ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരി ആര് എന്ന് ചോദിച്ചാൽ ഇന്ദിരാഗാന്ധി എന്ന് തന്നെ പറയേണ്ടിവരും. നിരവധിയായ ജനക്ഷേമ പദ്ധതികൾ ധൈര്യത്തോടെ നടപ്പിൽ വരുത്തിയ ആളായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി. രാജാക്കന്മാർ അനധികൃതമായി നേടിയിരുന്ന പ്രിവി പേഴ്സ് നിർത്തലാക്കിയതും, രാജ്യത്തെ പ്രമുഖമായ 14 ബാങ്കുകൾ ദേശസാൽക്കരിച്ചത് ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വത്തിന്റെ തെളിവായിരുന്നു. എല്ലാത്തരത്തിലും തിളങ്ങി നിന്ന ആ ഭരണാധികാരിയുടെ തിളക്കം, എല്ലാം കെടുത്തിയത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടുകൂടി ആയിരുന്നു. ഒരു ജനാധിപത്യ രാജ്യം ജന്മം എടുത്ത് വളരെ വലിയ പുരോഗതിയിലേക്ക് നീങ്ങിക്കഴിഞ്ഞപ്പോൾ, ലോകം തന്നെ മാതൃകാപരമായ ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യ എന്ന് പറഞ്ഞിരുന്ന കാലത്ത്, ആ ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും തിരസ്കരിച്ചുകൊണ്ട് സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾ പോലും അറിയാതെ ഒരു അർദ്ധരാത്രിയിൽ രാജ്യത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയിലെ 352 (1) വകുപ്പു പ്രകാരംസമർപ്പിച്ച പ്രധാനമന്ത്രിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപന നിർദേശം അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒപ്പ് വച്ചതോടു കൂടി പ്രാബല്യത്തിൽ വരികയായിരുന്നു. 1975 ജൂൺ മാസം 25 ആം തീയതി ആയിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്. 21 മാസക്കാലം രാജ്യത്തെ അടിയന്തരാവസ്ഥ നിലനിന്നു ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം 50 ആം വർഷത്തിലേക്ക് രാജ്യം കടക്കുകയാണ്. ഇന്നും ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുമ്പോഴും നിലവിലുള്ള കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ചില തീരുമാനങ്ങളും നീക്കങ്ങളും ജനങ്ങളിൽ അടിയന്തരാവസ്ഥയുടെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ പത്തുവർഷക്കാലമായി രാജ്യത്ത് ഭരണം നടത്തുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സർക്കാർ ആണ്. ഈ സർക്കാർ നടപ്പിലാക്കുകയും നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുന്ന ചില കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ജനാധിപത്യം തകർന്നു എന്ന രീതിയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാര്യം മറച്ചുവെക്കേണ്ടതില്ല. ഭരണഘടന സ്ഥാപനങ്ങൾ ആയ പലതിനേയും സ്വന്തം വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാർ പലതരത്തിലുള്ള നീക്കങ്ങൾ നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കാര്യത്തിലും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും എല്ലാം അനാവശ്യമായ കടന്നുവയറ്റം നടത്താൻ നരേന്ദ്രമോദി സർക്കാർ ശ്രമിച്ചു എന്നത് തള്ളിക്കളയാൻ കഴിയില്ല.
എന്നാൽ ഈ തീരുമാനങ്ങളുടെ പേരിൽ ബിജെപി നേതൃത്വത്തെയും പ്രധാനമന്ത്രിയെയും ഒരു രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ മറ്റൊരു കാര്യം സൗകര്യപൂർവ്വം മറക്കുന്നുണ്ട്. ഏത് പൊതു വേദിയിലും ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെ പ്രസംഗം നടത്തുക പതിവായിരിക്കുന്നു. ഇത് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്വം എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ നിരന്തരം ഭരണഘടന ഉയർത്തിക്കാട്ടി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിക്കുമ്പോൾ സ്വന്തം മുത്തശ്ശി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഭരണഘടനയിലും അതിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളിലും എന്തെങ്കിലും വിലകൽപ്പിച്ചിരുന്നോ എന്ന കാര്യം രാഹുൽ ഗാന്ധി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
രാജ്യത്ത് ഏറ്റവും ശ്രദ്ധേയനായി ആ കാലത്ത് പൊതുപ്രവർത്തനത്തിൽ നിന്നിരുന്ന ജയപ്രകാശ് നാരായണൻ എന്ന ജനകീയ നേതാവ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് സമരത്തിന് ബഹുജനങ്ങളോട് ആഹ്വാനം ചെയ്തതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ള കാരണമായി ഇന്ദിരാഗാന്ധി കണ്ടെത്തിയത് യഥാർത്ഥത്തിൽ വളരെ അപൂർവമായി മാത്രം പ്രയോഗിക്കേണ്ട അടിയന്തരാവസ്ഥ അന്ന് ആവശ്യമായിരുന്നു എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അന്ന് സ്വന്തം മകനായ സഞ്ജയ് ഗാന്ധി നേതൃത്വം കൊടുത്ത ഒരു ഉപചാപക വൃന്തത്തിന്റെ പിടിയിൽ ആയിരുന്നു അവർ പറയുന്നത് മാത്രം കേൾക്കുകയും അതെല്ലാം വിശ്വസിക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ സർക്കാർ ഉദ്യോഗസ്ഥരും പോലീസും എല്ലാം അഴിഞ്ഞാടുകയായിരുന്നു. രാജ്യത്ത് എവിടെയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച എല്ലാ നേതാക്കളെയും ജയിലുകളിൽ അടച്ചു. പട്ടിണിപ്പാവങ്ങൾ തിങ്ങിപ്പാർത്ത ഡൽഹിയിലെ കോളനികൾ എല്ലാം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉത്തരേന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ആൾക്കാരെ നിർബന്ധപൂർവ്വം പിടിച്ചുനിർത്തി വന്ധ്യം കരണത്തിന് വിധേയമാക്കി കുടുംബാസൂത്രണം നടപ്പിലാക്കി.
