ലോറിയില്‍ നാരങ്ങ കൊണ്ടുപോയ യുവാക്കള്‍ക്ക് നേരെ പശുക്കടത്ത് ആരോപിച്ച്‌ ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനം

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ക്രൂരമായി മർദിച്ചു.

ജയ്പുർ: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ക്രൂരമായി മർദിച്ചു.

ഞായറാഴ്ച രാത്രി ചുരു ജില്ലയിലെ സദല്‍പുരിലാണ് സംഭവം. സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നി ഹരിയാന സ്വദേശികളായവർക്കാണ് മർദനമേറ്റത്.

ജയ്പുരില്‍നിന്ന് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് ലോറിയില്‍ നാരങ്ങ കൊണ്ടുപോവുകയായിരുന്നവരെയാണ് ഒരു കൂട്ടം ആലുക്കൽ ആക്രമിച്ചത്. ഇവർ ബൈക്കിലും ജീപ്പിലും പിന്തുടരുന്നു വരുകയും, ലോറി ലസേരി ഗ്രാമത്തിലെ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ വടി കൊണ്ട് വാഹനത്തെ അടിക്കുകയുമാണ് ഉണ്ടായത്.

ശേഷം വാഹനത്തില്‍നിന്ന് ഇവരെ പുറത്തിറക്കി മർദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറയുന്നുണ്ടായിരുന്നു. എങ്കിലും അത് ആൾകൂട്ടം ചെവികൊടുത്തില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു.

സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇരുവരെയും നിലത്തിട്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ തലയില്‍ ചവിട്ടുകയും മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു.

കഴിഞ്ഞമാസം ഛത്തീസ്ഗഢില്‍ പോത്തുകളെ കൊണ്ടുപോകുന്നതിനിടെ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച്‌ കൊന്നിരുന്നു.