നല്ല മനസ്സുള്ള ഉദ്യോഗസ്ഥരെ തളർത്തരുത്

സമൂഹമാധ്യമ വെറിയന്മാരെ നിലയ്ക്കു നിർത്തണം

 

ഒരു സിനിമയിൽ മോഹൻലാൽ പറയുന്ന പ്രചാരം നേടിയ ഒരു ഡയലോഗ് ഉണ്ട്. അതിങ്ങനെയാണ് – ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ – ഈ ഡയലോഗ് മലയാളികളായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തികളുടെ സത്യസന്ധമായ വിലയിരുത്തൽ ആയിരുന്നു. കേരളത്തിലെ സർക്കാർ ജീവനക്കാരും അർദ്ധസർക്കാർ ജീവനക്കാരും ഒക്കെ കൃത്യമായി ഒരിക്കലും ജോലി ചെയ്യാറില്ല എന്നത് പരസ്യമായ കാര്യമാണ്. ഇതൊക്കെയാണെങ്കിലും, സർക്കാർ സർവീസിൽ കയറിയ നല്ലൊരു വിഭാഗം ഉദ്യോഗസ്ഥർ ജോലിയോട് കൂറുപുലർത്തുകയും, ജനസേവനത്തിന്റെ താൽപര്യം കാണിക്കുകയും ചെയ്യുന്നവരായി ഉണ്ട്. ഈ മാനസികാവസ്ഥ ഉള്ള കുറച്ചു ജീവനക്കാർ നിയമവും ചട്ടവും നോക്കാതെ അവധി ദിവസത്തിൽ ജോലി ചെയ്യാൻ തയ്യാറായതിന്റെ പേരിൽ അവരിപ്പോൾമേലുദ്യോഗസ്ഥന്റെ കാരണം കാണിക്കൽ നോട്ടീസ് മേടിച്ചിരിക്കുകയാണ്;

സംഭവം നടന്നത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പൽ ഓഫീസിൽ ആണ്. ഈ ഓഫീസിൽ നാട്ടുകാർ സമർപ്പിച്ച പരാതികൾ അടങ്ങുന്ന ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നത് പരിഹരിക്കാൻ ഓഫീസിൽ ജീവനക്കാർ കൂട്ടായി ഒരു തീരുമാനം എടുത്തു. ഞായറാഴ്ച അവധി ദിവസത്തിൽ കൂടി ഓഫീസിൽ എത്തി ജോലി ചെയ്തു ഫയലുകൾ തീർപ്പാക്കാൻ ആയിരുന്നു മുനിസിപ്പല്‍ ജീവനക്കാരുടെ തീരുമാനം. ഇതുപ്രകാരം ഓഫീസിലെ ബന്ധപ്പെട്ട ജീവനക്കാർ രാവിലെ തന്നെ ഓഫീസിൽ എത്തി വൈകിട്ട് അഞ്ചുമണിവരെ ജോലി ചെയ്തു ഫയലുകളിൽ തീരുമാനം എടുത്തു. ഇനിയാണ് സംഭവകഥ തുടങ്ങുന്നത്.

ജോലി പൂർത്തീകരിച്ച ശേഷം എല്ലാരും കൂടി മറ്റൊരു തീരുമാനം എടുത്തു. ജോലിയിൽ ഏർപ്പെട്ട വനിതകളും പുരുഷന്മാരുമായ ഉദ്യോഗസ്ഥർ ചേർന്ന് ഒരു റീൽ ഷൂട്ട് ചെയ്യാൻ ആണ് തീരുമാനിച്ചത്. ഇത് പ്രകാരം പ്രചാരം നേടിയ മലയാള ചലച്ചിത്ര ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ ആസ്വാദ്യകരവും, മാന്യവുമായ ഒരു റീൽ ഷൂട്ട് ചെയ്തു. ഷൂട്ട് ചെയ്ത തയ്യാറാക്കിയ റീൽ ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. സംഭവം ഇതോടെ വൈറലായി.

ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന റീൽ പ്രചാരത്തിൽ എത്തിയതോടുകൂടി കമൻറ് ബോക്സിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എന്തോ വലിയ അപരാധം ചെയ്തു എന്ന രീതിയിൽ മുനിസിപ്പൽ സെക്രട്ടറി റീലിൽ പങ്കെടുത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. മൂന്നു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ മേൽ നടപടി ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഏതായാലും ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചതോടു കൂടി ജില്ലാ കളക്ടർ എൻ. പ്രശാന്ത് ഫേസ്ബുക്കിലൂടെ ഒരു വിശദീകരണത്തിന് രംഗത്ത് വന്നു. വളരെ പ്രശംസ അർഹമായ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ജില്ലാ കളക്ടർ പുറത്തുവിട്ടത്.

വിവാദം ഉണ്ടാക്കിയ ജീവനക്കാർ പങ്കെടുത്ത റീൽ കണ്ടുവെന്നും, ഇതിൽ നിയമലംഘനമോ അതല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന നിലയിൽ അച്ചടക്ക ലംഘനമോ, അതുമല്ലെങ്കിൽ ആശാസ്യം അല്ലാത്തതോ ആയ ഒന്നും ഇല്ല എന്നും ചട്ടങ്ങൾക്കും നിയമങ്ങൾക്കും അപ്പുറം കടന്ന് ഒരു സംഘം ജീവനക്കാർ തങ്ങളുടെ ഉത്തരവാദിത്വം പൂർത്തീകരിക്കാൻ നല്ല മനസ്സ് കാണിച്ചപ്പോൾ അതിനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടതിനു പകരം അനാവശ്യ വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ ആൾക്കാർ എത്തുന്നത് മലയാളിയുടെ അസൂയ കുശുമ്പ് പുച്ഛം എന്നീ സ്വഭാവ ഗുണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ ഭാഗമാണ് എന്നും കളക്ടർ അഭിപ്രായപ്പെട്ടു.

എന്തു തെറ്റും ശരിയും ഉണ്ടായാലും ശരി ഇവിടെ സേവന സന്നദ്ധരായി രംഗത്ത് വന്ന സർക്കാർ ജീവനക്കാരുടെ അസാധാരണമായ അനുഭവമാണ് റീൽ വഴി കേരളത്തിലെ ജനങ്ങൾ കണ്ടത്. നിയമത്തിന്റെ കുരുക്കുകൾ തപ്പിപ്പിടിച്ച് പൊതുജനങ്ങളെ എങ്ങനെയൊക്കെ വലയ്ക്കാമോ അതെല്ലാം ഒരു മടിയുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന സർക്കാർ ജീവനക്കാരുടെ സ്ഥിരം സ്വഭാവങ്ങൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, അവധി ദിവസത്തിൽ പോലും ജോലി ചെയ്ത പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നല്ല മനസ്സ് കാണിച്ച തിരുവല്ല മുനിസിപ്പാലിറ്റിയിലെ ജീവനക്കാർക്കെതിരെ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളുടെ ചുവടുപിടിച്ച് സെക്രട്ടറി നടപടി എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. മാത്രവുമല്ല, ഇത്തരം അനുഭവങ്ങൾ തുടർന്നും ഉണ്ടായാൽ ചട്ടങ്ങളെയെല്ലാം മാറ്റിവച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകുന്ന നല്ല മനസ്സുള്ള ജീവനക്കാരുടെ മനസ്സ് തളർത്താൻ മാത്രമാണ് ഉപകരിക്കുക എന്ന കാര്യം വിനയപൂർവ്വം അറിയിക്കുകയാണ്.