പിടിച്ചടക്കാൻ ഒരുങ്ങി സിപിഎം അടിച്ചു പിരിയാൻ ഒരുങ്ങി കോൺഗ്രസും
വലിയ പ്രാധാന്യം ഉണ്ടായിരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് രണ്ടുമാസം കഴിഞ്ഞു. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം കൊടുത്ത യുഡിഎഫിന് അപ്രതീക്ഷിത വിജയം ആണ് സ്വന്തമാക്കാൻ കഴിഞ്ഞത്. മറുവശത്ത് സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ മുന്നണി ആകട്ടെ ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തോൽവി ആണ് ഏറ്റുവാങ്ങിയത്.
വലിയ പ്രാധാന്യം ഉണ്ടായിരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് രണ്ടുമാസം കഴിഞ്ഞു. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം കൊടുത്ത യുഡിഎഫിന് അപ്രതീക്ഷിത വിജയം ആണ് സ്വന്തമാക്കാൻ കഴിഞ്ഞത്. മറുവശത്ത് സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ മുന്നണി ആകട്ടെ ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തോൽവി ആണ് ഏറ്റുവാങ്ങിയത്. സാധാരണഗതിയിൽ ഒരു തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഉണ്ടായാൽ അതിൽ ഉൾപ്പെട്ടു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കാണ് ആശയ കുഴപ്പങ്ങളും അങ്കലാപ്പും അതുപോലെതന്നെ പ്രവർത്തകരിൽ നിരാശയും ഒക്കെ ഉണ്ടാകാറുള്ളത്. ഇവിടെ വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷവും സിപിഎം എന്ന പാർട്ടി പഴയ നിലയിലേക്ക് തിരിച്ചുവരാനുള്ള പരിശ്രമങ്ങൾ തുടങ്ങിയ കഴിഞ്ഞു. അതേസമയം വലിയ വിജയം നേടി അതിൻറെ ആവേശവും ഊർജ്ജവും സ്വന്തമാക്കിയ കോൺഗ്രസ് പാർട്ടി ജയിച്ചതിന്റെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇനി വരാനിരിക്കുന്നത് സാധാരണ പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതും പ്രാദേശിക തലങ്ങളിൽ സാധാരണക്കാർക്ക് വരെ വലിയ പങ്കാളിത്തം ഉണ്ടാകുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിലാണ് ഏതു രാഷ്ട്രീയ പാർട്ടിയുടെയും താഴെത്തട്ടിൽ ഉള്ള പ്രവർത്തകർക്ക് അവസരങ്ങൾ ലഭിക്കുക അതുകൊണ്ട് തന്നെ രാഷ്ട്രീയപാർട്ടി കൂടുതൽ ശക്തി പ്രാപിക്കുന്നതിന് അവസരം ഒരുക്കുന്നതും ഈ തെരഞ്ഞെടുപ്പിലൂടെ ആണ്.
തെരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങിയ സിപിഎം കേരളത്തിൽ അതിന്റെ സംഘടനാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. അടുത്തവർഷം ഏപ്രിൽ മാസത്തിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിലൂടെ സമാപിക്കുന്നതാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഈ തരത്തിലുള്ള സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാർട്ടിയുടെ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കേരളത്തിലെ പാർട്ടി ഘടകങ്ങളുടെ ശക്തിപ്പെടുത്തൽ സംബന്ധിച്ച ജാഗ്രതയോടെ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് സിപിഎമ്മിന് അധികാരം ഉണ്ടായിരുന്ന പശ്ചിമബംഗാളും ത്രിപുരയും എല്ലാം അധികാരം നഷ്ടപ്പെട്ടുകയും പാർട്ടി തന്നെ ക്ഷീണത്തിൽ ആവുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. ആകെ അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമാണ് അതുകൊണ്ടുതന്നെ കേരളത്തിലെ ഭാവി തെരഞ്ഞെടുപ്പുകളിൽ ഒരു തിരിച്ചുവരവിന് ഒരുതരത്തിലും പാർട്ടിക്ക് പിഴവ് ഉണ്ടാകരുത് എന്ന നിർദ്ദേശം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് നൽകിയിട്ടുണ്ട്.
