ഇത്രയും വലിയ തമാശ പറയുന്ന ഒരു മന്ത്രിയെ കേരളം ഇതിനു മുൻപൊന്നും കണ്ടിട്ടില്ല. വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ച ഭീകരമായ ഉരുൾപൊട്ടൽ ഉണ്ടായി. ഒരു ഗ്രാമം ഒന്നടങ്കം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി 400 ൽ അധികം ആൾക്കാരുടെ ജീവൻ നഷ്ടമായി നൂറുകണക്കിന് ആൾക്കാരെ കുറിച്ച് ഒരു വിവരവും ഇല്ല. കേരളത്തിൻറെ കഴിഞ്ഞകാല ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രകൃതിദുരന്തമാണ് മുണ്ടക്കയ്യിൽ ഉണ്ടായത്. ഈ ദുരന്തത്തിൽ വയനാട് ജില്ലക്കാർ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും ആ ദുരിതയോർത്ത് ദുഃഖത്തിൽ കഴിയുകയാണ്.
വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ദുരന്തത്തിൽ എല്ലാ സഹായങ്ങളുമായി മുഴുവൻ ആൾക്കാരും ഓടിയെത്തുന്നുണ്ട്. ഇതുകണ്ട് ആവേശം ഉണ്ടായതുകൊണ്ട് ആയിരിക്കാം നമ്മുടെ വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തി. വയനാട്ടിൽ ദുരന്തം ഉണ്ടായ സ്ഥലങ്ങളിലെ വീടുകൾക്കുള്ള വൈദ്യുതി ബില്ല് ആറുമാസം ഈടാക്കില്ല എന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. ദുഃഖത്തിനിടയിലും മന്ത്രിയുടെ ഈ പ്രസ്താവന ആൾക്കാരിൽ ചിരിയാണ് ഉണ്ടാക്കിയത്. മറ്റൊന്നും കൊണ്ടല്ല വയനാട്ടിലെ മുണ്ടക്കയ്യിൽ ഉരുൾപൊട്ടലിൽ മൂലം ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയി. അവിടെ വീടും ഇല്ല വീട്ടുകാരും ഇല്ല കെട്ടിടങ്ങളും ഇല്ല ഒന്നും അവശേഷിച്ചിട്ടില്ല പിന്നെ ആര് കറണ്ട് ഉപയോഗിച്ചതിന്റെ ബില്ല് ഒഴിവാക്കും എന്നാണ് മന്ത്രി പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ സർവ്വധം നഷ്ടപ്പെട്ട ജനങ്ങളെ ഓർത്ത് സങ്കടപ്പെടുകയാണ് കേരളം. ജീവൻ അവശേഷിച്ച കുറച്ചു പേർ മുണ്ടക്കൈയിലെ ഗ്രാമത്തിൽ ഉണ്ട്. അവരിൽ പലരുടെയും വീടുകളും കൃഷിയും വ്യാപാര സ്ഥാപനങ്ങളും ഒക്കെ ഇല്ലാതായിരിക്കുകയാണ്. ഈ ഈ പാവങ്ങളെ സഹായിക്കാൻ എല്ലാം മറന്ന് ആൾക്കാർ ഒത്തുകൂടുന്നുണ്ട്. ഇത് നല്ല കാര്യം തന്നെയാണ്. വൈദ്യുതി മന്ത്രിയുടെ പ്രസ്താവന കണ്ടപ്പോൾ ഓർമ്മ വന്നത് ഒരു പഴഞ്ചൊല്ല് ആണ് – തേങ്ങാ ഉടക്കാൻ ഇല്ല എന്ന് വരുമ്പോൾ ഗമ കാണിക്കാൻ ചിരട്ട ഉടയ്ക്കുന്ന ഏർപ്പാട് ഉണ്ടല്ലോ ഈ പഴഞ്ചൊല്ല് ആണ് മന്ത്രിയുടെ പ്രസ്താവനയിൽ നിന്നും മനസ്സിലായത്. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളായ മുഴുവൻ ജനങ്ങളും വെളിച്ചം കാണുന്നതിന് പേരിൽ ഇല്ലാത്ത ദുരിതങ്ങൾ ഒക്കെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ പോലും. ന്യായമായ നിരക്കിൽ വൈദ്യുതി വീടുകൾക്ക് നൽകിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ ആണ്ടിൽ നാല് തവണയെങ്കിലും നിരക്ക് കൂട്ടുന്ന ഏർപ്പാടാണ് തുടരുന്നത്. ഇത്തരത്തിൽ ജനങ്ങളെ പിഴിഞ്ഞാൽ പോലും ഓരോ വർഷവും നൂറുകണക്കിന് കോടി രൂപ ബാധ്യത തീർക്കാൻ സർക്കാർ നൽകേണ്ട സ്ഥിതിയാണ് ഉള്ളത്.
