കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ ശക്തികളെ അമ്പരപ്പിച്ചുകൊണ്ട് തൃശ്ശൂരിൽ നിന്നും ബിജെപിയുടെ സ്ഥാനാർത്ഥി ജയിക്കുകയും പാർലമെന്റിൽ കേരളത്തിൽ നിന്നും ഒരു അംഗം ആദ്യമായി ബിജെപിയുടെ പേരിൽ കാലുകുത്തുകയും ചെയ്തു. ഇപ്പോൾ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോകസഭ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ വിജയം നേടി കേരള നിയമസഭയിലും ഒരു ബിജെപി അംഗം കാലുകുത്തമോ എന്ന ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുകയാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിലാണ് ബിജെപി ക്ക് ശക്തമായ സാന്നിധ്യം ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചു എങ്കിലും ഇടതുമുന്നണിയെ തള്ളി മാറ്റി ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്ന മെട്രോമാൻ ഈ ശ്രീധരൻ രണ്ടാം സ്ഥാനം കയ്യടക്കി. ഈ തെരഞ്ഞെടുപ്പിൽ ബിജെപി അരയും തലയും മുറുക്കി പ്രവർത്തന രംഗത്ത് നിൽക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ എങ്കിലും നിയമസഭയിൽ കാലു കുത്തണം എന്ന കടുത്ത വാശിയിലാണ് പാലക്കാട് മണ്ഡലത്തിലെ ബിജെപി പ്രവർത്തകർ.
പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചു വരുന്നത് ബിജെപിയുടെ കമ്മിറ്റിയാണ്. മാത്രവുമല്ല പാലക്കാട് അസംബ്ലി മണ്ഡലത്തിൽ വോട്ടർമാർക്ക് ഇടയിൽ ഭൂരിപക്ഷ സമുദായത്തിന് ശക്തമായ സാന്നിധ്യം ഉള്ളതിനാൽ ബിജെപിക്ക് വലിയതോതിൽ വളർച്ച നേടാൻ കഴിഞ്ഞു എന്നതും ഒരു ഘടകമാണ്. ഇതിനിടയിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാര്യത്തിൽ വലിയ അത്ഭുതം കണക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇടപെട്ടിരിക്കുന്നത്. നരേന്ദ്രമോദി മാത്രമല്ല ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞനും ശക്തി കേന്ദ്രവും കേന്ദ്ര അഭ്യന്തരമന്ത്രിയും ആയ അമിത് ഷായും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങളെയും ഉപേക്ഷിച്ചാലും പാലക്കാട് മണ്ഡലത്തിൽ വിജയം ഉറപ്പാക്കി നിയമസഭയിൽ കടന്നുവരണം എന്നാണ് രണ്ടു നേതാക്കളും കേരളത്തിലെ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളോടും പ്രവർത്തകരോടും മാത്രമല്ല കേരളത്തിലെ ആർ എസ് എസ് തലവനെ കൂടി ബന്ധപ്പെട്ടു കൊണ്ട് എല്ലാ നേതാക്കളും പാലക്കാട് മണ്ഡലത്തിൽ കേന്ദ്രീകരിച്ച് അടുക്കും ചിട്ടയുമായ ആർഎസ്എസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഉണ്ടാകണം എന്നും അഭ്യർത്ഥിച്ചിരിക്കുകയാണ്.
പാലക്കാട് വിജയസാധ്യത ഉണ്ടായിരുന്ന കോൺഗ്രസ് പാർട്ടി സ്ഥാനാർഥിനിർണയത്തിലൂടെ വലിയ ആശയക്കുഴപ്പത്തിൽ എത്തിയിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ തദ്ദേശ വാസിയായ ജില്ലയിലെ ഏതെങ്കിലും കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം പാർട്ടി ജില്ലാ കമ്മറ്റി നേതൃത്വത്തിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നതാണ്. പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ വലിയതോതിൽ പ്രാദേശിക വികാരം ഉൾക്കൊള്ളുന്ന ആൾക്കാർ ആണ്. ഇത് മാത്രമല്ല പുറമേ നിന്ന് നേതാക്കളെത്തി മത്സരിക്കുമ്പോൾ പ്രവർത്തകരിൽ ഉണ്ടാകുന്ന മടുപ്പും ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നതാണ്.എന്നാൽ ജില്ലാ നേതാക്കളുടെ ഈ നിർദ്ദേശങ്ങളെ എല്ലാം തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് സതീശനും മുൻ എംഎൽഎ ഷാഫി പറമ്പിലും ചേർന്നുകൊണ്ട് അന്യ ജില്ലക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ പാലക്കാട് വോട്ടർമാർക്ക് മുന്നിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തത് എന്ന് പരാതിയാണ് വ്യാപകമായി ഉയർന്നിരിക്കുന്നത്. നേരത്തെ തന്നെ പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നേതാക്കൾക്കിടയിൽ പലതരത്തിലുള്ള ചേരിതിരിവുകളും നിലനിന്നിരുന്നതാണ് മുൻ ഡിസിസി പ്രസിഡൻറ് തന്നെ കോൺഗ്രസിന്റെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഷേധം രേഖപ്പെടുത്തിയതാണ്. വലിയതോതിൽ പ്രവർത്തകരുടെ സ്വാധീനമുള്ള ആ മുൻ ജില്ലാ പ്രസിഡൻറ് ഇപ്പോഴും പാർട്ടിയുമായി അകന്നു തന്നെ നിൽക്കുകയാണ്.
