വയനാട്ടിൽ കുടുങ്ങി മാണി കേരള നേതാക്കൾ.

തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടിൽ.

രു ക്ഷാമവുമില്ലാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസുകൾ. ഇപ്പോൾ തന്നെ എട്ടിലധികം കേരള കോൺഗ്രസുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ഒറിജിനൽ കേരള കോൺഗ്രസിൽ ഉണ്ടായിരുന്ന നേതാക്കൾ പിളർന്നു പിളർന്ന രൂപം കൊണ്ടതാണ് ഈ പാർട്ടികൾ എല്ലാം. സാക്ഷാൽ കെ എം മാണിയുടെ മകനായ ജോസ് കെ മാണി കൊണ്ട് നടക്കുന്ന ഒരു കേരള കോൺഗ്രസും മുൻ നേതാവായ പി ജെ ജോസഫ് കൊണ്ടുനടക്കുന്ന മറ്റൊരു കേരള കോൺഗ്രസും ആണ് അല്പം എങ്കിലും ജന പിന്തുണയോടെ നിലനിൽക്കുന്നത്. ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് വക ഒരു കേരള കോൺഗ്രസ് ഉണ്ട്. ബാലകൃഷ്ണപിള്ളയുടെ മകനായ ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാറും ഒരു കേരള കോൺഗ്രസിൻറെ നേതാവാണ് മുൻ മന്ത്രി രാജു എബ്രഹാമിനും ഉണ്ട്. ഒരു കേരള കോൺഗ്രസ് അടുത്തിടയ്ക്ക് പാർട്ടി വിട്ട് കോട്ടയത്ത് മാത്രം ശിങ്കിടികൾ ഉള്ള സജി മഞ്ഞക്കടമ്പൻ എന്ന യൂത്ത് നേതാവിന് ഉണ്ട് ഒരു പുതിയ കേരള കോൺഗ്രസ്. അവസരം പോലെ ഇടതുമുന്നണിയിലും വലതു മുന്നണിയിലും ചേക്കേറി എന്തെങ്കിലുമൊക്കെ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാട്ടുകളാണ് ഇവയെല്ലാം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വരെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ ഘടകകക്ഷി ആയിരുന്നു. കെഎം മാണിയുടെ മകൻ ജോസ് കെ മാണി ചെയർമാൻ ആയിട്ടുള്ള കേരള കോൺഗ്രസ് യുഡിഎഫിൽ കാര്യമായ പരിഗണന കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അവിടം വിട്ടു സിപിഎം നയിക്കുന്ന ഇടതുമുന്നണിയിൽ എത്തിയ ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നോ നാലോ എം എൽ എ മാരെയും ഒരു മന്ത്രിയെയും ഒരു ചീഫ് വിപ്പിനെയും സ്വന്തമാക്കിയെടുത്തു. പിന്നീട് രാജ്യസഭയിൽ ഒഴിവ് വന്നപ്പോൾ ഇടതുമുന്നണിയെ വിരട്ടി ആ പദവിയും ജോസ് കെ മാണി സ്വന്തമാക്കി. ഇതൊക്കെ ആണെങ്കിലും മാണി കേരളയുടെ ആസ്ഥാനം എന്ന് പറയാവുന്ന കോട്ടയം ജില്ലയിൽ പാർട്ടി വലിയ പ്രതിസന്ധിയിലാണ്. കോട്ടയത്തെ പാർലമെൻററി രാഷ്ട്രീയത്തിൽ സിപിഎമ്മും സിപിഐയും മാണി കേരള കോൺഗ്രസിന് തടയുകയാണ്. ഏത് യോഗം ചേർന്നാലും മാണി കേരള നേതാക്കൾ വലിയ ഉച്ചത്തിൽ സിപിഎമ്മിനും സിപിഐക്കും എതിരെ രോഷം കൊള്ളും. യോഗം കഴിഞ്ഞു കഴിയുമ്പോൾ എല്ലാം മറന്ന് ഇടതുമുന്നണിയിൽ നിൽക്കുകയും ചെയ്യും.

