സംസ്ഥാന മുഖ്യമന്ത്രിയും, സിപിഎം പാർട്ടിയുടെ ദേശീയ തലത്തിലെ മുതിർന്ന നേതാവും ആയ പിണറായി വിജയൻ ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെക്കും. കേരളത്തിൽ രൂക്ഷമായ പ്രതിസന്ധിയിൽ നിൽക്കുന്ന പാർട്ടിയെയും ഇടതുപക്ഷ സർക്കാരിനെയും ശക്തിപ്പെടുത്തുന്നതിനുള്ള നയപരമായ മാറ്റങ്ങൾക്കായി ആലോചനകൾ നടക്കുകയാണ്. സിപിഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വേർപാടിൽ, പാർട്ടി യഥാർത്ഥത്തിൽ നാഥനില്ലാത്ത സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. മാത്രവുമല്ല പാർട്ടിക്ക് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ വേർപാട് എന്നതും പ്രാധാന്യമുള്ള കാര്യമാണ്. കാലങ്ങളായി പാർട്ടി കയ്യടക്കിയിരുന്ന പശ്ചിമബംഗാളും ത്രിപുരയും കൈവിട്ടു പോയിട്ട് കാലം ഏറെയായി. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന്റെ അധികാരകേന്ദ്രം നിലനിൽക്കുന്നത്. അങ്ങനെയുള്ള കേരളത്തിൽ പാർട്ടി ചരിത്രത്തിൽ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഇടതുപക്ഷ സർക്കാരിൻറെ പേരിലും മുഖ്യമന്ത്രിയുടെ പേരിലും വലിയ തോതിലുള്ള ആരോപണങ്ങൾ ഉയർന്നത് ജനങ്ങൾക്കിടയിൽ ഇടതുപക്ഷ വിരോധം ഉണ്ടാക്കിയിട്ടുണ്ട്. സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ കാര്യത്തിലും വിഭാഗീയതയും തർക്കങ്ങളും ഉരുണ്ടുകൂടി കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ സർക്കാരിനെയും പാർട്ടിയെയും പുതിയ തരത്തിൽ ആവിഷ്കരിച്ച് മുന്നോട്ട് നീങ്ങുക എന്ന ആശയമാണ് ഇപ്പോൾ ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നത്.
സർക്കാർതലത്തിലും പാർട്ടി തലത്തിലും കാതലായ അഴിച്ചുപണികൾ വരുത്തുക എന്നതാണ് പരിഹാരമായി കാണുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയനെ യെച്ചൂരിക്ക് പകരമായി പാർട്ടിയുടെ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കുക എന്നതാണ് ഒരു നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഗോവിന്ദൻ മാസ്റ്ററെ കൊണ്ടുവരുന്നതിനും നിർദ്ദേശം ഉണ്ടായിട്ടുണ്ട്. കേരളം വിടുക എന്നത് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിക്കുന്ന കാര്യമാണോ എന്ന ആശങ്ക ഉണ്ടെങ്കിലും, കേരളത്തിൽ തൻറെ പേരിലും മകളുടെ പേരിലും മറ്റും ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളും ഭരണത്തിൽ തനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളും പിണറായി വിജയനെ മാനസികമായി തളർത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒരു എംഎൽഎ ആയ പി വി അൻവർ കൊടുത്തുവിട്ട ആഭ്യന്തരവകുപ്പിന്റെ പേരിൽ ഉള്ള ആരോപണങ്ങൾ, മുഖ്യമന്ത്രിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. താൻ വിശ്വസിച്ച എഡിജിപി അജിത് കുമാർ എല്ലാ ക്രിമിനൽ കുറ്റങ്ങളുടെയും കേന്ദ്രമായി വ്യാഖ്യാനിക്കപ്പെടുന്നതും സ്വന്തം പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ക്രിമിനൽ കുറ്റങ്ങൾക്ക് വരെ കൂട്ടുനിൽക്കുന്നതായും ഉള്ള പരാതികൾ പിണറായി വിജയനെ തളർത്തിയിട്ടുണ്ട്. ഇതിനിടയിലാണ് കേരളത്തിലെ സിപിഎമ്മിനകത്ത് പുതിയ ചേരിതിരിവുകളും വിഭാഗീയതയും ശക്തമായി മാറുന്ന അന്തരീക്ഷം ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ പല ജില്ലാ കമ്മിറ്റികളിലും വിഭാഗീയത ശക്തമാണ്. പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ എല്ലാം ഇടതുപക്ഷ സർക്കാരിനെതിരെയും പാർട്ടിയുടെ നേതാക്കൾക്കെതിരെയും രൂക്ഷമായ പരാതികളാണ് സഖാക്കൾ തന്നെ ഉയർത്തി കൊണ്ടിരിക്കുന്നത്. സിപിഎം കോട്ടയായ കണ്ണൂരിൽ പോലും വിഭാഗീയതയുടെയും തർക്കങ്ങളുടെയും പേരിൽ പ്രാദേശിക സമ്മേളനങ്ങൾ ചേരാൻ കഴിയാത്ത സ്ഥിതി വരെ ഉണ്ടായിരിക്കുന്നു.
