മലയാള സിനിമ ചരിത്രം 100 വർഷത്തോട് അടുക്കുകയാണ്. ഇപ്പോൾ ഈ സിനിമ മേഖലയിൽ നടന്നുവരുന്ന സ്ത്രീ പീഡനങ്ങളുടെ പേരിൽ മലയാള സിനിമയിൽ സീരിയൽ പോലെ നീളുന്ന ചർച്ചകളും തർക്കങ്ങളും തുടരുകയാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടികളും ഞങ്ങളെല്ലാം വിശുദ്ധന്മാരാണ് എന്ന് വിളിച്ചു പറയുന്ന നടന്മാരുടെ അടക്കമുള്ള പുരുഷ കേസരികളും, ഈ തർക്കത്തിൽ അരയും തലയും മുറുക്കി അങ്കം വെട്ടുകയാണ്… ഒരു പ്രമുഖ നടിയെ ഒരു പ്രമുഖ നടൻറെ ശുപാർശ പ്രകാരം കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം നടന്നതിനുശേഷം ആണ് സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. അവരുടെ റിപ്പോർട്ട് പുറത്തുവന്നതാണ് ഇപ്പോൾ ചർച്ചയ്ക്കായി മാറിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിൽ പറയുന്ന നടികളുടെ ദുരിതങ്ങളും ചർച്ചയാകുമ്പോൾ മലയാള സിനിമയുടെ ആസ്വാദകരായ പൊതുജനങ്ങൾ ഒരു കാര്യം ഓർമിക്കേണ്ടതുണ്ട്. മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി തിളങ്ങി നിന്നിരുന്ന പല നടിമാരും കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച കടുത്ത മനോവിഷമത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന സംഭവം ഉണ്ടായിരുന്നു. അന്നൊന്നും അന്വേഷണ കമ്മീഷനുകളോ അമ്മ, മാക്ട, ഫെഫ്ക തുടങ്ങിയ സിനിമ സംഘടനകളോ ഇല്ലാതിരുന്നതിനാൽ നിസ്സഹായരും നിരപരാധികളും ആയ ആ നടികൾ ജീവിതത്തെ ശപിച്ചുകൊണ്ട് ആത്മഹത്യയിൽ അഭയം തേടുകയാണ് ഉണ്ടായത്. ആത്മഹത്യ ചെയ്ത പല നടികളുടെയും സംഭവങ്ങൾ ഒരു ദിവസം മാത്രം നിലനിൽക്കുന്ന വാർത്തയായി വന്നു അവസാനിച്ചതല്ലാതെ ആരും അത് ഏറ്റുപിടിക്കാൻ ഉണ്ടായില്ല. ചിലരെല്ലാം മരണക്കുറിപ്പ് എഴുതിയിരുന്നു. എങ്കിലും അതൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല. അന്നത്തെ സിനിമ അന്തരീക്ഷം അങ്ങനെ ആയിരുന്നു. പക്ഷേ ഒന്നുണ്ട് ആത്മഹത്യ ചെയ്ത നടികളിൽ പലരും വിശ്വാസവഞ്ചനയുടെയും പീഡനത്തിന്റെയും ദുരിതങ്ങൾ അനുഭവിച്ചാണ്
സഹികെട്ട് മരണത്തിൽ അഭയം തേടിയത്.
മലയാളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമ മേഖലയിൽ പ്രേക്ഷകരുടെ എല്ലാം പ്രിയപ്പെട്ടതാരമായി ജ്വലിച്ചു നിന്ന് താരമായിരുന്നു സിൽക്ക് സ്മിത എന്ന നടി. വികാര ഭാവങ്ങളുടെ ആസ്വാദ്യകരമായ ചലനങ്ങളും ആരെയും ആകർഷിക്കുന്ന മുഖഭാവവും കൊണ്ട് തിളങ്ങി നിന്ന് ഈ നടി 1996 ൽ 36 ആമത്തെ വയസിലാണ് ആത്മഹത്യ ചെയ്തത്. മലയാളികൾ മറക്കാത്ത ഒരു ഇഷ്ട താരത്തിന്റെ പേരാണ് ശോഭ. ‘ഒരു ബാലതാരമായി സിനിമയിൽ കടന്നുവന്നു ഭാവാഭിനയം കൊണ്ട് ജനശ്രദ്ധ നേടിയ ശോഭ പിന്നീട് സംവിധായകനായ ബാലു മഹേന്ദ്രയെ വിവാഹം ചെയ്തു. ആ ബന്ധം പിന്നെ തകർന്നു ഒടുവിൽ ശോഭ എന്ന യുവതി എല്ലാം ഉപേക്ഷിച്ച് മരണത്തിൽ അഭയം കണ്ടെത്തി. അതു പോലെ തന്നെ മലയാളം തമിഴ് സിനിമ ലോകത്ത് ഏറെ പ്രശസ്തയായി മാറിയ നടിയായിരുന്നു മയൂരി. ചെറിയ പ്രായത്തിനിടയിൽ മലയാളത്തിൽ 20ലധികം സിനിമകളിൽ അവർ അഭിനയിച്ചു. ഒടുവിൽ എല്ലാം മറന്ന് സ്നേഹിച്ചിരുന്ന പ്രിയ കാമുകൻ തള്ളിപ്പറഞ്ഞപ്പോൾ അവരും പ്രേമനൈരാശയത്താൽ ആത്മഹത്യയിൽ എത്തി.
