ദിവസങ്ങളോളം വാർത്ത മാധ്യമങ്ങളിലും പൊതുവേദികളിലും ചർച്ചയായി നിറഞ്ഞു നിന്ന ഒരു സംഭവം ആയിരുന്നു തിരുവനന്തപുരം നഗരസഭയുടെ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് എം എൽ എ ആയ സച്ചിൻ ദൈവവും ഒരു വശത്തും മറുവശത്ത് കെ എസ് ആർ ടി സി ഡ്രൈവറായ യദുവും തമ്മിൽ ഉണ്ടായ വഴക്കിന്റെയും തർക്കത്തിന്റെയും പോലീസ് ഇടപെടലും കോടതി കേസും എല്ലാം. സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. എന്താണ് ഈ കേസിന്റെ അവസ്ഥ എന്നത് ഇപ്പോൾ ആരും അന്വേഷിക്കുന്നില്ല. തിരുവനന്തപുരം നഗരവീഥിയിൽ ഓടിച്ചു വന്ന ട്രാൻസ്പോർട്ട് ബസ് പിറകെ വന്ന മേയർ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറിന് കടന്നു പോകാൻ സൈഡ് കൊടുത്തില്ല എന്നതിൻറെ പേരിൽ ഉണ്ടായ തർക്കങ്ങളും ഭീഷണികളും ഒക്കെയാണ് വലിയ വിവാദമായി മാറിയത്. വിഷയത്തിൽ രണ്ടു കൂട്ടരും പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം യഥാർത്ഥത്തിൽ മെല്ലെ പോകുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ ഏതായാലും ഈ കേസിന്റെ ഗതി എന്താണ് എന്ന് ആർക്കും അറിയില്ല.
മേയർ ആര്യ രാജേന്ദ്രനും കുടുംബവും ആണോ തെറ്റ് ചെയ്തത് അതോ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായ യദു ആണോ തെറ്റ് ചെയ്തത് എന്ന് അന്വേഷിച്ച് കണ്ടെത്താനുള്ള ചുമതല കേരള പോലീസിൻറെ ബാധ്യതയാണ്. എന്നാൽ അറിയുന്ന വിവരങ്ങൾ അനുസരിച്ച് ഈ കേസിൽ പോലീസ് ഒരടി പോലും മുന്നോട്ടു പോയിട്ടില്ല എന്നതാണ്. എന്താണ് ഇത്രയും വിവാദമായ ഒരു സംഭവത്തിന്മേൽ അന്വേഷണം നടത്താൻ പോലും പോലീസിന് കഴിയാതെ വരുന്നത് എന്ന് ചോദ്യമാണ് ഉയരുന്നത്.പോലീസിൽ പരാതി നൽകിയിട്ട് ഒരു മേൽ നടപടിയും ഉണ്ടാകാതെ വന്നപ്പോൾ ആണ് ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായ യദു പരാതിയുമായി കോടതിയിൽ എത്തിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ യദു നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് കോടതി നടത്തിയ പരാമർശങ്ങൾ പോലീസിനും സർക്കാരിനും ക്ഷീണം ഉണ്ടാക്കുന്നതാണ്. ഒരു പരാതി പോലീസിന് ഒരാൾ കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നടത്തി കോടതിയിൽ എഫ് ഐ ആർ സമർപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്നാണ് കോടതി ചോദിച്ചത്. മാത്രവുമല്ല പരാതിക്കാരന്റെ കാര്യത്തിൽ പോലീസ് എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയതായി വിശ്വസിക്കാൻ കഴിയുന്നില്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. ട്രാൻസ്പോർട്ട് ഡ്രൈവർ സമർപ്പിച്ച പരാതിയുടെ കാര്യത്തിൽ പ്രതികളായി പറഞ്ഞിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഭർത്താവായ നിയമസഭാംഗം സച്ചിൻദേവ് എന്നിവരിൽ നിന്നും മൊഴിയെടുക്കാൻ പോലും ഇത്രയും കാലത്തുനുള്ളിൽ പോലീസിന് കഴിയാതെ പോയത് എന്തുകൊണ്ടാണ് എന്നും കോടതി വിലയിരുത്തി.
