ഇന്ദിരാ ഭവനിലും മന്ത്രവാദം

കൂടോത്രത്തിൽ കുടുങ്ങിയ- കെ സുധാകരന്റെ കസേര തെറിക്കും

ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ വിജയത്തിൻറെ തുടർച്ചയെന്നോണം കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടി വയനാട് ജില്ലയിലെ ബത്തേരിയിൽ രണ്ടു ദിവസം വേണ്ട നേതൃത്വം ക്യാമ്പ് പാർട്ടി നടത്തിയെങ്കിലും, ക്യാമ്പ് അവസാനിച്ചത് നേതാക്കന്മാർ തമ്മിലുള്ള ഗ്രൂപ്പുകളികൾക്കും പോരിനും കൂടുതൽ ശക്തി പകർന്നു കൊണ്ടാണ്. കെപിസിസി പ്രസിഡണ്ടായ കെ സുധാകരൻ മുൻകൈ അടുത്താണ് ബത്തേരിയിൽ നേതാക്കന്മാരുടെ രണ്ടുദിവസം ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടകനായ പ്രസിഡന്റിന് എതിരെ മറ്റു നേതാക്കൾക്ക് ഒരുമിച്ച് പടയൊരുക്കം നടത്താൻ ഉള്ള വേദിയായി മാറുകയാണ് യഥാർത്ഥത്തിൽ ക്യാമ്പിൽ ഉണ്ടായത്.

കണ്ണൂർ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ സുധാകരൻ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കെ പി സി സി പ്രസിഡൻറ് പദവിയിലെ അഴിച്ചുപണി സംബന്ധിച്ച ചർച്ചകൾ കെട്ടടങ്ങിയതാണ്. എന്നാൽ പൊടുന്നനെ വന്നുവീണ കൂടോത്ര വിവാദം സുധാകരനെ മുൾമുനയിൽ നിർത്തുന്ന സാഹചര്യം ഉണ്ടാക്കി. കണ്ണൂരിലെധാകരന്റെ വീട്ടുപരിസരത്തുനിന്ന് കൂടോത്രത്തിന്റെ ഭാഗമായുള്ള വസ്തുക്കൾ കണ്ടെത്തിയതാണ് വിവാദത്തിന് കാരണം. മണ്ണിൽ നിന്നും കുഴിച്ചെടുത്ത കൂടോത്രസാമഗ്രികൾ ഒരു നേതാവ് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വിട്ടതാണ് വലിയ പ്രശ്നമാകാൻ കാരണമായത്. മാത്രവുമല്ല പിന്നാലെ വന്ന ചർച്ചകളിലും മറ്റും സുധാകരൻ ഇത് സമ്മതിക്കുകയും തൻറെ ജീവൻ അവശേഷിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് പറയുകയും ചെയ്തിരുന്നു ഇതും വലിയ വിവാദങ്ങളിലേക്ക് ചെന്നു പെട്ടു.

കൂടോത്രം സംബന്ധിച്ച വിവാദങ്ങൾ കോൺഗ്രസ് നേതാക്കൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും തിളച്ചു മറിയുമ്പോഴാണ് വയനാട് ക്യാമ്പ് വന്നത് ക്യാമ്പിൽ പ്രതിപക്ഷ നേതാവ് സതീശൻ സുധാകരനെ ക്രൂരമായി ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. സുധാകരന്റെ വീട്ടിൽ മാത്രമല്ല കോൺഗ്രസ് പ്രവർത്തകരുടെ ആസ്ഥാനവും പരിപാവനവുമായ തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ വരെ മന്ത്രവാദവും മറ്റും നടന്നതായി തെളിഞ്ഞിട്ടുണ്ട് എന്ന് കൂടി സതീശൻ പ്രസ്താവിച്ചതോടെ പ്രശ്നം വളരെ ഗൗരവമുള്ളതായി മാറി കോൺഗ്രസ് പ്രവർത്തകരുടെ ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് തലയിൽ മുണ്ടിട്ടു കൊണ്ട് കയറിച്ചെല്ലേണ്ട സ്ഥിതിയാണ് നിലവിലുള്ളത് എന്നും സതീശൻ ആരോപിച്ചു.

