തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തില്‍ ഗവർണർക്ക് പരാതി നല്കി മാതാപിതാക്കള്‍. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്ന ആവശ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയായിരുന്നു പരാതി നല്‍കിയത്.
പരാതിയിൽ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. വി.സിക്ക് പരാതി അയക്കുമെന്ന് രാജ്ഭവനും പ്രതികരിച്ചു.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട മൂന്ന് പ്രതികള്‍ ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് മാതാപിതാക്കള്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പരാതി നൽകിയത്. പരീക്ഷകള്‍ എഴുതിയത് എല്ലാ തരത്തിലുമുള്ള ചട്ടങ്ങള്‍ മറികടന്നാണെന്നാണ് ഗവർണർക്ക് നല്കിയ പരാതിയില്‍ പറയുന്നത്.