കേരള ബാങ്കിൻറെ കഴുത്ത് ഞെരിച്ച് റിസർവ് ബാങ്ക്

കോടികളുടെ വായ്പ തട്ടിപ്പ് ഇനി നടക്കില്ല

 

കേരളത്തിൽ സഹകരണ മേഖലയിലും ബാങ്കിംഗ് മേഖലയിലും വലിയ കുതിച്ചുകയറ്റം നേടിയ ജില്ലാ സഹകരണ ബാങ്കുകളെയും അതിൻറെ ബ്രാഞ്ചുകളെയും വേഷം മാറ്റി പുതിയ രൂപത്തിൽ ആക്കി അവതരിപ്പിച്ച ഇടതുപക്ഷ സർക്കാരിൻറെ തീരുമാനങ്ങളിൽ റിസർവ് ബാങ്ക് ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ സഹകരണ ബാങ്കുകളും, അതിൻറെ ബ്രാഞ്ചുകളും ആയി പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ബാങ്കുകളെ ഏകീകരിക്കാനും ഒരുമിപ്പിക്കാനും തീരുമാനിച്ചു കൊണ്ടാണ് ഈ ബാങ്കുകളെയെല്ലാം കേരള ബാങ്ക് എന്ന പുനർ നാമകരണം ചെയ്തു സർക്കാർ തീരുമാനം എടുത്തത്. ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ചില ജില്ലാ സഹകരണ ബാങ്ക് പ്രതിഷേധവുമായി രംഗത്തുവരികയും കോടതി കയറുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. സംസ്ഥാന സഹകരണ ബാങ്കിൻറെ കീഴിൽ കേരള ബാങ്കുകൾ തുടർന്ന് പ്രവർത്തിക്കുന്ന സ്ഥിതി വരികയാണ് ചെയ്തത്.

കേരള ബാങ്ക് ആയി മാറിയ ബാങ്കുകളുടെ പ്രവർത്തനങ്ങൾ പഠിച്ച റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഏജൻസിയായി നിയോഗിച്ചിട്ടുള്ളത് നബാർഡിനെ ആണ്. നബാർഡ് കേരള ബാങ്കിൻറെ കാര്യങ്ങളിൽ നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും ബാങ്കിൽ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നുവരുന്നതായി കണ്ടെത്തുന്നതായിരുന്നു. ഈ പഠനങ്ങൾക്ക് ശേഷം നബാർഡ് റിസർവ്വ ബാങ്കിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള ബാങ്കിന് സി ക്ലാസിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. വിലകുറഞ്ഞ തരിശുഭൂമികളും പാറക്കെട്ടുകളും ഒക്കെ ഈടായി വാങ്ങിക്കൊണ്ട് ചില പ്രത്യേക താൽപര്യങ്ങൾ ഉള്ള ആളുകൾക്ക് കോടിക്കണക്കിന് രൂപയുടെ വായ്പകൾ കേരള ബാങ്ക് നൽകിവന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരള ബാങ്കിന് സി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയതിന് മുഖ്യ കാരണം ഈ കണ്ടെത്തലാണ്. ഇതിന് പുറമേ സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങൾക്കും കേരള ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പ അനുവദിക്കുകയും, അതെല്ലാം തിരിച്ചടവില്ലാതെ കിട്ടാക്കടമായി നിലനിൽക്കുകയും ആണ്. ബാങ്കിൻറെ നിഷ്ക്രിയ ആസ്തി 7 ശതമാനത്തിന് താഴെയായിരിക്കണം എന്ന വ്യവസ്ഥയും കേരള ബാങ്ക് ലംഘിച്ചിട്ടുണ്ട്. നിലവിൽ ബാങ്കിൻറെ നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് മുകളിൽ ആണ്. അതുപോലെതന്നെ സ്വർണ്ണ വായ്പയുടെ കാര്യത്തിൽ റിസർവ് ബാങ്കിൻറെ നിർദ്ദേശം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിനും മേൽ തുകയ്ക്കുള്ള സ്വർണ്ണ വായ്പ തിരിച്ചെടുക്കുന്നതിന്, ഒറ്റ അടവിൽ രണ്ടു ലക്ഷത്തിന് സാധ്യത ഇല്ലാത്ത നിയമം ബാങ്കു ലംഘിച്ചിരിക്കുകയാണ്. ബാങ്കുകളുടെ വരുമാനം, ആസ്തി അതുപോലെതന്നെ ബാധ്യതകൾ തുടങ്ങിയവ പരിശോധിച്ചു അതിന്മേൽ മാർക്കിട്ടുകൊണ്ടാണ് ബാങ്കിൻറെ റാങ്കിംഗ് റിസർവ് ബാങ്ക് തീരുമാനിക്കുന്നത്.

