സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ മുഖ്യമന്ത്രിയും സെക്രട്ടറിയും ഒറ്റക്കെട്ട്

മുഖ്യമന്ത്രിയുടെ വക ജനദ്രോഹം പാർട്ടി സെക്രട്ടറിയുടെ വക എസ്എൻഡിപി വിരോധം

കേരളത്തിൽ എന്നല്ല ദേശീയതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വലിയ ക്ഷീണത്തിൽ ആണ്. കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു സർക്കാർ ഇപ്പോൾ ഉള്ളത്. ഈ പറയുന്ന കേരള സർക്കാരും ഭാവിയുടെ കാര്യത്തിൽ ആശങ്കയിൽ ആണ്. അടുത്തിടയ്ക്ക് നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി വലിയ തോൽവിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം സർക്കാരിനെതിരായ ജനവിധി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സർക്കാരിൻറെ തെറ്റായ പ്രവർത്തന ശൈലി മാത്രമല്ല സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കന്മാർ നടത്തിയതായി പറയപ്പെടുന്ന അഴിമതികളും മറ്റും ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരായ നിലപാട് എടുക്കാൻ കാരണമായി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പലതും സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ട്. ഇതിനിടയിലാണ് കേരളത്തിലെ ഏറ്റവും അംഗബലമുള്ള സമുദായമായ ഈഴവ സമുദായത്തിന്റെ നേതാവിനെതിരെ ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയുമായി ഇറങ്ങിയത്. എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ ഇദ്ദേഹത്തിൻറെ വാക്കുകളും പ്രവർത്തികളും പലപ്പോഴും ഈഴവ സമുദായത്തിലെ അംഗങ്ങൾക്ക് ഇഷ്ടപ്പെടാത്തത് ആണെങ്കിലും സിപിഎമ്മിന്റെ സെക്രട്ടറി ഇപ്പോൾ വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുകൊണ്ട് നടക്കുന്നത് ഈഴവ സമുദായ അംഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്.

കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ അടിത്തറ തന്നെ ഈഴവ സമുദായത്തിന്റെ പിൻബലം ആണ് ഈഴവ സമുദായത്തിൽ പെട്ട ഭൂരിഭാഗം ആൾക്കാരും പ്രത്യേകിച്ചും തൊഴിലാളികളും പാവങ്ങളും കഴിഞ്ഞ കാലമത്രയും കമ്മ്യൂണിസ്റ്റ് പാർട്ടികളോടൊപ്പം നിന്നിട്ടുള്ളവരാണ്. ഇതെല്ലാം മറന്നുകൊണ്ടാണ് സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ വെള്ളാപ്പള്ളിക്കെതിരെ നിലപാട് എടുത്തിട്ടുള്ളത്.

എസ് എൻ ഡി പി യോഗവും അതിൻറെ കീഴിൽ പ്രവർത്തിക്കുന്നു എന്ന അവകാശപ്പെടുന്ന ബി ഡി ജെ എസ് എന്ന രാഷ്ട്രീയപ്പാർട്ടിയും ഈഴവരെ മുഴുവൻ ആർഎസ്എസ് കൂട്ടായ്മയിലേക്ക് തള്ളിക്കൊണ്ട് പോകുന്നു എന്ന പരാമർശമാണ് ഗോവിന്ദൻ മാസ്റ്റർ നടത്തിയിരിക്കുന്നത്. എന്നാൽ സിപിഎം സെക്രട്ടറി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതിന്റെ പിന്നിൽ മറ്റൊരു രാഷ്ട്രീയ അജണ്ട ഉണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള പിന്നോക്ക സമുദായങ്ങളെ ഒപ്പം ചേർത്തുനിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഗോവിന്ദൻ മാസ്റ്റർ ഈഴവ സമുദായത്തിന്റെ നിലപാടുകളെ എതിർത്ത് സംസാരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനും മകനായ പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളി ഈഴവ സമുദായ സംഘടനയുടെ ശക്തി ഉപയോഗിച്ച് ഈഴവർക്കിടയിൽ ഹിന്ദു രാഷ്ട്രീയം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്.

