കോൺഗ്രസിന്റെ ശവക്കുഴി തോണ്ടുന്ന നേതാക്കൾ

ഞങ്ങളെ തല്ലണ്ട ഞങ്ങൾ നന്നാവില്ല എന്ന വാശി

ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ജന്മം എടുത്ത് പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം ജനാധിപത്യ ഭാരതത്തിൽ രാഷ്ട്രീയ പാർട്ടിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രസ്ഥാനമാണ്. ജനങ്ങളുടെ മനസ്സിൽ ഈ പാർട്ടി മായാത്ത വിധത്തിൽ ഉറച്ചു നിൽക്കുന്നതിന് കൃത്യമായ കാരണവുമുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വന്തം പ്രയത്നങ്ങളിലൂടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകൾ മരണം വരെ തുടർന്നപ്പോൾ ആ ആശയങ്ങളും നിർദ്ദേശങ്ങളും അന്നത്തെ ഇന്ത്യൻ ജനത അളവില്ലാത്ത വിധത്തിൽ ഏറ്റുവാങ്ങിയിരുന്നു.

അങ്ങനെ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനകത്ത് ഒരിക്കലും മായാത്ത വിധത്തിൽ വേരുന്നിയാ സന്ദേശങ്ങൾ ആയിരുന്നു ഗാന്ധിജിയും നെഹ്റുവും. ജീവിതത്തിലൂടെ പകർന്ന നൽകിയത് ആ ആശയങ്ങൾ ആർക്കും പറിച്ചുമാറ്റാൻ കഴിയാത്ത വിധത്തിൽ ഇന്നും ഇന്ത്യയുടെ മണ്ണിൽ ഉറച്ചു നിൽക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു മഹാപ്രസ്ഥാനം കാലാന്തരത്തിൽ പുതിയ നേതൃത്തങ്ങളിലൂടെ കൈമാറി വന്നു നിൽക്കുന്നത് കോൺഗ്രസ് എന്ന ആശയത്തെ പോലും നശിപ്പിക്കുന്ന സ്വഭാവങ്ങളും പ്രവർത്തനങ്ങളും നടത്തി കൊണ്ടാണ്. രാഷ്ട്രീയപ്പാർട്ടികൾ ആയാലും ഏത് സാമൂഹിക പ്രസ്ഥാനം ആയാലും അതിനെ നയിക്കുന്നവർ സ്വീകരിക്കുന്ന നിലപാടുകളും കാണിക്കുന്ന ഐക്യവും ആണ് ആ പ്രസ്ഥാനത്തെക്കുറിച്ച് ജനങ്ങളിൽ താല്പര്യമുണ്ടാക്കുന്നത്. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിൽ കുറച്ചുകാലമായി എല്ലാ സീമകളും ലംഘിച്ചുകൊണ്ട് നടക്കുന്ന ഗ്രൂപ്പുകളിലും പരസ്പരമുള്ള പോരുകളും ആ പാർട്ടിയെ വീണ്ടും നാശത്തിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കുകയാണ്.

ദേശീയ തലത്തിൽ തന്നെ വലിയ പ്രതിസന്ധിയിലേക്ക് എത്തി രാജ്യത്തുനിന്നും തുടച്ചുനീക്കപ്പെടും എന്ന ആശങ്കയിൽ എത്തിയ രാഷ്ട്രീയ പാർട്ടി ആയിരുന്നു കോൺഗ്രസ്. എന്നാൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത ശക്തമായ ആ പാർട്ടിയുടെ പേരുകൾ രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഉറച്ചുനിൽക്കുന്നു എന്നത് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ തകർന്നടിഞ്ഞു എന്ന വിലയിരുത്തിയ ശോചനീയമായ സാഹചര്യത്തിൽ നിന്നാണ് ഒരു ഉയർത്തെഴുന്നേൽപിന്നെ കാഹളം ഉയർത്തി കോൺഗ്രസ് ഉണർന്നെണീറ്റത്. ഉയർച്ചയിൽ മുഖ്യമായ പങ്കുവഹിച്ചത് എന്തൊക്കെ തരത്തിൽ പരാതികൾ പറഞ്ഞാലും രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് നേതാവ് ആയിരുന്നു. സ്ഥാനമാനങ്ങൾ എല്ലാം നഷ്ടപ്പെട്ടപ്പോഴും ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഒപ്പം തോളിൽ കയ്യിട്ടു രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുവാനും രാഹുൽഗാന്ധി കാണിച്ച മനസ്ഥിതിയുടെ ഫലമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രകടമായത തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിൻറെ ഭരണം കയ്യടക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എങ്കിലും സർവ്വവും തങ്ങളുടെ കാൽച്ചുവട്ടിലാണ് എന്ന് അഹങ്കരിച്ചുകൊണ്ട് ജനാധിപത്യവും ജനകീയതയും മറന്നുകൊണ്ട് ഭരണത്തിലിരുന്ന നരേന്ദ്രമോദിക്കും ബിജെപി ക്കും കനത്ത ആഘാതമേൽപ്പിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു എന്നത് വാസ്തവമാണ്.

