നിലമ്ബൂർ: വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിൽ ചൊവ്വാഴ്ച പുഴയുടെ തീരത്തുനിന്ന് കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്.
19 പുരുഷന്മാരുടെയും 11 സ്ത്രീകളുടെയും രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് പുഴയില്‍നിന്ന് കിട്ടിയത്. കൂടാതെ 25 ശരീര ഭാഗങ്ങളും കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.
ഭൂദാനം ഭാഗത്ത് ഒരു ചെറിയ കുട്ടിയുടെ മൃതദേഹഭാഗമാണ് കരയ്ക്കടിഞ്ഞതായി നാട്ടുകാർ ആദ്യം കണ്ടത്. അതോടെ തിരച്ചില്‍തുടങ്ങുകയായിരുന്നു.
നാട്ടുകാർ പോലീസിനെയും മറ്റധികൃതരെയും അറിയിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പോത്തുകല്‍, വാണിയമ്ബുഴ, ഇരുട്ടുകുത്തിക്കടവ് പനങ്കയം തുടങ്ങിയയിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ഓരോ ഭാഗത്തുനിന്നും ലഭിച്ച മൃതദേഹഭാഗങ്ങള്‍ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് അതിശക്തമായ ഒഴുക്കിനെ മറികടന്ന് ഡിങ്കികളില്‍ കരയിലെത്തിച്ചത്.