തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 42 മണിക്കൂർ ലിഫ്റ്റില്‍ കുടുങ്ങി രോഗി. ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിക്ക് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.
നാല് ലിഫ്റ്റുകളാണ് മെഡില്‍ക്കല്‍ കോളേജ് ഒ.പിയില്‍ ഉള്ളത്. ഒരു ലിഫ്റ്റ് തകരാറായിരുന്നു. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. തകരാറിലായ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ കയറിയത്. അതെ തുടർന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിയത്.
രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടിയതിനാൽ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല.
ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് പോയതിനെ തുടർന്ന് ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
രവീന്ദ്രനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയില്‍ പരാതി നല്കി. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്. രവീന്ദ്രനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.