ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസ് പാർട്ടിക്കും ഉണ്ടായ വലിയ വിജയത്തിൽ ആഹ്ലാദിച്ചിരുന്ന മുസ്ലിം ലീഗ് പാർട്ടിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും കടുത്ത നിരാശയിലാണ്. തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം നൽകി യുഡിഎഫിനെ വിജയിപ്പിച്ചു വിട്ട കേരളത്തിലെ വോട്ടർമാരെ പോലും നിരാശപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് യുഡിഎഫ് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന വിലയിരുത്തലാണ് രണ്ടു പാർട്ടികളിലെയും നേതൃത്വത്തിന് നിരാശ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇനിയുള്ള രണ്ടു വർഷക്കാലം തെരഞ്ഞെടുപ്പ് വർഷങ്ങളാണ് വയനാട് പാലക്കാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരു വർഷത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അത് കഴിഞ്ഞാൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകൾ നടക്കും യുഡിഎഫ് എന്ന മുന്നണിയെ നയിക്കുന്ന കോൺഗ്രസ് പാർട്ടി ഇന്നത്തെ ശൈലിയുമായി മുന്നോട്ടുപോകുന്നു എങ്കിൽ ഈ പറയുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ച പൊതുജനങ്ങളിൽ നിന്നും തന്നെ തിരിച്ചടി ഏറ്റുവാങ്ങുന്ന സാഹചര്യം ഉണ്ടാകും എന്നാണ് മുസ്ലിംലീഗിന്റെയും ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിന്റെയും നേതാക്കൾ അഭിപ്രായപ്പെടുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫ് നീക്കങ്ങളിൽ മുസ്ലിംലീഗ് പാർട്ടിയുടെ നേതാക്കൾക്ക് കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ലീഗിൻറെ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ വേണ്ടിയാണ് ഒരു രാജ്യസഭാ സീറ്റ് വിട്ടുനൽകി കോൺഗ്രസ് പാർട്ടി അനുരഞ്ജന ശ്രമം നടത്തിയത്. ഇതോടുകൂടി ലീഗ് നേതൃത്വം യുഡിഎഫിൽ ഉറച്ചുനിന്നുതന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടു എന്നത് വാസ്തവമാണ്. എന്നാൽ വലിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തോടുകൂടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണം എന്നതിന് പകരം മുന്നണിയെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നേതാക്കൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന തുടർ കലഹങ്ങൾ ലീഗിനെയും കേരള കോൺഗ്രസിനെയും വല്ലാതെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും പി എ സലാമും എം കെ മുനീറും മുഹമ്മദ് ബഷീറും അടങ്ങുന്ന ആൾക്കാർ കഴിഞ്ഞദിവസം രഹസ്യമായി യോഗം ചേരുകയും കോൺഗ്രസ് നേതാക്കളുടെ കലഹങ്ങളിലും വിഴുപ്പലക്കലിലും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പാർട്ടിയുടെ ഒരു അഭിപ്രായം എന്ന രീതിയിൽ അല്ലാതെ വ്യക്തിപരമായ ആശങ്ക എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കളോട് കുഞ്ഞാലിക്കുട്ടിയും മറ്റും സംസാരിച്ചിട്ടുള്ളത്.
മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിന് വിരുദ്ധമായി കോൺഗ്രസ് പാർട്ടിയിൽ കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. രണ്ടു കൂട്ടരേയും പിന്തുണച്ചുകൊണ്ട് നേതൃനിര ഭിന്ന സ്വരങ്ങൾ ഉയർത്തുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ് എന്ന വിലയിരുത്തൽ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നു. ഈ നിലയ്ക്ക് പോയാൽ ഉപതിരഞ്ഞെടുപ്പുകളിൽ മാത്രമല്ല മറ്റു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് തോൽവി ഏറ്റുവാങ്ങേണ്ടി വരും എന്ന് ആശങ്കപ്പെടുന്ന നേതാക്കളാണ് രണ്ടു പാർട്ടിയിലും ഉള്ളത്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കേരളത്തിൽ വലിയ വിജയം നേടിക്കൊടുത്തത് കോൺഗ്രസ് പാർട്ടിയുടെ ശക്തമായ പ്രവർത്തനം എന്നതിനേക്കാൾ ഉപരിയായി സർക്കാരിനെതിരെയും സിപിഎം നേതാക്കൾക്ക് എതിരെയും ജനങ്ങളിൽ ഉണ്ടായ ശക്തമായ വികാരമാണ് എന്ന വിലയിരുത്തലും രണ്ടു പാർട്ടിയുടെയും നേതാക്കൾ നടത്തുന്നുണ്ട്. മറുവശത്ത് ഇത്രയും വലിയ തോൽവിയും സർക്കാർ വിരുദ്ധ പരാമർശങ്ങളും തുടർന്നുകൊണ്ടിരിക്കുമ്പോൾ പോലും ഇടതുമുന്നണിയിൽ ഘടക കക്ഷികളും മുന്നണിയെ നയിക്കുന്ന സിപിഎമ്മും ഒറ്റക്കെട്ടായി നീങ്ങുന്നു എന്നത് കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം എന്ന അഭിപ്രായവും ലീഗിലും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും ഉണ്ട്.