എഴുപതുകളിൽ മലയാളികളായ ചെറുപ്പക്കാരുടെ മുഴുവൻ ഹരമായി മാറിയ സൂപ്പർതാരമായിരുന്നു വിജയശ്രീ. അവർ തിളങ്ങുന്ന ചിത്രങ്ങൾ പലതും പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ ആയിരുന്നു. നൃത്തത്തിൽ അസാധാരണമായ കഴിവ് തെളിയിച്ച വിജയശ്രീ എന്ന നടി ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് മലയാളികൾ അറിഞ്ഞത്. അവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആ കാലത്തെ ഏറ്റവും പ്രമുഖനായ ഒരു നിർമ്മാതാവിന്റെ പങ്ക് ഉണ്ട് എന്ന് വാർത്തകൾ വന്നെങ്കിലും ഇതൊന്നും അന്വേഷിക്കാനും ആരും തയ്യാറായില്ല… സ്വന്തം ജീവിതം അവസാനിപ്പിച്ച വിജയശ്രീയുടെ ഓർമ്മകളും അതോടുകൂടി അവസാനിക്കുകയാണ് ഉണ്ടായത്.
ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സിനിമാലോകം ആകെ നീണ്ടുനിൽക്കുന്ന ചർച്ചകൾ നടക്കുമ്പോൾ ചിലരെല്ലാം പറയുന്നത് മലയാള സിനിമ ലോകത്ത് സ്ത്രീകൾ എല്ലാം സുരക്ഷിതരാണെന്നും തെറ്റായ ഒരു കാര്യവും സിനിമ രംഗത്ത് നടക്കുന്നില്ല എന്നും ഒക്കെയാണ്. താരസംഘടനയായ അമ്മയുടെ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ എല്ലാം വിശുദ്ധവും സത്യസന്ധവും ആണ് എന്ന് വാദിക്കുകയുണ്ടായി. എന്നാൽ സിനിമാ സംഘടനകളുടെ നേതാക്കളും സൂപ്പർതാരങ്ങളും ഇത്തരം ന്യായങ്ങൾ ഉയർത്തുമ്പോഴും ഇന്നും സിനിമയെ ആശ്രയിക്കുന്ന നടികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ദുരിതങ്ങളും തുറന്നു പറഞ്ഞതാണ് കമ്മിറ്റി പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ ഉള്ളത്.
അങ്ങനെ പരിശോധിച്ചാൽ ഞങ്ങൾ പറഞ്ഞപഴയകാല നടിമാരുടെ ആത്മഹത്യകൾ എങ്ങനെ ഉണ്ടായി എന്നതും ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ. സിനിമാ ലോകത്ത് ഇത്തരത്തിലുള്ള സ്ത്രീപീഡനങ്ങൾ കാലങ്ങളായി തുടർന്നുവരുന്ന ഏർപ്പാട് ആണ് എന്നും ഇപ്പോൾ പൊട്ടി വീണ ഒരു മഹാത്ഭുതം അല്ല എന്നും മലയാളി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. സിനിമാരംഗത്ത് കടന്നുവന്ന താരപരി വേഷത്തിൽ എത്തുകയും സൂപ്പർതാരങ്ങളായി മാറി അത് സമ്പന്നതയുടെ സൗകര്യങ്ങളിൽ എത്തുകയും ചെയ്യുമ്പോൾ പിന്നെ ആഗ്രഹിക്കുന്നത് സ്വന്തം വരുതിയിൽ സിനിമയെ നിർത്തണമെന്നതാണ്. ഇത്തരത്തിൽ മഹാനടന്മാരും മഹാ സംവിധായകരും ഒക്കെ ഇപ്പോഴും പെരുമാറുന്നു എന്നതിൻറെ തെളിവുകളും സൂചനകളും ആണ് പുറത്ത് വരുന്നത്. ഒരു കാര്യം മാത്രം ഇത്തരക്കാർ ഓർക്കുക. പൗഡർ പൂശി മഹാ സുന്ദരന്മാരായി വിലസുന്ന നിങ്ങളിൽ പലരുടെയും മേൽ ആത്മഹത്യ ചെയ്ത നടികളുടെ ആത്മാവിൻറെ ശാപം വന്നുവീഴുന്നുണ്ട്.