കേരള ബാങ്കിൻറെ ഭരണസമിതിയുടെ പ്രവർത്തനങ്ങളിലും നബാർഡ് കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതികളിൽ രാഷ്ട്രീയക്കാരുടെ നോമിനുകൾക്ക് ഒപ്പം പ്രൊഫഷണലുകളെ നോമിനേറ്റ് ചെയ്യണം എന്ന കാര്യത്തിൽ ബാങ്ക് നിയമം ലംഘിച്ചിരിക്കുന്നതായും നബാർഡ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും സർക്കാർ ബാങ്കിംഗ് സ്ഥാപനങ്ങളും കൈപ്പിടിയിൽ ഒതുക്കുന്നതിന് സിപിഎം എന്ന പാർട്ടി എല്ലാ കാലത്തും പ്രത്യേക താല്പര്യം എടുത്തിട്ടുള്ളതാണ്. വലിയ സാമ്പത്തിക അടിത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ സ്ഥിരമായി ഭരണം പാർട്ടി അനുഭാവികളുടെ കൈകളിൽ നിലനിർത്തുന്നതിനുള്ള നീക്കങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ സാമ്പത്തിക തിരുമറികളുടെയും അനധികൃത വായ്പകളുടെയും പേരിൽ കേസുകളിൽ പെട്ടിരിക്കുന്ന കരുവന്നൂർ ബാങ്ക് അടക്കം സിപിഎമ്മിന്റെ അധീനതയിലുള്ള നിരവധി ബാങ്കുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണ്.

കേരള ബാങ്കിൽ നിന്നും വ്യക്തിഗത വായ്‌പകൾ മേലിൽ 25 ലക്ഷം രൂപയിൽ കവിഞ്ഞ് അനുവദിക്കാൻ പാടില്ല എന്ന നിയന്ത്രണമാണ് റിസർവ് ബാങ്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ നിർദ്ദേശം കേരള ബാങ്കിൻറെ പ്രവർത്തനങ്ങളിൽ വലിയ തിരിച്ചടി ഉണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. കേരള ബാങ്കിൻറെ ശാഖകൾ വഴിയുള്ള വായ്പ വിതരണത്തിൽ, 80 ശതമാനത്തോളം വ്യക്തിഗത വായ്പകൾ ആണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ 25 ലക്ഷത്തിൽ അധികം വരുന്ന വായ്പകൾ തിരിച്ചുപിടിക്കുന്നതിന് ഈ ബാങ്കുകൾ വല്ലാതെ വിഷമിക്കും. റിസർവ് ബാങ്കിൻറെ നിർദ്ദേശം അനുസരിച്ച് 25 ലക്ഷത്തിൽ അധികം വരുന്ന തുക വായ്പയായി നൽകിയിട്ടുണ്ടെങ്കിൽ, അതെല്ലാം നിശ്ചിത സമയപരിധിക്കുള്ളിൽ തവണകളായി തിരിച്ചുപിടിക്കേണ്ടതായി വരും.

സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും സിപിഎം പ്രവർത്തകരും നേതാക്കളും വലിയ തോതിൽ സംരംഭങ്ങൾക്ക് വേണ്ടി വായ്പ എടുത്ത വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിൽ തന്നെ സിപിഎമ്മിന്റെ നൂറോളം നേതാക്കൾ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും ആയിരം കോടിയോളം രൂപയുടെ വായ്പ എടുത്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇടതമുന്നണി കൺവീനറായ ഇ പി ജയരാജൻ അമ്യൂസ്മെൻറ് പാർക്കും റിസോർട്ടും പണിയുന്നതിനുവേണ്ടി കോടി കണക്കിന് രൂപയുടെ വായ്പ എടുത്ത വിവരം വാർത്തകളിൽ വന്നിരുന്നതാണ്. എല്ലാ ജില്ലകളിലും ഇതുപോലെ തന്നെ കേരള ബാങ്ക് അടക്കമുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സിപിഎം നേതാക്കളും പ്രവർത്തകരും വായ്പ എടുക്കൽ നടത്തിയിട്ടുണ്ട്.

മറ്റു പേരുകളിൽ പ്രവർത്തിച്ചിരുന്ന ജില്ലാതലത്തിലുള്ള ബാങ്കുകളെ എല്ലാം നിരോധിച്ചുകൊണ്ട് പുതിയ കേരള ബാങ്ക് രൂപീകരിച്ച ശേഷം മുഖ്യമന്ത്രിയടക്കം എല്ലാവരും പറഞ്ഞിരുന്നത് കേരള ബാങ്ക് വലിയ വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിക്കുന്നു എന്നാണ്. എന്നാൽ ഈ പ്രസ്താവനകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് തെളിയിക്കുന്നതാണ് കേരള ബാങ്കിന് സി ക്ലാസ് ബാങ്ക് ആയി റിസർവ് ബാങ്ക് തരംതാഴ്ത്തിയതിലൂടെ പുറത്തുവന്നിരിക്കുന്നത്.