ഇടതുമുന്നണിയിലെ മൂന്നാമത്തെ ഘടകകക്ഷിയാണ് മാണി കേരള കോൺഗ്രസ്. ഈ പാർട്ടി ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിലാണ്. പാർട്ടിയുടെ ചെയർമാൻ ആണ് ജോസ് കെ മാണി എംപി ഇദ്ദേഹമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണ സമിതിയുടെ ചെയർമാനും. ഇത്തരത്തിൽ ദേശീയതലത്തിൽ വലിയ പ്രാധാന്യമുള്ള ഇന്ത്യ മുന്നണിയിലെ ഒരു നേതാവായി നിൽക്കുന്ന ജോസ് കെ മാണി കേരളത്തിൽ എന്തു രാഷ്ട്രീയ നിലപാട് എടുക്കും എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്.രാഹുൽ ഗാന്ധി രാജിവച്ചതിന്റെ പേരിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ രാഹുലിന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണ്. ഇത്തരത്തിൽ ദേശീയ പ്രാധാന്യമുള്ള ഒരു ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇന്ത്യ സഖ്യത്തിന്റെ നേതാവായി നിൽക്കുന്ന ജോസ് കെ മാണി പങ്കെടുത്തില്ലെങ്കിൽ അത് വലിയ രാഷ്ട്രീയ വിഷയമായി മാറും. കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഘടകകക്ഷിയായി പാർട്ടി നിലനിൽക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊഗേരി ആണ്. യഥാർത്ഥത്തിൽ വയനാട് മണ്ഡലത്തിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു പ്രചാരണത്തിൽ പങ്കെടുക്കുന്ന ജോസ് കെ മാണി ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനാണ് അഭ്യർത്ഥിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ അവിടെ പ്രചാരണം നടത്തിയാൽ എതിർ സ്ഥാനാർഥിയായ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിക്കെതിരെ സംസാരിക്കേണ്ടിവരും. പ്രിയങ്കാ ഗാന്ധിയും അവരുടെ പാർട്ടിയായ കോൺഗ്രസും ദേശീയ പ്രതിപക്ഷസഖ്യത്തിന്റെ നേതൃനിരയിൽ ഉള്ള പാർട്ടിയാണ്. യഥാർത്ഥ രാഷ്ട്രീയവും മുന്നണി മര്യാദയും കാണിക്കേണ്ടി വന്നാൽ ജോസ് കെ മാണി രണ്ടുപേർക്കും വോട്ട് ചോദിച്ച് പ്രവർത്തിക്കേണ്ടിവരും. കേരളത്തിൽ ഇടതുമുന്നണിയുടെ മുഖ്യശത്രു കോൺഗ്രസ് പാർട്ടിയാണ്. അതുപോലെതന്നെ കോൺഗ്രസ് പാർട്ടിയുടെ മുഖ്യ ശത്രു ഇടതുമുന്നണിയും ആണ്.

ഇത്തരത്തിൽ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന രണ്ടും കെട്ട അവസ്ഥയിലാണ് ഇപ്പോൾ മാണി കേരള കോൺഗ്രസിലെ നേതാക്കൾ എല്ലാം ചെന്ന് പെട്ടിരിക്കുന്നത്. വയനാട് മണ്ഡലത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പ്രിയങ്ക ഗാന്ധി നോമിനേഷൻ കൊടുക്കാൻ എത്തുന്നതിന് മുമ്പ് തന്നെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടന്നു കഴിഞ്ഞു. ഈ യോഗങ്ങളിൽ മാണി കേരള കോൺഗ്രസിൻറെ നേതാക്കൾ പങ്കെടുത്തിട്ടില്ല. അതിന് കാരണം ദേശീയ രാഷ്ട്രീയത്തിന് വ്യത്യസ്തമായി കേരളത്തിൽ മാണി കേരള എന്ന പാർട്ടി സിപിഎമ്മിനോടൊപ്പം നിൽക്കുന്നു എന്നതാണ്.കഴിഞ്ഞലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി മാണി കേരള കോൺഗ്രസിന് ബാധിച്ചിരുന്നു. അന്ന് പക്ഷേ ചെയർമാനായ ജോസ് കെ മാണി പറഞ്ഞ ന്യായം സംസ്ഥാനത്ത് എല്ലായിടത്തും മത്സരം നടക്കുമ്പോൾ എല്ലായിടത്തും പ്രചാരണത്തിന് എത്തേണ്ടി വരുന്നതുകൊണ്ട് ആണ് വയനാട്ടിൽ കാര്യമായി എത്താതെ വന്നത് എന്നാണ്. ഇപ്പോൾ അത്തരത്തിൽ ഒരു സ്ഥിതിയില്ല. കേരളത്തിൽ വയനാട് മണ്ഡലത്തിൽ മാത്രമാണ് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എല്ലാ നേതാക്കളും വയനാട്ടിൽ തള്ളിക്കയറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലും ജോസ് കെ മാണിയുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മാണി കേരള കോൺഗ്രസിൻറെ ഏത് നേതൃയോഗം ചേർന്നാലും സിപിഐക്കും സിപിഎമ്മിനും വിമർശനം പതിവാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഒതുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് സിപിഐഎം സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളും പ്രസിഡൻറ് ചെയർമാൻ പദവികളിലേക്ക് വരുന്ന മാറ്റങ്ങളിലും എല്ലാം മാണി കേരള യെ ഒതുക്കുന്ന സ്ഥിരം ശൈലിയാണ് ഇരു പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് മാണി കേരളയുടെ വിമർശനം. എന്തായാലും ഈ വിമർശനങ്ങളും ചർച്ചകളും ഒക്കെ തുടരുമ്പോഴും വയനാട് ലോകസഭാ മണ്ഡലത്തിലും പാലക്കാട് ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാണി കേരള വിഭാഗം മാറിനിൽക്കുന്നത് യുഡിഎഫ് നേതാക്കളും എൽഡിഎഫ് നേതാക്കളും വിമർശനത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇടത് വലത് മുന്നണികളിൽ ആർക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങാൻ കഴിയാത്ത ഗതികേടിലാണ് ഇപ്പോൾ ജോസ് കെ മാണിയും അദ്ദേഹത്തിൻറെ പാർട്ടിയും.