിലോ ചേർന്നു കൊണ്ട് വലിയ ഏതെങ്കിലും പദവി നേടിയെടുത്ത സിപിഎം നേതാക്കളോട് പക വീട്ടുക എന്ന ആശയമായിരുന്നു ജയരാജൻ സ്വീകരിച്ചത്.
ജയരാജന്റെ ബിജെപി പ്രവേശനം സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ പുറത്തുവന്നപ്പോൾ ജയരാജൻ അതെല്ലാം നിഷേധിക്കുകയും തെറ്റായ പ്രചരണം എന്ന വാദിക്കുകയും ചെയ്തപ്പോൾ ജയരാജന് വേണ്ടി സഹായകരമായ നിലപാടെടുക്കാൻ മുതിർന്ന സിപിഎം നേതാക്കൾ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. പാർട്ടിയുടെ ആസ്ഥാനമായ തിരുവനന്തപുരം എകെജി സെൻററിലെ ഓഫീസ് ചുമതലയുള്ള നേതാവാണ് എ കെ ബാലൻ. സ്ഥിരമായി അവിടെ തങ്ങുന്ന ബാലൻ പോലും ജയരാജനെ സഹായകരമായ ഒരു നിലപാടും സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പാർട്ടിയുടെ നയപരമായ കാര്യങ്ങളിലും താത്വീകമായ വിഷയങ്ങളിലും ചാടിവീണ് അഭിപ്രായം പറയുന്ന സ്വഭാവക്കാരൻ ആയ എം.എ ബേബിയും ജയരാജൻ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഏതായാലും ഒരു കാര്യം ഉറപ്പാണ് ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തിരിക്കുന്ന ജയരാജൻ എന്ന നേതാവിൻറെ മുന്നോട്ടുള്ള പോക്കിന് തടയിടുന്നതിനായി സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ ഒരു കൂട്ടുകെട്ടിന്റെ തന്ത്രപരമായ നീക്കങ്ങൾ ഉണ്ടായിരുന്നു എന്നത് പരസ്യമായ കാര്യങ്ങളാണ്.