കോൺഗ്രസ് പാർട്ടി നയിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി ഭരണകക്ഷികൾക്കെതിരെ വലിയ താക്കീതായി വളർന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഈ പ്രതിപക്ഷ പാർട്ടികളുടെ വിജയത്തിന് പിന്നിൽ മറ്റൊരു യാഥാർത്ഥ്യം കൂടിയുണ്ട്. അത് പത്ത് വർഷക്കാലത്തെ നരേന്ദ്രമോദിയിൽ ഭരണത്തിൻറെ ജനദ്രോഹ നിലപാടുകൾ ആയിരുന്നു കേന്ദ്രസർക്കാരിൻറെ ഭരണ വിരുദ്ധ വികാരം ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ പ്രകടമായി എന്നതും പ്രതിപക്ഷ നേട്ടത്തിന് കാരണമായി.

ഈ വിധത്തിൽ ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടി കാര്യമായ ഉയർത്തെഴുന്നേൽപ്പ് നടക്കുമ്പോൾ ആണ് കേരളത്തിൽ ആ പാർട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതാക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല. തദ്ദേശ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും യുഡിഎഫും വലിയ തോൽവി ഏറ്റുവാങ്ങിയതാണ്. അങ്ങനെയാണ് രണ്ട് വട്ടം പിണറായിക്ക് കേരളത്തിൽ മുഖ്യമന്ത്രിയാകാൻ അവസരം ഉണ്ടായത്. ഈ പരാജയങ്ങളുടെ കാരണം മറ്റൊന്നും ആയിരുന്നില്ല. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് പോരുകളും സ്ഥാനാർഥിനിർണയങ്ങളിലും മറ്റും നടത്തിയ നേതാക്കളുടെ തെറ്റായ ഇടപെടലുകളും വാശിയും ഒക്കെയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസത്തിൻറെ തലേന്നാൾ വരെ പരസ്പരം പോരടിക്കുകയും വിഴുപ്പലക്കുകയും ചെയ്തശേഷം സ്റ്റേജിൽ കയറി കെട്ടിപ്പിടിച്ചു നിന്ന് ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞ് ജനങ്ങളെയും പ്രവർത്തകരെയും വഞ്ചിക്കുന്ന പ്രവർത്തന ശൈലിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അതിനുശേഷം ഉണ്ടാകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശക്തി തെളിയിച്ച് അധികാരത്തിൽ വരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ വേണ്ടി പാർട്ടിയെ നേതൃത്വം വയനാട്ടിലെ ബത്തേരിയിൽ ഒരു നേതൃത്വം ക്യാമ്പ് നടത്തി സാധാരണ പാർട്ടി ക്യാമ്പുകൾ പ്രവർത്തകരും നേതാക്കന്മാരും ഒരുമിക്കുന്നതിന്റെയും പുതിയ പുതിയ ആശയങ്ങളും നിലപാടുകളും കണ്ടെത്തുന്നതിന്റെയും വേദികൾ ആയിട്ടാണ് മാറാറുള്ളത്. എന്നാൽ വയനാട് ക്യാമ്പിൽ എത്തിച്ചേർന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആ ക്യാമ്പിലെ സമയവും പരസ്പര വൈരാഗ്യം തീർക്കാനുള്ള അവസരമായിട്ടാണ് ഉപയോഗിച്ചത്. കെപിസിസി പ്രസിഡൻറ് സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും രണ്ടു തട്ടിൽ നിൽക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു. ഇതിനിടയിൽ സമവായത്തിന്റെ ശ്രമം നടത്തേണ്ട മൂന്നാം ഗ്രൂപ്പ് ആയ എ വിഭാഗം നേതാക്കൾ കിട്ടിയ അവസരത്തിനൊത്ത് ഗ്രൂപ്പിൻറെ ശക്തി കൂട്ടാൻ ആണ് ശ്രമം നടത്തിയത്. ഏതായാലും വയനാട് ക്യാമ്പും അതിനു ശേഷം പാർട്ടിയിൽ നടക്കുന്ന തർക്കങ്ങളും വിഴുപ്പലക്കലും പൊതുജനങ്ങൾക്ക് സഹിക്കാവുന്നതിന് അപ്പുറം ആയിരിക്കുന്നു. ഇനിയും ഇത് തുടരാൻ ആണെങ്കിൽ കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അനുഭവിച്ചറിഞ്ഞ തോൽവിയുടെ കൈപ്പുനീർ വീണ്ടും നിങ്ങൾക്ക് കുടിക്കേണ്ടി വരും.

