കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന പി എസ് സി ഭരിക്കുന്നതിന് ഉള്ള സമിതിയിലേക്ക് കയറിപ്പറ്റാൻ വൻ തുകയുമായി രാഷ്ട്രീയപ്പാർട്ടിൽ നേതാക്കളുടെ പിറകെ നടക്കുന്ന വില്ലന്മാരുടെ കഥകൾ നാട്ടിൽ പാട്ടായിട്ട് കാലം കുറെയായി. പി എസ് സി അംഗത്വം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഒരു സിപിഎം നേതാവ് 60 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു 22 ലക്ഷം അഡ്വാൻസായി കൈപ്പറ്റിയത് ഇപ്പോൾ വലിയ ചർച്ചയായി, നിയമസഭയിൽ വരെ എത്തിയിരിക്കുകയാണ്. നിയമസഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പി എസ് സി യെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ ആണ് എന്നായിരുന്നു. ഇതൊന്നും അല്ല വാസ്തവം എന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. ഭരണത്തിൻറെ ചുക്കാൻ പിടിക്കുന്ന സിപിഎം മാത്രമല്ല ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്കുകൂടി പി എസ് സി അംഗത്വം വീതിച്ചു നൽകുന്നുണ്ട് വീതം കിട്ടുന്ന എല്ലാ പാർട്ടിക്കാരും 50 ലക്ഷം എന്ന ഏകദേശം കണക്കിൽ ലേലം വിളിച്ച് കച്ചവടം ഉറപ്പിക്കുന്ന ഏർപ്പാട് ഇവിടെ സ്ഥിരമായി നടന്നുവരുന്നതാണ്. സിപിഎമ്മിലെയും മറ്റു ഘടകകക്ഷികളിലെയും നേതാക്കന്മാർ വമ്പൻ തട്ടിപ്പിന് അവസരം ഒരുക്കുന്നത് ഈ പറയുന്ന പി എസ് സി അംഗത്വ കച്ചവടത്തിലൂടെ ആണ്.
സിപിഎമ്മിന്റെ കോഴിക്കോട് ഉള്ള നേതാവ് മന്ത്രിയായ മുഹമ്മദ് റിയാസ് വഴി കാര്യങ്ങൾ ശരിയാക്കാം എന്ന് ഉറപ്പു പറഞ്ഞുകൊണ്ടാണ് പി എസ് സി അംഗത്വത്തിനായി 60 ലക്ഷം രൂപ ഡോക്ടർ ദമ്പതിമാരോട് കരാർ ഉറപ്പിച്ചത് മന്ത്രിയുടെ അയൽക്കാരൻ കൂടിയാണ് ഈ കോഴപ്പണം കൈപ്പറ്റുന്നതിനുള്ള നീക്കങ്ങൾ നടത്തിയത് ഇവിടെ പുറത്തുവരുന്ന മറ്റൊരു സത്യം കൂടിയുണ്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ മകളും കോഴപ്പണത്തിന്റെയും മാസപ്പടിയുടെയും കുടുക്കിൽ കിടക്കുകയാണ്. മകൾ നടത്തിയ മാസപ്പടി ഏർപ്പാടിൽ എന്താണ് സംഭവിച്ചത് എന്നോ അല്ലെങ്കിൽ സത്യത്തിൽ എന്താണ് യാഥാർത്ഥ്യം എന്നോ ഇതുവരെ മുഖ്യമന്ത്രി തുറന്നു പറഞ്ഞിട്ടില്ല അപ്പോൾ പിന്നെ മറ്റു നേതാക്കളും ഇതേ പാതയിൽ നടന്നാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആശാന് ഒന്ന് പിഴച്ചാൽ ശിഷ്യന്മാർക്ക് ഒൻപത് പിഴയ്ക്കും എന്ന പഴഞ്ചൊല്ല് ഇവിടെ യാഥാർത്ഥ്യമാവുകയാണ്.
കുറച്ചുനാൾ മുമ്പ് കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മറ്റൊരു പി എസ് സി അംഗക്കച്ചവടം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സർക്കാരിലെ ഒരു ഘടകകക്ഷിയായ എൻ സി പി എന്ന പാർട്ടിക്ക് ലഭിച്ച പി എസ് സി അംഗത്വം തിരുവനന്തപുരം സ്വദേശിക്ക് ഒപ്പിച്ചു കൊടുത്തപ്പോൾ പാർട്ടി നേതാവ് കൈപ്പറ്റിയ തുക 50 ലക്ഷം ആയിരുന്നു. ഈ ഏർപ്പാടിലെ മറ്റൊരു രസകരമായ കഥ വേറെയുണ്ട്. പി എസ് സി അംഗത്വം ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് മറ്റൊരു എൻസിപി നേതാവ് ഒരാളിൽ നിന്നും 25 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി. ഈ ഏർപ്പാട് നടത്തിയ നേതാവിനെക്കാൾ വലിയ നേതാവ് തിരുവനന്തപുരം സ്വദേശിക്ക് അംഗത്വം വാങ്ങി കൊടുത്തു ഇതോടുകൂടി 25 ലക്ഷം അഡ്വാൻസ് വാങ്ങിയ നേതാവ് അവതാളത്തിൽ ആയി ഒടുവിൽ 25 ലക്ഷം രൂപ തവണകളായി തിരിച്ചു നൽകി എന്ന കാര്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല ഇടതുപക്ഷ മുന്നണിയിലെ പി എസ് സി അംഗത്വം ലഭിച്ച മറ്റു ചെറു പാർട്ടികളുടെ നേതാക്കളും കച്ചവടം തന്നെ നടത്തി, കേരള കോൺഗ്രസ് മാണിക്കാരും ഈ ലേലം വിളി നടത്തി കച്ചവടം ഉറപ്പിച്ചു എന്നാണ് അറിയുന്നത്. അംഗത്വം ലഭിച്ച മറ്റു പാർട്ടിക്കാരും ഇതുതന്നെയാണ് നടത്തിയത്. ഏതായാലും പാർട്ടിക്കാരുടെ പി എസ് സി അംഗത്വ കച്ചവടത്തിൽ നിന്നും പുറത്തുവരുന്ന മറ്റൊരു കാര്യം ലേല തുകയിലെ ഏകദേശം തുല്യതയാണ് എല്ലാ പാർട്ടിക്കാരും പി എസ് സി അംഗത്വത്തിനുള്ളകോഴ തുക 50 ലക്ഷം ആയി ഉറപ്പിച്ചിരിക്കുകയാണ്. അതായത് അംഗത്വത്തിനുള്ള ന്യായവില 50 ലക്ഷം ആയി നിശ്ചയിച്ചിരിക്കുന്നു എന്ന് അർത്ഥം ഭാവിയിൽ ഈ ലേലം വിളിയിൽ 50 ലക്ഷത്തെ മറികടന്ന് വാഗ്ദാനം ചെയ്താൽ അതും നടക്കുവാനാണ് സാധ്യത ഏത് കച്ചവടത്തിലും വലിയ തുകയ്ക്ക് ആണല്ലോ പ്രാധാന്യം.
