ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ള വ്യക്തികളുടെ ഒരു പ്രധാന സവിശേഷത അവരുടെ വായനാ ശീലമാണെന്ന് കാണാം.
ഇന്നത്തെ തിരക്കിനിടയിൽ വായിക്കാൻ സമയമില്ല എന്നാണ് പലരും പറയാറുള്ളത്.
ഈ ലോകത്തിൽ എല്ലാ മനുഷ്യർക്കും ഒരുപോലെ, തുല്യമായി ലഭിക്കുന്നത് ഒരു ദിവസം എന്ന 24 മണിക്കൂർ മാത്രമാണ്.
പതിവായി ഒരു നിശ്ചിത സമയം വായനയ്ക്കായി മാറ്റിവച്ചാൽ സംഭവിക്കുന്നത് അദ്ഭുതം തന്നെയായിരിക്കും.
കുട്ടികൾക്കും, മുതിർന്നവർക്കും, ഏത് പ്രായക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
നാം എന്തു ചെയ്യണം?
ഒരു ദിവസം കുറഞ്ഞത് 30 പേജ് വായിക്കാൻ കഴിഞ്ഞാൽ ശരാശരി 200 പേജുള്ള പുസ്തകം ഒരാഴ്ച കൊണ്ട് വായിച്ചു തീർക്കാം.
അപ്പോൾ ഒരു വർഷം 52 പുസ്തകം! ഇതിനു വേണ്ടി നാം കണ്ടെത്തേണ്ട സമയം 30 അല്ലെങ്കിൽ 45 മിനിറ്റ് മാത്രമാണ്.
ഇനി ഇതിന്റെ പകുതി സമയമേ വായനക്കായി മാറ്റിവയ്ക്കാൻ കഴിയൂ എങ്കിലോ?
അതായത് ഒരു ദിവസം 15 മുതൽ 23 മിനിറ്റ് വരെ. അപ്പോഴും ഒരു വർഷം 25 പുസ്തകം!
ഇത്രയും സമയം വായനയ്ക്കായി മാറ്റി വക്കാൻ ആർക്കാണ് കഴിയാത്തത്? താല്പര്യമുണ്ടെങ്കിൽ ആർക്കും കഴിയും.
വളരെ തിരക്കുള്ള, ബാങ്കിന്റെ മാനേജിങ് ഡയറക്ടറെപ്പോലെയുള്ളവരോട് വായനയുടെ കാര്യം ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു നിശ്ചിത സമയം, ജോലി സംബന്ധമായല്ലാത്ത വിഷയങ്ങൾ, വായിക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല എന്നാണെനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.
Self Help, Motivational, ജീവചരിത്രം, മറ്റു വിജ്ഞാന ശാഖകൾ, നോവൽ, കവിത…
നമുക്ക് താല്പര്യമുള്ള വിവിധ വിഭാഗത്തിൽ പ്പെട്ട പുസ്തകങ്ങൾ…ഒരു വർഷം 20-25 പുസ്തകങ്ങൾ വായിക്കാൻ നാം ചിലവഴിക്കേണ്ടത് ഒരു ദിവസം കേവലം അര മണിക്കൂർ മാത്രം.
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുണകരമായ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു അദ്ഭുതമാണ് ശരിയായ വായന. കുട്ടികളുടെ മുതൽ മുതൽ പ്രായ ഭേദമന്യേ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ വായനയ്ക്ക് കഴിയും.
വായന ശീലമാക്കുമ്പോൾ അറിവ് വർധിക്കുന്നതോടൊപ്പം, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് വർധിക്കുന്നു, കൂടുതൽ വാക്കുകൾ പഠിക്കാൻ കഴിയുന്നു, നന്നായി സംസാരിക്കാൻ കഴിയുന്നു, ജീവിത വീക്ഷണം, വ്യക്തിയുടെ കാഴ്ചപ്പാടുകൾ…മെച്ചപ്പെടുന്നു, സാസ്കാരികമായി ഉയരാൻ കഴിയുന്നു, നാമറിയാതെ തന്നെ ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.
ഈ അദ്ഭുതം സംഭവിക്കുന്നതിനു നമ്മൾ ചെയ്യേണ്ടത്….?
നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
ഒരു ദിവസം 30 മിനിറ്റെങ്കിലും വായനയ്ക്കായി മാറ്റി വയ്ക്കുക.
കുഞ്ഞുണ്ണി മഷിൻ്റെ വാക്കുകൾ എടുത്താൽ
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ
വളയും.