ഭാവി തിരഞ്ഞെടുപ്പുകളിൽ പ്രതിക്ഷ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ യുഡിഎഫിൽ തുടരുന്നതുകൊണ്ട് എന്ത് ഫലം എന്ന് ചിന്തിക്കുന്ന നേതാക്കളും ലീഗിനകത്തും കേരള കോൺഗ്രസിലും ഉണ്ട്. എന്നാൽ ലീഗിലെ മുതിർന്ന ചില നേതാക്കളാണ് കോൺഗ്രസ് നേതാക്കളുടെ പേരിൻറെ പേരിൽ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വേണമെങ്കിൽ യുഡിഎഫ് വിടുന്ന കാര്യത്തിൽ ആലോചന വേണമെന്നും ഇടതുമുന്നണിയിൽ ചേരാതെ തന്നെ പുറമേനിന്ന് കൊണ്ട് ഒരു സഖ്യകക്ഷിയായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചാൽ അതിൽ എന്താണ് തെറ്റ് എന്ന് ചോദ്യവും ലീഗിൻറെ ചില നേതാക്കൾ ഉയർത്തുന്നുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് മുന്നണി ആയാലും കമ്മ്യൂണിസ്റ്റ് മുന്നണി ആയാലും ഇന്ത്യ മുന്നണി എന്ന പേരിൽ ഒരുമിച്ച് നീങ്ങുമ്പോൾ കേരളത്തിൽ ഏത് മുന്നണിയോട് സഹകരിച്ചാലും അതിൽ തെറ്റൊന്നും ആർക്കും പറയാൻ കഴിയില്ല എന്ന വിശദീകരണവും ലീഗിൻറെ നേതാക്കൾ നടത്തുന്നുണ്ട്. എന്നാൽ യുഡിഎഫിൽ നിന്നും മാറി നിൽക്കുന്ന കാര്യത്തിൽ പാർട്ടി പ്രസിഡന്റായ പാണക്കാട് തങ്ങൾ ഒരുതരത്തിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതൃനിരയിൽ നിൽക്കുന്ന പലരും കോൺഗ്രസ് നേതാക്കളുടെയും യുഡിഎഫിന്റെയും ഇന്നത്തെ പോക്കിനെതിരെ വിമർശനം തുടരുന്നുണ്ട്. മറ്റൊരു കേരള കോൺഗ്രസ് ആയ മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ നിൽക്കുന്നതുകൊണ്ടും പാർട്ടി ചെയർമാനായ ജോസ് കെ മാണിയോട് താല്പര്യം ഇല്ലാത്തതുകൊണ്ടും ജോസഫ് ഗ്രൂപ്പിൽ നിന്നും മറ്റങ്ങോട്ടെങ്കിലും പോകുന്ന കാര്യത്തിൽ ഈ നേതാക്കൾ മനസ്സുമടുത്ത് കഴിയുകയാണ്.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾക്കിടയിൽ അടുത്തകാലത്ത് ഉണ്ടാകാത്ത അനൈക്യവും പിന്നിട്ടും ശക്തമായി കൊണ്ടിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ കാര്യമായ വിജയത്തിന് എല്ലാ സാഹചര്യവും മുന്നിൽ നിൽക്കുമ്പോൾ ആണ് പാർട്ടി പ്രവർത്തകരെ പോലും നിരാശപ്പെടുത്തി കോൺഗ്രസ് നേതാക്കൾ പരസ്പരം പോരടിക്കുന്നത്. ഈ ദുരവസ്ഥ ഇനിയും സഹിക്കാൻ കഴിയുന്ന അവസ്ഥയല്ല എന്ന നിലയിലാണ്. യുഡിഎഫിലെ പ്രധാന ഘടക കക്ഷികളായ മുസ്ലിംലീഗിന്റെയും ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിന്റെയും നേതാക്കൾ എത്തിച്ചേർന്നിരിക്കുന്നത്.