ഇപ്പോൾ പി എസ് സി അംഗത്വ കോഴ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുമ്പോൾ ജനം അറിയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. എന്താണ് ഇത്രയും വലിയ തുക കോഴയായി നൽകി ഈ പദവി വാങ്ങുവാൻ കള്ള കാശുള്ള ആൾക്കാർ ഓടിനടക്കുന്നത്. ഇത് പരിശോധിക്കുമ്പോഴാണ് ഇവിടെ നടക്കുന്ന തട്ടിപ്പുകളുടെ മറ്റൊരു കഥ കൂടി പുറത്തുവരിക.
ഒരു പി എസ് സി അംഗത്തിന്റെ പ്രതിമാസ ശമ്പളം നാലു ലക്ഷത്തോളം രൂപയാണ്. നേരത്തെ ഇത് രണ്ടേകാൽ ലക്ഷം ആയിരുന്നു പി എസ് സി യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ ശമ്പള വർദ്ധന നടപ്പിലാക്കിയപ്പോഴാണ് നാലു ലക്ഷത്തോളം ആയി ഉയർന്നത് ഒരു അംഗത്തിന്റെ പ്രവർത്തന കാലാവധി ആറു വർഷമാണ്. എന്ന് പറഞ്ഞാൽ 72 മാസക്കാലം അംഗമായി തുടരാം ഈ കാലാവധിക്കുള്ളിൽ മൂന്ന് കോടിയോളം രൂപ ശമ്പളമായി ലഭിക്കും. ഇതുകൊണ്ടും തീർന്നില്ല ആറു വർഷക്കാലത്തെ സേവനത്തിനുശേഷം പിരിയുന്ന പി എസ് സി അംഗത്തിന് മരണംവരെ പെൻഷൻ ലഭിക്കും. ഈ പെൻഷൻ തുക പോലും രണ്ടു ലക്ഷത്തോളം രൂപയാണ്. ഇതൊക്കെ പരിശോധിക്കുമ്പോൾ ശർക്കരകുടമാണ് പി എസ് സി അംഗത്വം എന്നത് ആ കൂടത്തിൽ കയ്യിടാൻ കാശുള്ളവൻ കോഴ നൽകി ശ്രമം നടത്തിയാൽ അതിനെ കുറ്റം പറയേണ്ട കാര്യം ഇല്ലല്ലോ.
സംസ്ഥാനത്തുള്ള വിദ്യ സമ്പന്നരായ ചെറുപ്പക്കാർക്ക് വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ഉണ്ടാക്കി കൊടുക്കുന്ന പരിപാടിയാണ് പി എസ് സി നടത്തിക്കൊണ്ടിരിക്കുന്നത് ഒരു വർഷം ശരാശരി 5000 ത്തിൽ താഴെ നിയമനം നടത്താൻ ഉള്ള ഒരു സംവിധാനത്തിനാണ് പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും കോടിക്കണക്കിന് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ സിപിഎം എന്ന പാർട്ടി യഥാർത്ഥത്തിൽ കമ്മീഷൻ പാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. പി എസ് സി കോഴ മാത്രമല്ല എത്രയോ സാമ്പത്തിക തട്ടിപ്പുകളുടെ കഥകളാണ് സിപിഎമ്മിന്റെ നേതാക്കളുമായി ബന്ധപ്പെട്ട പുറത്തുവരുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൾ തുടങ്ങി നേതാക്കൾ വരെ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ കഥകൾക്ക് അവസാനമില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന കേൾക്കുമ്പോൾ സാധാരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം എന്നാണ് മനസ്സിൽ തെളിയുക. പക്ഷേ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സമ്പന്നതയുടെയും ആഡംബര ജീവിതത്തിന്റെയും വലയിൽ വീണിരിക്കുന്നു എന്നതാണ് വാസ്തവം. അഴിമതി മാത്രമല്ല അക്രമവും സ്ത്രീപീഡനവും കൊള്ളയും ഒക്കെ വാർത്തകളായി പുറത്തുവരുമ്പോൾ ഇതിലെല്ലാം പ്രതികളായി മുന്നിൽ വരുന്നത് സിപിഎമ്മിന്റെ നേതാക്കളും അനുയായികളും ആണ് എന്ന കാര്യം തള്ളിക്കളയേണ്ടതില്ല.