ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് ഇപ്പോഴും പ്രവർത്തനം തുടരുന്ന കുറേ കോർപ്പറേഷനുകൾ സംസ്ഥാനത്ത് ഉണ്ട്. പൂർണ്ണമായും സർക്കാരിൻറെ ചെലവിലും ഉത്തരവാദിത്വത്തിലും പ്രവർത്തിച്ചുവരുന്ന ഈ കോർപ്പറേഷനുകൾ എല്ലാം യഥാർത്ഥത്തിൽ കാലങ്ങളായി ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനം അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വിഹിതം സർക്കാരിലേക്ക് നികുതിയായിട്ടും മറ്റും നൽകിവരുന്നുണ്ട്. ഈ തുക സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കണം എന്നാണ് ഒരു കീഴ്വഴക്കം. എന്നാൽ കുറെ കാലമെങ്കിലും ആയി ജനങ്ങളുടെ ഈ നികുതിപ്പണം ഒഴുകി പോകുന്നത് എല്ലാം കുറെ കോർപ്പറേഷനുകൾ ഓരോ വർഷവും ഉണ്ടാക്കി വയ്ക്കുന്ന കടം വീട്ടുവാൻ വേണ്ടി മാത്രമാണ്. യഥാർത്ഥത്തിൽ വെള്ളാന എന്ന പേരിട്ടു വിളിക്കുന്ന ഈ കോർപ്പറേഷനുകളെല്ലാം അടച്ചുപൂട്ടിയാൽ തന്നെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പൊതുമേഖല സ്ഥാപനങ്ങളുടെ വരവ് ചിലവ് കണക്കുകൾ അടക്കം നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്. കേരളത്തിൽ സർക്കാർ ഉത്തരവാധിതത്തിൽ പ്രവർത്തിച്ചുവരുന്ന 66 പൊതുമേഖല സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വരുത്തിയ നഷ്ടം 1873 കോടി രൂപയുടേതാണ്. ഇതിൽ തന്നെ കൂടുതൽ നഷ്ടം വരുത്തിയ പൊതുമേഖല സ്ഥാപനങ്ങൾക്ക് സഹായകരമായി സർക്കാർ അനുവദിച്ചത് 3546 കോടി രൂപയാണ്. ഈ വലിയ തുകയെല്ലാം ഇത്തരത്തിലുള്ള വെള്ളാനകൾ ആയ പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിവെച്ച ബാധ്യത തീർക്കുവാൻ വേണ്ടിയാണ്.കേരളത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ചില പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട്. ജനങ്ങളുടെ നിത്യജീവിതത്തിന് ഒഴിവാക്കുവാൻ കഴിയാത്ത അവശ്യവസ്തുക്കളും ഘടകങ്ങളും ആയി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളാണ്. യഥാർത്ഥത്തിൽ ജനങ്ങളെ പിഴിഞ്ഞു കൊണ്ടിരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ബസ്സുകൾ ഓടിക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനും കേരളത്തിൽ വെളിച്ചം വിതരണം ചെയ്യുന്ന വൈദ്യുതി ബോർഡും. അതുപോലെതന്നെ കുടിവെള്ളം ജനങ്ങൾക്ക് എത്തിച്ചു തരുന്ന വാട്ടർ അതോറിറ്റിയും ജനസേവനം എന്ന പ്രയോഗത്തിലൂടെ യഥാർത്ഥത്തിൽ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവർ ഉണ്ടാക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിലുള്ള ഈ സ്ഥാപനങ്ങൾ സ്ഥിരമായി നഷ്ടം വരുത്തി കൊണ്ടിരിക്കുന്നു എന്നത് പരിശോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്ത് പരാതി ഉയരുമ്പോഴും അതിനെയെല്ലാം തള്ളിക്കളയാൻ കഴിയുന്ന ന്യായീകരണങ്ങൾ വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റിയിൽ ട്രാൻസ്പോർട്ട് കോർപ്പറേഷനും മുന്നോട്ടുവയ്ക്കാറുണ്ട്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ല. കാരണം ജനങ്ങളുടെ നിത്യജീവിതം ഈ സ്ഥാപനങ്ങളെ ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്.
പൊതുമേഖലയായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആണ് എന്നാണ് സി എ ജി റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് കഴിഞ്ഞ നിയമസഭ സമ്മേളനത്തിനിടയിൽ സഭയിൽ വെച്ചതാണ്. അതുകൊണ്ടാണ് ജനങ്ങൾ അറിയാത്ത കാര്യങ്ങൾ പുറത്തുവന്നത്.സ്ഥിരമായി നഷ്ടക്കണക്ക് മാത്രം കാണിച്ചു കൊണ്ടിരിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളെയും നഷ്ടത്തിലേക്ക് തള്ളുന്നത് ഈ സ്ഥാപനങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും അഴിമതിയും പിടിപ്പുകേടും ഒക്കെയാണ്. ഓരോ പൊതുമേഖല സ്ഥാപനങ്ങളിലും ഭരണം നടത്താൻ ചെയർമാൻ പിന്നെ നിരവധി ബോർഡ് മെമ്പർമാർ അതിനുപുറമേ മാനേജിംഗ് ഡയറക്ടർ ജനറൽ മാനേജർ പിന്നെ നൂറുകണക്കിന് ജീവനക്കാർ ഇതെല്ലാം യാതൊരു നീതീകരണവും ഇല്ലാതെ ഇപ്പോഴും പൊതുമേഖല സ്ഥാപനങ്ങളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന 66 പൊതുമേഖലാ സ്ഥാപനങ്ങളിൽ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഭാരം താങ്ങി പോലും നിലനിർത്തുക എന്നത് വേണ്ട കാര്യമാണ്. പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വലിയ നഷ്ടം വരുത്തിയ മറ്റൊരു പൊതുമേഖല സ്ഥാപനം സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ്. ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷൻ കാലത്തിനൊത്ത് പരിഷ്കരണത്തിന് ശ്രമം നടത്തുകയും അതുവഴി കേരളത്തിൽ എല്ലായിടത്തും ജനങ്ങൾക്ക് ന്യായവിലക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിനുള്ള റീട്ടയിൽ ഷോപ്പുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ കോർപ്പറേഷൻ ഇത്തരത്തിലുള്ള വില്പനശാലകളിൽ ജനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ ഇല്ലാതെയായിട്ടു മാസങ്ങൾ കഴിഞ്ഞിട്ടുണ്ട്. എല്ലാത്തരത്തിലും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന് വീണ്ടും വീണ്ടും വാരിക്കോരി പണം നൽകി സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിലനിർത്താൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. കോർപ്പറേഷൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് അവരെ ഭക്ഷ്യവസ്തുക്കൾ വാങ്ങിയിട്ട് അവ വിതരണം ചെയ്ത ഏജൻറ് മാർക്ക് നൂറുകണക്കിന് കോടി രൂപ കുടിശ്ശിക വന്നതാണ് സാധന വിതരണം നിലയ്ക്കുവാൻ കാരണമായത്. ഏതായാലും സിവിൽ സപ്ലൈസ് കോർപ്പറേഷനും നൂറുകണക്കിന് കോടി രൂപയുടെ നഷ്ടത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.
എന്തുതന്നെയായാലും ശരി കേരളത്തിലെ ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കൈപ്പറ്റി ധൂർത്തടിച്ച് മുന്നോട്ടുപോകുന്ന ഈ കോർപ്പറേഷനുകളെ ഏങ്ങനെ നേരെയാക്കാൻ കഴിയും എന്ന് സർക്കാർ തന്നെ ആലോചിക്കണം. സി.എ. ജി റിപ്പോർട്ടിൽ പൊതുമേഖല സ്ഥാപനങ്ങളെ ഇതേ നിലയിൽ തുടർന്ന് പ്രവർത്തിക്കുവാൻ അനുവദിക്കരുത് എന്നും സ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധിച്ചു നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കൊണ്ടുവരുവാനുള്ള നടപടികൾ അടിയന്തരമായി സർക്കാർ കൈക്കൊള്ളണമെന്ന ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ട്.