കേരളത്തിലെ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട രണ്ട് പ്രമുഖ സമുദായങ്ങളാണ് ഈഴവരും നായരും. ഈ രണ്ട് സമുദായ സംഘടനകളും കാലങ്ങളായി വിശ്വാസികളുടെ സംഘടിത ശക്തി നിലനിർത്തി പ്രവർത്തിച്ചു പോരുന്ന വഴിയാണ്.  പരസ്യമായ രാഷ്ട്രീയ താല്പര്യങ്ങൾ പ്രകടിപ്പിക്കാതെ സമുദായ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് നായർ ഈഴവ സമുദായ സംഘടന നേതൃത്വം സ്വീകരിക്കുന്ന നിലപാട്.

ഈഴവ സമുദായത്തിന്റെ പേര് പറഞ്ഞ് വിമർശനങ്ങൾ ഉയർത്തുമ്പോൾ സിപിഎം സെക്രട്ടറി മറന്നു പോകുന്ന ചരിത്ര യാഥാർഥ്യങ്ങൾ ഉണ്ട്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്നതും അധികാരത്തിൽ എത്തിച്ചതും എല്ലാം ഈഴവ സമുദായത്തിലെ അംഗങ്ങളുടെ ശക്തമായ സാന്നിധ്യം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ആയിരുന്നു. യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതൃനിരയിൽ എത്തിയ ആൾക്കാർ പോലും ഭൂരിഭാഗവും ഈഴവ സമുദായം വളർത്തിയെടുത്ത നേതാക്കൾ ആയിരുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കേരളത്തിൽ ശക്തമായി വേറുറപ്പിക്കാൻ കഴിയുകയും ചെയ്തിരുന്നു. ഇപ്പോൾ സിപിഎം സെക്രട്ടറി വീഴവ സമുദായത്തെ പേരെടുത്ത് പറഞ്ഞു വിമർശിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ അടിത്തറയ്ക്ക് ഇളക്കം ഉണ്ടാകുന്നു എന്ന കാര്യം മറന്നു പോവുകയാണ്.

കേരളത്തിൽ രാഷ്ട്രീയ ശക്തി എന്ന നിലയ്ക്ക് പ്രാധാന്യം ഉണ്ടെങ്കിലും ഇവിടെ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടതുപക്ഷ മുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടായി. ഈ തിരിച്ചടിക്ക് പ്രധാനകാരണം സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ മനുഷ്യത്വരഹിതമായ പ്രവർത്തന ശൈലി ആയിരുന്നു എന്ന് എല്ലാരും ഒരുപോലെ പറയുന്നുണ്ട്. സർക്കാരിൻറെ പ്രവർത്തനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ അടക്കമുള്ള ജനങ്ങൾക്കുണ്ടായ അതൃപ്ത്തിയാണ് വലിയ തോൽവിക്ക് കാരണമായത് എന്ന കാര്യവും മറച്ചുവെക്കാൻ കഴിയില്ല.

ഏതായാലും കേരളത്തിലെ പാർട്ടികൾ വലിയ പ്രതിസന്ധിയെ നേരിടുന്ന അവസരത്തിൽ സമചിത്തതയോടെ നിലപാടുകൾ സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമങ്ങൾ നടത്തേണ്ട മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തുടർന്നുവരുന്ന ശൈലി കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളെ തൂത്തെറിയുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കും എന്നതാണ് വാസ്തവം. സമുദായങ്ങളെ വേർതിരിച്ച് കാണുകയും ചിലരെ നെഞ്ചിലേറ്റുകയും മറ്റു ചിലരെ തള്ളിപ്പറയുകയും ചെയ്യുന്ന പാർട്ടി സെക്രട്ടറി യഥാർത്ഥത്തിൽ പാർട്ടിയെ തകർക്കുകയാണ്. ജനവികാരം തിരിച്ചറിഞ്ഞിട്ടും ഭരണത്തിൽ ശൈലി മാറ്റുവാനും സ്വന്തം സ്വഭാവത്തിലെ തെറ്റായ രീതികൾ അവസാനിപ്പക്കാനും മുഖ്യമന്ത്രി തയ്യാറാകാതെ വരികയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശവക്കുഴി തോണ്ടൽ ആയി മാറും എന്നത് ഇവർ തന്നെ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു.