മുഖ്യമന്ത്രിക്കും കുടുംബത്തിനും പിറകെ കേന്ദ്ര അന്വേഷണ സംഘം

കേന്ദ്ര ഇൻറലിജൻസ് വിഭാഗംവിദേശത്ത് എത്തിയ പിണറായിയുടെ പിറകെ എത്തിയിരിക്കുന്നു

മൂന്ന് രാജ്യങ്ങളിൽ വിദേശ പര്യടനത്തിന് പുറപ്പെട്ട മുഖ്യമന്ത്രിയെയും കുടുംബത്തെയും പിന്തുടർന്ന് കേന്ദ്ര ഇൻറലിജൻസ് അന്വേഷണങ്ങൾ നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നു. സ്വകാര്യ യാത്ര എന്ന രീതിയിലാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പുറപ്പെട്ടതെങ്കിലും, മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാൾ സാധാരണഗതിയിൽ പാലിക്കേണ്ട കാര്യങ്ങൾ നിർവഹിക്കാതെ വിദേശയാത്ര നടത്തി എന്ന പരാതികൾ ഉയരുന്നതിനിടയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്റലിജൻസ് ബ്യൂറോ പിണറായി സംഘത്തിന് പിറകെ കൂടിയിരിക്കുന്നത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് 16 ദിവസം നീളുന്ന വിദേശ പര്യടനത്തിന് പോയിരിക്കുന്നത്. സാധാരണ ഗതിയിൽ സ്വകാര്യ വിദേശയാത്രയ്ക്ക് പോയാൽ പോലും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാത്ര സംബന്ധിച്ച വിവരങ്ങൾ ഗവർണർക്ക് കൈമാറാറുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല മാത്രവുമല്ല, മന്ത്രിസഭയിലെ ചില മന്ത്രിമാർ പോലും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര അറിയുന്നത് പത്രങ്ങളിലൂടെയും മറ്റും ആണ് ഇതിൽ ഉള്ള പരിഭവം മന്ത്രിമാർക്കും ഉണ്ട്.
പല വിധത്തിലുള്ള ആരോപണങ്ങളും അതിൽ മേലുള്ള കേസുകളും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയത് എന്തിന് എന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിന് പുറമെയാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും മറ്റു ബിജെപി നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൃദു സമീപനം പാടില്ല എന്നും കർശനമായ നടപടികൾ പരാതികളിൽ ഉണ്ടാകണം എന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്റലിജൻസ് ബ്യൂറോ വഴി പിണറായി സംഘത്തിൻറെ യാത്രയിലെ വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകിയത്.
ഇന്തോനേഷ്യ യു എ ഇ സിംഗപ്പൂർ എന്നീ മൂന്ന് രാജ്യങ്ങളിൽ 16 ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും കുടുംബവും കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. യാത്ര പോയ മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും എവിടെയൊക്കെയാണ് എത്തുന്നത് ആരെയൊക്കെയാണ് കാണുന്നത് എന്തൊക്കെ പരിപാടികളിൽ ആണ് പങ്കെടുക്കുന്നത് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കേന്ദ്ര സർക്കാരിന് കൈമാറുന്നതിനും ഉള്ള നിർദ്ദേശമാണ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് നൽകിയിരിക്കുന്നു. പന്ത്രണ്ടാം തീയതി വരെ ഇൻഡോനേഷ്യ 18 വരെ സിംഗപ്പൂർ 19 മുതൽ യുഎഇ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും യാത്ര നിശ്ചയിച്ചിരിക്കുന്നത് ഇതിനുമുമ്പ് 2023 ജൂൺ മാസത്തിലാണ് മുഖ്യമന്ത്രി അമേരിക്ക ക്യൂബ എന്നീ രാജ്യങ്ങളിൽ വിദേശപര്യടനം നടത്തിയത്.
മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ വിദേശയാത്രയാണ് നടത്തുന്നത് എങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാവിധത്തിലുള്ള നയതന്ത്ര പരിരക്ഷയും മുഖ്യമന്ത്രിക്കും കുടുംബത്തിനും ലഭിക്കുന്നുണ്ട് ഈ സാഹചര്യവും രഹസ്യ അന്വേഷണത്തിന് ഗുണം ചെയ്യും എന്ന വിലയിരുത്തലും കേന്ദ്രസർക്കാരിന് ഉണ്ട്.
കേരളം അടുത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള കടുത്ത വേനലിനെ നേരിടുകയും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അടക്കം രൂക്ഷമായ പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന അവസരത്തിൽ മുഖ്യമന്ത്രി കുടുംബസമേതം ടൂർ പോയതിൽ വ്യാപകമായി പരാതി ഉണ്ട്. ഇതിനുപുറമെയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമായ അവസരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ വിട്ടുനിൽക്കുകയും വിദേശയാത്ര നടത്തുകയും ചെയ്തത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സമീപകാലത്തായി ബിജെപി ക്കും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിൽ നിന്നും എതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായത് കേന്ദ്ര സർക്കാരിനെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിണറായി വിജയനോട് കേന്ദ്രസർക്കാരും ബിജെപിയും കാണിച്ചിരുന്ന അയഞ്ഞ നിലപാടുകൾ മാറ്റുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതിൻറെ കൂടെ ഭാഗമായി ആയിരിക്കണം കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ വഴി പിണറായി കുടുംബത്തിൻറെ യാത്രാവിവരങ്ങൾ ശേഖരിക്കാനും നിയമവിരുദ്ധമായും തെറ്റായും എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതിൻറെ പേരിൽ പിണറായിക്കെതിരെ നടപടിയെടുക്കാനുള്ള വഴി ഒരുക്കലും എന്ന് വേണം സംശയിക്കാൻ.