സതീശന്റെ പ്രസംഗത്തെ ഏറ്റുപിടിച്ചു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാം പിന്നീട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരത്തിനും പരിശുദ്ധിക്കും കളങ്കം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് സുധാകരൻ നടത്തിയത് എന്ന നേതാക്കൾ തുറന്നടിച്ചു സുധാകരനെതിരെ സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ പഴയ ഐ ഗ്രൂപ്പുകാർ നീങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ വയനാട് ക്യാമ്പിൽ ഈ പറയുന്ന ഐ ഗ്രൂപ്പ് നേതാക്കൾക്കൊപ്പം എ ഗ്രൂപ്പിലെ ആൾക്കാരും സുധാകരനെതിരെ അണിനിരന്നപ്പോൾ സുധാകരനെ സംരക്ഷിച്ചിരുന്ന പാർട്ടിയുടെ ഹൈക്കമാൻഡ് പോലും വിഷമത്തിൽ ആവുന്ന സ്ഥിതി വന്നു. ക്യാമ്പിൽ കേരളത്തിൻറെ ചുമതലയുള്ള എഐസിസി പ്രതിനിധിയും സെക്രട്ടറിയായ കെ സി വേണുഗോപാലും ഒക്കെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ സാഹചര്യത്തിൽ കുറച്ചുകാലം കൂടി സുധാകരൻ പ്രസിഡണ്ട് പദവിയിൽ തുടരട്ടെ എന്ന് നിലപാടായിരുന്നു ഹൈക്കമാന്റിന് ഉണ്ടായത് എന്നാൽ പുതിയ സംഭവങ്ങൾ ഹൈക്കമാൻ്റിനെ സുധാകരനെതിരായി ചിന്തിക്കുന്നതിന് വഴിയൊരുക്കും എന്ന കാര്യത്തിൽ തർക്കമില്ല.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുവാൻ പാർട്ടിയിലെ താഴെയുള്ള ഘടകങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനാണ് യഥാർത്ഥത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് അവസാനിച്ചപ്പോൾ എന്താണോ ലക്ഷ്യമിട്ടത് അതെല്ലാം മാറി മറ്റു കാര്യങ്ങളിലേക്ക് ചർച്ചകൾ നീങ്ങി എന്നതാണ് വാസ്തവം. പാർട്ടിയുടെ ശക്തികേന്ദ്രം എന്ന് പറയാവുന്ന മണ്ഡലം കമ്മിറ്റികളിലും അതുപോലെതന്നെ വാർഡ് കമ്മിറ്റികളിലും പ്രവർത്തനസജ്ജമായ കമ്മിറ്റികൾ ഉണ്ടാക്കണം എന്ന് ആലോചന വന്നെങ്കിലും എങ്ങിനെ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ പ്രസിഡണ്ടായ സുധാകരൻ സ്വന്തക്കാരെ മാത്രം തിരുകി കയറ്റി എന്ന പരാതി നേരത്തെ മുതൽ ഉള്ളതാണ് അതുപോലെതന്നെ തെരഞ്ഞെടുപ്പ് കാലത്ത് എം എം ഹസ്സനെ താൽക്കാലിക പ്രസിഡണ്ടായി നിയമിച്ചപ്പോൾ അദ്ദേഹം കൈകൊണ്ട് എല്ലാ തീരുമാനങ്ങളും തിരികെ പ്രസിഡൻറ് പദവിയിൽ എത്തിയ സുധാകരൻ റദ്ദ് ചെയ്തതും പുതിയ തർക്കങ്ങൾക്ക് വഴിയൊരുക്കി.

ഹിന്ദുമതവിഭാഗത്തിലെ ഈഴവ അല്ലെങ്കിൽ തീയ്യ സമുദായത്തിൽ പെട്ട ആളാണ് പ്രസിഡൻറ് ആയ കെ സുധാകരൻ. സുധാകരനെ പദവിയിൽ നിന്നും മാറ്റിയാൽ ഈ സമുദായത്തിൽ പെട്ട മറ്റൊരാളെ പ്രസിഡൻറ് ആക്കേണ്ടി വരും ഈഴവ സമുദായത്തിൽ പൊതുസമ്മതനായ ഒരാൾ ഒരാൾ ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാൽ ഈ അവസരം മുതലെടുത്ത് കെപിസിസി പ്രസിഡന്റിന്റെ കസേര കൈയടക്കാൻ അര ഡസനോളം കോൺഗ്രസ് നേതാക്കൾ ചരടുവലി നടത്തിക്കഴിഞ്ഞു. മുതിർന്ന നേതാക്കൾക്കാണ് ഈ പദവിയിലേക്ക് അവസരം ഉണ്ടാവുക. കേരളത്തിലെ പാർലമെൻറ് സ്ഥാനാർത്ഥിത്വം കിട്ടാതെ വന്ന മുതിർന്ന നേതാക്കൾ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നതിനു വേണ്ടി ഹൈക്കമാൻ്റിനു പിന്നാലെ നടക്കുകയാണ്.