വരുന്ന സെപ്റ്റംബർ മാസത്തോടുകൂടി പാർട്ടിയുടെ ഘടകങ്ങളിൽ എല്ലാം യോഗങ്ങൾ ആരംഭിക്കുന്നു. ബ്രാഞ്ച് കമ്മിറ്റികൾ ലോക്കൽ കമ്മിറ്റികൾ ഏരിയ കമ്മിറ്റികൾ എല്ലാം യോഗം ചേർന്ന് പാർട്ടി സംബന്ധിച്ചും ഭരണം സംബന്ധിച്ചും ഉള്ള വിലയിരുത്തലുകളും റിപ്പോർട്ടിംഗും നടത്തും. ഇതെല്ലാം കഴിയുമ്പോൾ ആണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുക. ഡിസംബർ ജനുവരി മാസങ്ങളിലായി 14 ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ അരങ്ങേറും. ഇതുകൂടി കഴിഞ്ഞാൽ കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അടുത്ത ഫെബ്രുവരി മാസം കൊല്ലത്ത് നടക്കും. ആ സമ്മേളനത്തിലാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റികളുടെ എല്ലാം യോഗങ്ങളും മറ്റും അവസാനിച്ചു കഴിയുമ്പോൾ ആണ് പാർട്ടി കോൺഗ്രസ് നടക്കുക. പാർട്ടി കോൺഗ്രസിൽ വച്ചാണ് സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.
ഇത്തരത്തിൽ ഒരു ദേശീയ പാർട്ടിയുടെ സമ്മേളന സ്വഭാവവും ഘടനയും തീരുമാനിച്ചുകൊണ്ട് സിപിഎം കേരളത്തിൽ ശക്തി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലമാണ് ആ പാർട്ടിയുടെ മുന്നിലുള്ള മുഖ്യ ചർച്ചാവിഷയം. അതിനോടൊപ്പം ജാതിമത വിഭാഗങ്ങളുമായി പാർട്ടി സ്വീകരിക്കേണ്ട അടുപ്പവും അകലവും സംബന്ധിച്ചുള്ള ചർച്ചകളും നടക്കും ഇതുകൂടാതെ കേരളത്തിൽ മാത്രം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടർഭരണം സ്വന്തമാക്കിയ സിപിഎമ്മിന് ലോകസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഉണ്ടായത് ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായതുകൊണ്ടാണ് എന്ന ധാരണകളും വിവിധ സമ്മേളനങ്ങളിൽ ചർച്ചയായി മാറും. സിപിഎം എന്നത് യഥാർത്ഥത്തിൽ ഒരു കേഡർ പാർട്ടിയാണ്. അതുകൊണ്ടുതന്നെ നേതാക്കളും പ്രവർത്തകരും പട്ടാളച്ചിട്ടയോടെ പ്രവർത്തിക്കുന്നവരും ആയിരിക്കും. ഇതിൽ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിൽ പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായിട്ടുള്ള ഘടകങ്ങൾ കണ്ടുപിടിക്കാനും അത് പരിഹരിക്കാനും സിപിഎം നേതൃത്വത്തിന് വലിയ മികവാണ് ഇതുവരെ അനുഭവങ്ങൾ തെളിയിക്കുന്നത്. പാർട്ടിയുടെ കരുത്തും അടിത്തറയുമായി നിന്നിരുന്ന അടിസ്ഥാന വർഗ്ഗത്തിൻറെയുംപിന്നോക്ക വിഭാഗങ്ങളുടെയും പാർട്ടിയിൽ നിന്നും ഉള്ള കൊഴിഞ്ഞുപോകും സിപിഎം നേതൃത്വത്തിന്റെ ഗൗരവമുള്ള ആലോചനയിൽ കടന്നുവരും.
കേരളത്തിൽ ജനകീയ അടിത്തറ കണക്കാക്കി പരിശോധിച്ചാൽ രണ്ടു രാഷ്ട്രീയ പാർട്ടികൾക്കാണ് വലിയ ശക്തി ഉള്ളത്. ഒന്ന് കോൺഗ്രസ് പാർട്ടിയും മറ്റൊന്ന് സിപിഎമ്മും ആണ്. ഇതിൽ ഒരു കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി പാർട്ടിയെ പഴയ പ്രൗഢിയിലേക്ക് തിരികെ എത്തിക്കാൻ സിപിഎം നേതാക്കൾ വലിയ പരിശ്രമം നടത്തുമ്പോൾ മറുവശത്തു നിൽക്കുന്ന കോൺഗ്രസ് പാർട്ടി ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടായിട്ടും ജനങ്ങൾ നൽകിയ പിന്തുണയെ പോലും മറന്നുകൊണ്ട് പരസ്പരം വിഴുപ്പലക്കാനും പോരടിക്കാനും മാത്രം സമയം ചെലവഴിച്ചു മുന്നോട്ട് പോവുകയാണ്. യഥാർത്ഥത്തിൽ കോൺഗ്രസിലെ നേതാക്കളുടെ ഒരിക്കലും അടങ്ങാത്ത സ്ഥാനമോഹവും മറ്റുമാണ് ഈ കലഹങ്ങൾക്ക് പലപ്പോഴും വഴിയൊരുക്കുന്നത് നേതാക്കളുടെ ഈ വഴിതെറ്റിയ പോക്കിൽ ദുഃഖിതരും നിരാശരും ആണ് പാവം കോൺഗ്രസ് പ്രവർത്തകർ എന്ന കാര്യം തിരിച്ചറിയാത്തത് നേതാക്കൾ മാത്രമാണ്.