കേരളത്തിലെ സിപിഎമ്മിന്റെ യഥാർത്ഥ അവസ്ഥ ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിയിട്ട് നാളുകൾ ഏറെയായി. പ്രശ്നപരിഹാരത്തിന് പലതരത്തിലുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല ഈ അവസ്ഥയിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് കടന്നുവരികയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി വമ്പൻ പരാജയം ഏറ്റുവാങ്ങുകയും ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് പാർട്ടിയിലും പൊതുസമൂഹത്തിലും സർക്കാർ വിരുദ്ധ മനോഭാവം പ്രകടമായി എന്നത് പാർട്ടി നേതൃത്വം മനസ്സിലാക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഉള്ള ഭരണവിരുദ്ധ വികാരം പ്രകടമായതാണ് കനത്ത തോൽവിക്ക് കാരണം എന്ന് പാർട്ടിയും കണ്ടെത്തിയിരുന്നു. ഇതിനെ മറികടക്കുന്നതിന് തിരുത്തൽ നടപടികൾ ആലോചിച്ചു എങ്കിലും അതും ഒന്നും നടപ്പായിട്ടില്ല. ഇതിനിടയിലാണ് ആഭ്യന്തരവകുപ്പിന്റെ പേരിൽ ഞെട്ടിപ്പിക്കുന്ന തെളിവുകൾ സഹിതം പാർട്ടി എംഎൽഎ തന്നെ പരസ്യമായി രംഗത്ത് വന്നത്. ഈ സംഭവം പാർട്ടിയിൽ മാത്രമല്ല ഘടക കക്ഷികളിലും വലിയ എതിർപ്പിന് കാരണമായി.
സംസ്ഥാന പാർട്ടി ഘടകത്തിൽ ഇത്തരം വസ്തുതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്, മുഖ്യമന്ത്രി പിണറായി വിജയനെ തൽസ്ഥാനത്തുനിന്നും മാറ്റുക എന്ന ആലോചന നേതാക്കളിൽ ഉണ്ടായത്. അന്തരിച്ച സീതാറാം യെച്ചൂരിയുടെ സെക്രട്ടറി പദവിയിലേക്ക് പിണറായി വിജയനെ നിയോഗിക്കുകയും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുകയും ചെയ്യുക എന്ന പോംവഴിയാണ് ആലോചിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം. പിണറായി വിജയൻ ഈ മാറ്റത്തിന് ഒരു തരത്തിലും സമ്മതം നൽകിയില്ലെങ്കിൽ മറ്റാരെയെങ്കിലും യെച്ചൂരിയുടെ പകരക്കാരനായി കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകും. നിലവിൽ പോളിറ്റ് ബ്യൂറോയിൽ അംഗങ്ങൾ ആയിട്ടുള്ള ആരെയെങ്കിലും താൽക്കാലിക സെക്രട്ടറിയായി തെരഞ്ഞെടുക്കുകയോ അതല്ലെങ്കിൽ മറ്റാർക്കെങ്കിലും ചുമതല നൽകുകയോ ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാം. കേരളത്തിൽ നിന്നും എം എ ബേബിയുടെയും വിജയരാഘവന്റെയും പേരുകളാണ് സെക്രട്ടറി പദവിയിലേക്ക് പറഞ്ഞു കേൾക്കുന്നത്, ഇതുകൂടാതെ ഇപ്പോൾ പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബ്രിന്ദ കാരാട്ട്, ആന്ധ്രയിൽ നിന്നുള്ള ബി വി രാഘവലു, എന്നിവരുടെ പേരുകളും ആലോചനയിൽ ഉണ്ട്. ദേശീയ സെക്രട്ടറി പദവി വേണ്ട എന്ന് വിജയൻ നിർബന്ധം പിടിച്ചാൽ, അദ്ദേഹം തന്നെ എം എ ബേബിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ സാധ്യതയുണ്ട്. ഏറെക്കാലമായി ഡൽഹി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരള നേതാവാണ് ബേബി. മാത്രവുമല്ല ദേശീയ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിലെ പല നേതാക്കളുമായും ബേബിക്ക് വലിയ അടുപ്പവും ഉണ്ട്. ഇന്നത്തെ ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, ഇന്ത്യ സഖ്യത്തിന് വലിയ പ്രാധാന്യം ഉണ്ട്. അതുകൊണ്ടുതന്നെ ബേബിക്ക് മുൻഗണന കിട്ടാനുള്ള സാധ്യത കൂടുതലാണ്.
വലിയ സമ്മർദ്ദവും പ്രലോഭനവും ഇല്ലാതെ തന്നെ സീതാറാം യെച്ചൂരിയുടെ പദവിയിലേക്ക് പിണറായി വിജയൻ എത്തിച്ചേരും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രി പദവിയിൽ രണ്ടാമതും എത്തിയെങ്കിലും ഇപ്പോൾ എല്ലാ തരത്തിലും ഒറ്റപ്പെട്ട സ്ഥിതിയിലും ആരോപണ വിധേയനായ നിലയിലും ആണ് പിണറായി വിജയൻ നിൽക്കുന്നത്. ഡൽഹി രാഷ്ട്രീയത്തിലേക്ക് മാറിയാൽ നിലവിൽ തൻറെ പേരിലും മകളുടെ പേരിലും മറ്റും ഉയർന്നിട്ടുള്ള പലതരത്തിലുള്ള കേസുകളും അതുപോലെതന്നെ കാലങ്ങളായി ഉറക്കം കെടുത്തുന്ന ലാവലിൻ കേസും ഒക്കെ കൈകാര്യം ചെയ്യാൻ എളുപ്പമാകും എന്ന ഒരു ചിന്തയും പിണറായി വിജയനിൽ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. ഈ ഒരു ചിന്തയിലേക്ക് പിണറായി വിജയൻ മാറുന്നപക്ഷം വളരെ എളുപ്പത്തിൽ സ്ഥാനമാറ്റങ്ങൾ ഉണ്ടാകുവാൻ ആണ് സാധ്യത.