അയ്യങ്കാളിയായി മമ്മൂട്ടിയെത്തുന്നു

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചർച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി.

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചർച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി.

ചരിത്രപുരുഷൻ മഹാത്മാ അയ്യങ്കാളിയായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവൻ’ സംവിധാനം ചെയ്യുന്നത് യുവ സംവിധായകൻ അരുണ്‍രാജ് ആണ്. നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഡ്രീം ലാന്റ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിർമ്മിക്കുന്നത്.

‘കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച്‌ യാതൊരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചർച്ചകളോട് എനിക്ക് താല്പര്യമില്ല. ഈ ചിത്രം സംബന്ധിച്ച്‌ എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചർച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ കൈയ്യേറ്റങ്ങള്‍ വരെ ഉണ്ടായി. പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോള്‍ പ്രതികരിക്കാൻ താല്പര്യമേ ഇല്ല. ‘കതിരവൻ’ ഒരുക്കുന്ന തിരക്കിലാണ്. ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്റെ വർക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചർച്ചകള്‍ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാൻ ചർച്ചകള്‍ക്കൊന്നും തയ്യാറാവാത്തത്’ – അരുണ്‍രാജ് പറഞ്ഞു.