ഇവിടെ പരസ്പരം ചെളി വാരിയെറിഞ്ഞ് രസിക്കുന്ന കോൺഗ്രസ് നേതാക്കൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ദേശീയതലത്തിൽ എന്നതുപോലെ കേരളത്തിൻറെ എല്ലാ മൂക്കിലും മൂലയിലും പട്ടിണി കിടന്നു പോലും പാർട്ടി പ്രവർത്തനം നടത്തുന്ന ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകർ ഉണ്ട്. പാർട്ടിയിൽനിന്ന് മറ്റാരെങ്കിലും നിന്നോ ഒന്നും പ്രതീക്ഷിച്ചില്ല ആ പ്രവർത്തകർ കൊടിപിടിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും പോസ്റ്റർ ഒട്ടിക്കുന്നതും മതിൽ എഴുതാൻ ഓടി നടക്കുന്നതും ഒക്കെ. കയ്യിൽ കാശില്ലാതെ വരുമ്പോൾ ഭാര്യയുടെ കയ്യിൽ ഉള്ള സ്വർണം പണയപ്പെടുത്തി പോലും ജീവനുതുല്യം സ്നേഹിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിന് ഇറങ്ങുന്ന സാധാരണ പ്രവർത്തകർ നേതാക്കൾ നടത്തുന്ന തോന്ന്യാസങ്ങൾ കണ്ടു വീട്ടിൽ ഇരുന്ന് മൗനമായി കണ്ണീരൊഴുക്കുന്നുണ്ടാകും. കാരണം പാർട്ടിനേതാക്കൾ നേരെയാകും പാർട്ടി ശക്തമാകും എന്നൊക്കെ ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവർത്തകർ കാണുന്നതും കേൾക്കുന്നതും അതിനൊന്നും പറ്റുന്ന കാര്യങ്ങൾ അല്ല. അതുകൊണ്ടുതന്നെ കോൺഗ്രസ് നേതാക്കന്മാർ ശരീരത്തിനകത്ത് ഹൃദയം എന്ന ഒന്ന് ഉണ്ടെങ്കിൽ ദയവുചെയ്ത് നിങ്ങൾ തന്നെ വിളിക്കുമ്പോൾ എല്ലാം ഓടിയെത്തുന്ന ആ പാവം പ്രവർത്തകരുടെ നെഞ്ചിടിപ്പ് ഒന്ന് നോക്കി കാണണം. അതല്ല എൻറെ അമ്മാവാ എന്നെ തല്ലണ്ട – ഞാൻ നന്നാവില്ല എന്ന് പറയുന്ന മരുമക്കളുടെ സ്ഥിതിയിലേക്ക് കോൺഗ്രസ് നേതാക്കൾ മാറുകയാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾ നിങ്ങളോട് തന്നെ കാണിക്കുന്ന ക്രൂരതയുടെ ഫലം നാളെ നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും.