ചന്ദ്രനില്‍ സവിശേഷ ഗുഹ കണ്ടെത്തി; കോസ്മിക് വികിരണങ്ങള്‍ ഏല്‍ക്കാത്ത സ്ഥലമെന്ന് ഗവേഷകര്‍
ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഒരു ഗുഹ കണ്ടെത്തി. ഇത് ഭാവിയില്‍ മനുഷ്യര്‍ക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്തിന് സമീപമാണ് ഈ ഗുഹയുള്ളത്. 55 വര്‍ഷം മുൻപ് നീല്‍ ആംസ്‌ട്രോങ് ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മൈല്‍ (400 കിലോമീറ്റര്‍) അകലെയാണ് ഇത്. നേച്ചര്‍ അസ്‌ട്രോണമി ജേര്‍ണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.
ചന്ദ്രനില്‍ സ്ഥിരമായ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്പോസ്റ്റുകള്‍ തുടങ്ങാനുള്ള താല്‍പ്പര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കോസ്മിക് വികിരണങ്ങള്‍ ഏല്‍ക്കാത്ത പരിതസ്ഥിതിയില്‍ മാത്രമേ സ്ഥിരമായ ബേസ് ചന്ദ്രനില്‍ സ്ഥാപിക്കാന്‍ കഴിയൂ. ഇപ്പോള്‍ കണ്ടെത്തിയ ഗുഹ പോലുള്ള സ്ഥലങ്ങള്‍ ബഹിരാകാശ യാത്രികരെ അപകടകരമായ കോസ്മിക് കിരണങ്ങള്‍, സൗരവികിരണം, തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കും. അതിനാല്‍ അത്തരം ഗുഹകള്‍ ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഒരു അടിയന്തര ചാന്ദ്ര അഭയ കേന്ദ്രമായി രൂപപ്പെട്ടേക്കാം.
ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്ററിന്റെ (എല്‍ആര്‍ഒ) സഹായത്തോടെ റഡാര്‍ വിശകലനം ചെയ്തു. ചന്ദ്രന്റെ കഠിനമായ ഉപരിതല പരിതസ്ഥിതി പോലെയല്ല ഈ ഗുഹയിലേതെന്നാണ് കണ്ടെത്തല്‍. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ദീര്‍ഘകാല പര്യവേഷണത്തിന് അനുകൂലമാണ് ഈ സ്ഥലം. ഇതുവരെ കണ്ടെത്തിയിട്ടുള്ള ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയില്‍ നിന്നാണ് ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയുക. പ്രശാന്ത സമുദ്രം എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ കുഴിയുള്ളത്. ലാവ ട്യൂബ് തകര്‍ന്ന് ഈ പ്രദേശത്തുണ്ടായ 200ലധികം കുഴികളില്‍ ഒന്നാണിത്.
45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമാണ് ഈ ഗുഹയ്ക്കുള്ളത്. അതായത് 14 ടെന്നീസ് കോര്‍ട്ടുകള്‍ക്ക് തുല്യമായ പ്രദേശം. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ താഴെയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലോറെന്‍സോ ബ്രൂസോണ്‍ പറയുന്നത് ഈ ഗുഹ ശൂന്യമായ ലാവ ട്യൂബ് ആണെന്നാണ്.