ഇവിടെ ശ്രദ്ധേയമായി മാറുന്നത് കേരളത്തിലെ പൊതുജനങ്ങൾ പലപ്പോഴും സംശയത്തിൽ എടുക്കാറുള്ള രാഷ്ട്രീയത്തിന്റെ സ്വാധീനവും കടന്നുകയറ്റവും ആണ്. ജനാധിപത്യത്തിൽ പദവികളിൽ എത്ര ഉയരത്തിൽ ഇരിക്കുന്ന ആൾ ആണെങ്കിലും നിയമത്തിനു മുന്നിൽ തുല്യനായി മാറുക എന്നത് അത്യാവശ്യം ആണ്. തിരുവനന്തപുരം നഗരത്തിൽ ഒരു കുടുംബം സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല എന്നതിൻറെ പേരിൽ കാറിലെ സഞ്ചാരികൾ ബസ്സിന് മുന്നിൽ വണ്ടി നിർത്തി ട്രാൻസ്പോർട്ട് ഡ്രൈവറെ ചോദ്യം ചെയ്യുന്നതും കാറിൽ സഞ്ചരിച്ചിരുന്ന നിയമസഭാംഗം ബസ്സിനുള്ളിൽ കയറി കണ്ടക്ടറെയും ഡ്രൈവറെയും ഭീഷണിപ്പെടുത്തുന്നതും ഒക്കെ മാധ്യമങ്ങൾ വീഡിയോ വഴി ജനങ്ങളെ കാണിച്ചതാണ്. പരിധിവിട്ടു എന്നത് മാത്രമല്ല മേയറും എംഎൽഎയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്നതും ആ വീഡിയോയിൽ ചാനലുകൾ കാണിച്ചിട്ടുള്ളതാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുവാൻ കോർപറേഷൻ മേയർ ആയാലും അതല്ല ഇന്ത്യയുടെ രാഷ്ട്രപതി ആയാലും അവകാശമോ അധികാരമോ ഇല്ല എന്നത് തിരിച്ചറിയേണ്ട കാര്യമാണ്. ഇനി മറുവശത്ത് തെറ്റ് ചെയ്തത് ട്രാൻസ്പോർട്ട് ബസിന്റെ ഡ്രൈവർ ആണെങ്കിൽ പോലീസ് തന്നെ അന്വേഷണം നടത്തി അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷയ്ക്ക് വിധേയനാകണം. ഇതൊന്നും ഇവിടെ നടന്നിട്ടില്ല എന്ന വസ്തുതയാണ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് വന്നപ്പോൾ കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന സിപിഎം എന്ന പാർട്ടിയുടെ അനുഭാവിയാണ് മേയറായ ആര്യ രാജേന്ദ്രൻ. അവരുടെ ഭർത്താവായ സച്ചിൻ ദേവ് സിപിഎമ്മിന്റെ നിയമസഭ അംഗവുമാണ്. ഇത്തരത്തിൽ രാഷ്ട്രീയമായി സ്വാധീനമുള്ള ആൾക്കാർ പ്രതിപട്ടികയിൽ വന്നതാണ് ട്രാൻസ്പോർട്ട് ഡ്രൈവർ സമർപ്പിച്ച കേസിൽ മുന്നോട്ട് പോക്ക് തടയപ്പെട്ടത് എന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.ഇതൊന്നും കേരളത്തിലെ പൊതുജനങ്ങൾക്ക് പുതിയ അനുഭവം അല്ല. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ഉള്ളവർ എത്ര വലിയ തെറ്റ് ചെയ്യപ്പെടുമ്പോഴും രക്ഷപ്പെടുന്ന കാഴ്ച പുതിയ അനുഭവമല്ല. ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിലിരിക്കുന്ന കാലയളവിൽ രാഷ്ട്രീയമായ വിഷയങ്ങൾക്ക് അപ്പുറം മറ്റു പലതും അധികാരത്തിന്റെ മറവിൽ നടന്നിട്ടുള്ളത് വാർത്തകളായി പുറത്തുവന്നതാണ്. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ ഇല്ലാതെ കഴിയുമ്പോൾ പബ്ലിക് സർവീസ് കമ്മീഷനിൽ പോലും കടന്നുകയറി അനർഹർ ജോലി നേടിയ സംഭവങ്ങൾ. പരീക്ഷ എഴുതാതെ ബിരുദങ്ങൾ പോലും നേടിയെടുക്കുന്ന കുട്ടിനേതാക്കളുടെ മികവിന്റെ വാർത്തകൾ മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ മാസ പടി കേസുകൾ ഉയർന്നു വന്നപ്പോൾ അത് അതേ വേഗത്തിൽ കെട്ടടങ്ങിപ്പോയ സംഭവങ്ങൾ ഇതെല്ലാം രാഷ്ട്രീയ സ്വാധീനത്തിന്റെയും അധികാര കൈകടത്തലിന്റെയും പിൻബലം കൊണ്ടാണ് എന്ന കാര്യത്തിൽ എന്ത് സംശയമാണ് ഉള്ളത്.
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളും നീതിയും അനുശാസിക്കുന്നത് രാജ്യത്തുള്ള എല്ലാ പൗരനും ഒരേപോലെ പരിഗണന നൽകണം എന്നുള്ളതാണ്. എത്ര വലിയ ഉന്നത പദവിയിൽ ഇരിക്കുന്ന ആൾ ആയാലും നിയമത്തിനു മുന്നിൽ എല്ലാരും സമന്മാരാണ് എന്ന തത്വമാണ് നമ്മുടെ ഭരണഘടന പോലും വ്യക്തമാക്കുന്നത്. ഇതെല്ലാം നിലനിൽക്കുന്ന ഒരു രാജ്യത്താണ് പോലീസ് പോലും ഭരണാധികാരികളുടെ സ്വാധീനങ്ങൾക്ക് ഇരയായി നീതി നടപ്പിലാക്കുന്നതിൽ പക്ഷപാതങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുഭാവികളും നേതാക്കളും ആയാൽ നിയമവും നിയമപാലകരും അവർ പറയുന്ന വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന ഗതികേട് ഉണ്ടാകുന്നത് യഥാർത്ഥത്തിൽ സമൂഹത്തോട് തന്നെ കാണിക്കുന്ന അനീതിയാണ്.