ഇതൊക്കെ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നടപ്പിലാക്കിയ നീചമായ പ്രവർത്തികൾ ആയിരുന്നു. ഒന്നിനെയും ചോദ്യം ചെയ്യാൻ ആർക്കും കഴിയാത്ത ഭീകരമായ സ്ഥിതിയായിരുന്നു രാജ്യത്ത് നിലനിന്നത്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും നീതിപീഠങ്ങളെയും കേന്ദ്ര ഏജൻസികളെയും വരുതിയിൽ നിർത്തിക്കൊണ്ട് തോന്നുന്നതെല്ലാം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടമായി ഇന്ദിരാഗാന്ധി നിലനിന്നു ദേശീയതലത്തിൽ പ്രമുഖരായിരുന്ന പല രാഷ്ട്രീയ നേതാക്കളും ജയിലിനകത്ത് കഴിയുകയായിരുന്നു.
21 മാസക്കാലം നീണ്ട അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലം അനുഭവിച്ചറിഞ്ഞ നേതാക്കൾ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ട്. ഒരു കോൺഗ്രസ് സർക്കാർ ഒരിക്കലും ചെയ്തുകൂടാത്ത ഏകാധിപത്യ ഭരണത്തെയാണ് ഇന്ദിരാ ഗാന്ധി അന്ന് നയിച്ചത്. എന്നാൽ 21 മാസത്തിനു ശേഷം പൊതു തെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാ ദുരിതങ്ങളും അനുഭവിച്ച ഇന്ത്യയിലെ ജനങ്ങൾ ഇന്ന്രാ ഗാന്ധി എന്ന ഉരുക്കു വനിതയെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച് വീട്ടിൽ ഇരുത്തുന്ന സ്ഥിതിയുണ്ടായി വീട്ടിൽ മാത്രമല്ല കോടതി ഉത്തരവുപ്രകാരം ഇന്ദിരാഗാന്ധിക്ക് ജയിലിൽ കഴിയേണ്ട സ്ഥിതിയും വന്നു.
ബിജെപി നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോദിയുടെ മൂന്നാം സർക്കാർ പുതിയതായി അധികാരത്തിൽ വന്നിരിക്കുകയാണ് ഈ അവസരത്തിലാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം എത്തുന്നത്. പാർലമെൻ്ററിന് അകത്തും പുറത്തും നരേന്ദ്രമോദിയുടെ ഏകാധിപത്യ ഭരണം എന്ന മുറവിളി കൂട്ടുന്ന കോൺഗ്രസ് നേതാക്കളും മറ്റ് പ്രതിപക്ഷനേതാക്കളും ഒരിക്കൽ ഇന്ത്യൻ ജനത ദുരിതം അനുഭവിച്ച അടിയന്തരാവസ്ഥയുടെ നാളുകളെ മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭീകര സ്ഥിതി ഇന്ന് രാജ്യത്ത് എന്തായാലും ഇല്ല മോദി സർക്കാരിൻറെ ഏകാധിപത്യ നീക്കങ്ങൾ ചെറുക്കപ്പടേണ്ടത് തന്നെയാണ്. എന്നാൽ മോദിക്കെതിരെ ക്രൂരമായ രാഷ്ട്രീയ അമ്പുകൾ എയ്യുന്ന രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ 1975 ജൂൺ 25 മുതൽ നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥയുടെ നാളുകളിൽ ജനങ്ങൾ കഴിഞ്ഞിരുന്നത് എങ്ങനെയായിരുന്നു എന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും.