ഓണവും കാണവും ഇല്ലാതെ പൊതുജനം….

എല്ലാം വാരിക്കൂട്ടി തമ്പ്രാക്കന്മാർക്ക് കൊടുത്തു....

ലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് നാലോ അഞ്ചോ ദിവസം അവശേഷിക്കുമ്പോഴും കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പാവങ്ങൾ വറുതിയിൽ നിലനിൽക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയും സാധന വിലയുടെ വർദ്ധനവും ഈ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ് സർക്കാർ സംവിധാനത്തിലൂടെ ഓണത്തിന് പലചരക്ക് വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് നൽകിയിരുന്ന മാവേലി സ്റ്റോറും സപ്ലൈകോ സ്റ്റോറുകളും എല്ലാം വെറും വഴിപാട് കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ കുറെ നാളുകളായി സർക്കാരിനെ വട്ടംകർക്ക് നടത്തുന്ന ഓരോരോ രാഷ്ട്രീയ സംഭവവികാസങ്ങളും പ്രതിസന്ധികളും സർക്കാർ പ്രവർത്തനങ്ങളെ മരവിപ്പിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം.കേന്ദ്രസർക്കാർ വായ്പ എടുക്കുന്നതിന് അനുമതി നൽകിയെങ്കിലും ഈ വായ്പ തുക പോലും ചെല്ലുന്നത് സർക്കാർ ജീവനക്കാരുടെയും ആ വിഭാഗത്തിൽ പെടുന്നവരുടെയും ശമ്പളവും ടെൻഷനും നൽകുന്നതിനുള്ള കണക്കിലേക്കാണ്.യഥാർത്ഥത്തിൽ നമ്മുടെ സംസ്ഥാനത്ത് ഏതുതരത്തിലുള്ള പ്രതിസന്ധികൾ വരുമ്പോഴും ദുരിതത്തിൽ ആവുന്നത് സാധാരണ ജനങ്ങളാണ്.എന്നാൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ചറിയാതെ എട്ടോ പത്തോ ലക്ഷം മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥരും അവരുടെ തുല്യമായ പദവിയിലുള്ള വരും ഇതൊന്നും അറിയാതെ സുഖിച്ച് വാഴുന്ന എന്നതാണ് വാർത്തകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന.ഒടുവിലുള്ള കണക്കുപ്രകാരം കേരള സർക്കാരിൻറെ റവന്യൂ വരുമാനത്തിന്റെ 70% വും ഉദ്യോഗസ്ഥരുടെ പെൻഷനും ശമ്പളത്തിനും മാത്രമായി മാറുകയാണ്.

യഥാർത്ഥത്തിൽ കൃത്യമായി ശമ്പളമോ പെൻഷനോ ഒക്കെ പറ്റി ജീവിക്കുന്ന ആൾക്കാരുടെ കാര്യം ഒന്ന് പരിശോധിച്ചാൽ ആണ് സാധാരണ ജനങ്ങളുടെ ബോധം ഇല്ലാതാവുന്നത്.നമ്മുടെ സർക്കാരിൻറെ ട്രഷറി കണക്കുപ്രകാരം പത്തേ കാൽ ലക്ഷത്തോളം പേരാണ് ട്രഷറിയിൽ നിന്നും ശമ്പളവും പെൻഷനും കൃത്യമായി വാങ്ങി കൊണ്ടിരിക്കുന്നത്.ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് ഒന്നും ചെയ്യാതെ ഇരിക്കുന്നവരും ജോലിചെയ്ത് തളർന്നു പോയി എന്ന് പറഞ്ഞുകൊണ്ട് പെൻഷൻ പറ്റി കഴിയുന്ന ആൾക്കാരും ഒക്കെയാണ് ഈ സർക്കാർ പണം ഇപ്പോഴും കൃത്യമായി മാസംതോറും വാങ്ങി കൊണ്ടിരിക്കുന്നത്.ഈ തുക എല്ലാം കേരളത്തിലെ സാമാന്യ ജനങ്ങൾ അടക്കമുള്ള സമൂഹത്തിൻറെ പോക്കറ്റിൽ നിന്നും തട്ടിയെടുക്കുന്ന നികുതിപ്പണമാണ് എന്ന കാര്യമാണ് രസകരമായ വസ്തുത.ശമ്പളം പറ്റുന്ന ആൾക്കാരുടെ കണക്കുകൾ തന്നെ രസകരമാണ്. പി. എസ് സി വഴി നിയമിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർ ഏതാണ്ട് നാല് ലക്ഷത്തോളം ആണ്. മറ്റൊരു വിഭാഗം നാലു ലക്ഷത്തിലധികം വരുന്ന സർക്കാർ സർവീസിലുള്ള കരാർ ജീവനക്കാർ ആണ് എന്ന് പറഞ്ഞാൽ സർക്കാരിൻറെ 122 വകുപ്പുകളിൽ ആയി ഇത്രയധികം താൽക്കാലിക ജീവനക്കാർ ശമ്പളം പറ്റുന്നു എന്നതാണ്. 1.90 ലക്ഷം കരാർ ജീവനക്കാർ സ്പാർക്ക് വഴി ശമ്പളം പറ്റുന്ന ആൾക്കാരാണ് എന്നും കണക്കുകളിൽ പറയുന്നുണ്ട്.

ജനങ്ങൾ പട്ടിണിയിൽ ആയാലും അതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ കൃത്യമായി ശമ്പളവും പെൻഷനും പറ്റുന്ന മറ്റൊരു വിഭാഗം കൂടി നമ്മുടെ കേരളത്തിൽ ഉണ്ട്. 5000 രൂപ മുതൽ മുകളിലേക്ക് പെൻഷൻ പറ്റുന്ന 1162 മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ കേരളത്തിലുണ്ട് എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. അതുപോലെതന്നെ മാസത്തിൽ കുറഞ്ഞത് 8000 രൂപ മുതൽ തുടങ്ങി അമ്പതിനായിരത്തിലധികം രൂപ വരെ ടെൻഷൻ വാങ്ങുന്ന മരിച്ചുപോയ എംഎൽഎമാരുടെ ഇത്തരത്തിൽ 105 പേരാണ് ഇപ്പോഴും ആനുകൂല്യം പറ്റുന്നത്.ജനസേവനം നടത്തുവാൻ ജീവിതം നീക്കിവെച്ച ആൾക്കാരാണല്ലോ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട ആൾക്കാർ ഇത്തരക്കാരുടെ ത്യാഗപൂർണമായ സേവനത്തിന്റെ കഥ കൂടി ഒന്ന് പരിശോധിച്ചു നോക്കണം. സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആൾക്കാരാണ് നമ്മുടെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള പഞ്ചായത്ത് മെമ്പർമാരായി കേരളത്തിൽ 22000 ആൾക്കാരാണ് ഉള്ളത്. ഇവർക്കെല്ലാം 5000 രൂപയ്ക്ക് മുകളിൽ ഓണറേറിയം നൽകിവരുന്നുണ്ട്. ഇതുകൂടാതെയാണ് 50ലധികം വരുന്ന മുനിസിപ്പാലിറ്റിയും കോർപ്പറേഷനിലും ഉള്ള അംഗങ്ങളുടെ ആനുകൂല്യം.

ഇതെല്ലാം കഴിഞ്ഞാൽ ഇനി മറ്റൊരു തട്ടിപ്പ് സംഘത്തിൻറെ ശമ്പള വിതരണം കൂടി ഉണ്ട്. നമ്മുടെ കേരളത്തിലെ പി എസ് സി അംഗങ്ങളുടെ ശമ്പളം മാസം 3 ലക്ഷത്തിലധികമാണ്. ഇത്തരത്തിൽ ഇരുപതോളം അംഗങ്ങൾ ഇപ്പോൾ ഉണ്ട്. ഇതുകൂടാതെ സർക്കാർ സംവിധാനം ആയി പ്രവർത്തിക്കുന്ന 50ലധികം കോർപ്പറേഷനുകളും 30ലധികം ബോർഡുകളും വേറെ ഉണ്ട്. മറ്റൊരു കൂട്ടർ വിവിധ കാര്യങ്ങളിൽ സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷനുകളാണ്. വർഷങ്ങളായി 25ലധികം കമ്മീഷനുകൾ നൂറുകണക്കിന് ജീവനക്കാരുമായി ശമ്പളം പറ്റി പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് വിവിധ ട്രിബ്യൂണലുകൾ ആറിൽ അധികം ട്രിബ്യൂണലുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. മറ്റൊരു സംഘം പലതുമായി ബന്ധപ്പെട്ടിട്ടുള്ള ഓംബുഡ്സ്മാൻമാർ ആണ്. ഇവിടെയെല്ലാം ചെയർമാൻ അല്ലെങ്കിൽ പ്രസിഡൻറ് കൂടാതെ ബോർഡ് അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവയും ഉണ്ട്. മാസത്തോളം നിരവധി കോടി രൂപയാണ് ഇവരെയൊക്കെ തീറ്റിപ്പോറ്റാൻ സർക്കാർ ഖജനാവിൽ നിന്നും വിനിയോഗിക്കുന്നത്.

ഇതെല്ലാം കൃത്യമായി നടത്തി സർക്കാർ ജീവനക്കാരെയും കൂടെയുള്ളവരെയും സന്തോഷിപ്പിച്ചു നിർത്തുമ്പോൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന പല മേഖലകളിലുള്ള തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ മുടങ്ങിയിട്ട് ഒരു വർഷത്തിലധികം ആയി എന്നാണ് പറയപ്പെടുന്നത്. ഈ ക്ഷേമനിധികളിൽ എല്ലാം നൂറുകണക്കിന് കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നു. ഇതൊന്നും സർക്കാർ നൽകിയതല്ല. ഓരോ ക്ഷേമനിധിയിലെയും ലക്ഷക്കണക്കിന് വരുന്ന അംഗങ്ങളായ തൊഴിലാളികൾ മാസം തോറും നൽകുന്ന അംശാദായമാണ് കോടികളായി ഈ ബോർഡുകളിൽ നിറഞ്ഞുകിടക്കുന്നത്. പല വിഭാഗങ്ങളിലായി ഏതാണ്ട് 80 ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ ക്ഷേമനിധി ബോർഡുകളിൽ ചേർന്നുകൊണ്ട് പണം അടച്ചിട്ടുള്ളത്. ഇവർക്ക് ആർക്കും കൃത്യമായി പെൻഷൻ നൽകാൻ ബോർഡുകൾക്ക് കഴിയുന്നില്ല ഇതിൻറെ കാരണവും സർക്കാരിൻറെ തെറ്റായ ഇടപെടലുകളാണ്. വലിയ സാമ്പത്തികശേഷിയുള്ള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കള്ളു ചെത്തു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയവയിൽ നിന്നും സർക്കാർ പണം പിൻവലിച്ചിരിക്കുകയാണ്. ബോർഡിൻറെ പണം സർക്കാർ ട്രഷറിയിലേക്ക് മാറ്റുവാൻ ധനകാര്യവകുപ്പ് തീരുമാനിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ഈ ബോർഡുകളുടെ തുക മാറ്റപ്പെടുകയും ചെയ്തതാണ് ബോർഡുകളെ തകർച്ചയിലേക്ക് എത്തിച്ചത്. സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി ബോർഡുകളിൽ നിന്നും 2500 കോടിയിലധികം രൂപ ട്രഷറിയിലേക്ക് മാറ്റിയതായിട്ടാണ് അറിയുന്നത്. ആറുമാസത്തേക്ക് കടമായി എടുത്ത ഈ തുക പിന്നെ തിരിച്ച് അടച്ചിട്ടില്ല ഇതാണ് തൊഴിലാളികൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യ വിതരണങ്ങൾ മുടങ്ങാൻ കാരണംകേരളത്തിലെ മുഴുവൻ ആൾക്കാർക്കും ഓണ കിറ്റ് സൗജന്യമായി നൽകിയിരുന്ന സർക്കാരാണ് ഇപ്പോൾ വരും ബിപിഎൽ പട്ടികയിൽ ഉള്ള ചുരുക്കം ചില ആൾക്കാർക്കു മാത്രമായി കിറ്റ് വിതരണം ചെയ്തത്. സർക്കാർ സംവിധാനത്തിൽ നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സംവിധാനവും സാധനങ്ങൾ ഇല്ലാതെ തകർച്ചയിൽ കിടക്കുകയാണ്.ഇതൊക്കെയാണ് ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ പൊതുജനം നൽകുന്ന നികുതിപ്പണം ജനസംഖ്യയുടെ ഒരു ശതമാനം പോലും ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു ചിലർക്കും മാത്രമായി പങ്കിട്ടു നൽകുന്നത് യഥാർത്ഥത്തിൽ കേരളത്തിലെ പൊതുസമൂഹത്തോട് സർക്കാർ കാണിക്കുന്ന കടുത്ത വഞ്ചനയും അനീതിയും ആണ് എന്ന് പറയാതിരിക്കാൻ വയ്യ.