വലിയ മഹാത്ഭുതം കണക്ക് വയനാട്ടിലെ തകർന്ന മനുഷ്യർക്ക് ആറുമാസത്തെ വൈദ്യുതി ചാർജ് ഇളവ് അനുവദിക്കുന്ന വകുപ്പ് മന്ത്രി കേരളത്തിലെ ജനങ്ങളെ മുഴുവനായി പിഴിഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ഓർമിക്കുന്നില്ല എന്ന് തോന്നുന്നു. ഇപ്പോൾ വരുന്ന വാർത്ത വൈദ്യുതി നിരക്ക് ഇനിയും വർദ്ധിപ്പിക്കാനുള്ള ശുപാർശ അംഗീകരിച്ചിരിക്കുന്നു എന്നാണ്. ഇതിനേക്കാൾ സങ്കടകരമായ മറ്റൊരു കാര്യം പുറത്തുള്ള ഒരു കമ്പനി കുറഞ്ഞ നിരക്കിൽ 1500 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നൽകുവാൻ തയ്യാറായിട്ട് ആ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ പോലും വകുപ്പിന് കഴിഞ്ഞില്ല എന്നതാണ്. വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ഈ വിഷയത്തിൽ ഇടപെടുകയും ബോർഡ് വരുത്തിയ പിഴവിന്റെ പേരിൽ ഉണ്ടായിട്ടുള്ള നഷ്ടം നികത്താൻ ജനങ്ങൾക്കു മേൽ ഭാരം അടിച്ചേൽപ്പിക്കരുത് എന്ന നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി മന്ത്രിയുടെ വയനാട് ദുരിതാശ്വാസ പ്രഖ്യാപനം ആണല്ലോ നമ്മുടെ വിഷയം. മന്ത്രി കെ കൃഷ്ണൻകുട്ടി ഇത് സംബന്ധിച്ചു നടത്തിയ അറിയിപ്പിൽ വയനാട് മുണ്ടക്കൈ ഗ്രാമത്തിൽ പെടുന്ന മേപ്പാടി പഞ്ചായത്തിലെ 10 11 12 വാർഡുകളിലെ ചൂരൽമല കെ കെ നായർ നഗർ അംബാദ്ക്കർ കോളനി അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആയിരുന്ന വീട്ടുകാർക്ക് കരണ്ട് ബില്ലിൽ ഇളവ് നൽകും എന്നാണ്. ഈ പ്രദേശങ്ങളിൽ ഇപ്പോൾ ഭൂരിഭാഗം വീടുകളും നിലവിലില്ല ഉരുൾപൊട്ടലിൽ തകർന്ന ഒലിച്ചു പോയ പ്രദേശങ്ങളിലെ 400 ഓളം വീടുകളിലും മുണ്ടക്കൈ ടൗണിലെ നിരവധി കെട്ടിടങ്ങളിലും ഇപ്പോൾ കറണ്ട് കണക്ഷനും ഇല്ല ആൾക്കാരും ഇല്ല ഇതാണ് വസ്തുത. എങ്കിൽ മന്ത്രി ഇളവ് പ്രഖ്യാപിച്ചത് ആർക്കുവേണ്ടിയാണ് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ആറുമാസത്തെ വൈദ്യുതി ചാർജ് ഇളവ് മാത്രമല്ല കേട്ടോ നമ്മുടെ വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചത്. കറണ്ട് ബില്ലിൽ കുടിശ്ശിക വരുത്തിയ ആൾക്കാരുടെ കണക്ഷൻ കട്ട് ചെയ്യൽ ഉണ്ടാവില്ല എന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ഇവിടെയും അവശേഷിക്കുന്ന ചോദ്യം സർവ്വതും തകർന്ന് ജീവിതം പോലും ഇല്ലാതായ ഒരു ഭൂപ്രദേശത്ത് ആരുടെ കരണ്ട് ബില്ല് ഒഴിവാക്കലും ആർക്കുമേൽ നടപടിയെടുക്കലും ഒഴിവാക്കും എന്നാണ് നമ്മുടെ മന്ത്രി പറഞ്ഞിരിക്കുന്നത്. ആൾക്കാരെ യഥാർത്ഥത്തിൽ മണ്ടന്മാരാക്കുന്ന ഇത്തരം പ്രസ്താവനകളുമായി ഇറങ്ങുന്ന മന്ത്രിമാർ ഈ കാലത്തും ഉണ്ട് എന്നത് ഒരു അത്ഭുതം തന്നെയാണ്.