പാലക്കാട് മത്സരത്തിന് എത്തി രണ്ടുതവണ നല്ല വിജയം നേടിയ ഷാഫി പറമ്പിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ശ്രീധരനോട് ഏറ്റുമുട്ടിയപ്പോൾ ചെറിയ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടെത്തിയത്. രാഷ്ട്രീയ സ്ഥിതി ഇപ്പോൾ കുറച്ചുകൂടി ബിജെപിക്ക് അനുകൂലമാകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.പാലക്കാട് മണ്ഡലത്തിൽ നല്ല ജനകീയ അഭിപ്രായമുള്ള സി. കൃഷ്ണകുമാർ ആണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാലക്കാട് നഗരപരിധിയിലെ അഗ്രഹാരങ്ങളിൽ കഴിയുന്ന ആൾക്കാരുടെ സവർണ്ണ വോട്ടുകൾ സ്വാഭാവികമായും ബിജെപിക്ക് ഇത്തവണ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിശ്വാസത്തിന്റെ പേരിൽ ഈ വിഭാഗത്തിൻറെ മുഴുവൻ വോട്ടുകളും ബിജെപിക്ക് ലഭിച്ചിരുന്നില്ല.കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇടതുമുന്നണി സ്ഥാനാർഥി ആക്കിയിരിക്കുന്നത് കോൺഗ്രസിൽ നിന്നും അടുത്ത ദിവസം കാലുമാറി പോയ ഡോ. സരിൻ ആണ്. സരിന്റെ ഈ സ്ഥാനാർഥി പ്രവേശനം സിപിഎം – സിപിഐ എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തകർക്ക് ഒട്ടും പിടിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് വരെകമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിൻറെ നേതാക്കളെയും ചീത്ത വിളിച്ചു നടന്ന നേതാവാണ് സരിൻ. അതൊന്നുംമനസ്സിൽ നിന്നുംമാറുവാനുള്ള ഇടവേള പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിലേക്ക് വോട്ട് ചോദിച്ച് സരിൻ എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഒരുതരത്തിലും മുന്നോട്ടു വരുവാനുള്ള സാഹചര്യമില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരത്തിൽ ഇടതുപക്ഷ നിഷ്പക്ഷ വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥിയിൽ നിന്നും മാറി ചെയ്യുന്ന സ്ഥിതി വന്നാൽ അതിൻറെ ഗുണം കോൺഗ്രസിന് ലഭിക്കുന്നതിനേക്കാൾ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സാഹചര്യമാവും ഉണ്ടാവുക. ഇത്തരത്തിൽ ഒരു അനുകൂല സാഹചര്യം കൂടി ഉണ്ടായാൽ ബിജെപിയുടെ സ്ഥാനാർത്ഥി വിജയിക്കുന്ന സ്ഥിതി വരാനും സാധ്യതയുണ്ട്.കോൺഗ്രസിന്റെ വിജയസാധ്യത ഉള്ള മണ്ഡലം ആയിരുന്നു പാലക്കാട്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി വന്നതിന്റെ അതൃപ്ത്തി നിൽക്കുന്നതിനിടയിലാണ് ജില്ലയിലെ കോൺഗ്രസിനകത്ത് ഭിന്നതകളും രാജിവെക്കലുകളും ഒക്കെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് ജയിച്ചു വന്ന ഷാഫി പറമ്പിൽ നേക്കാൾ അധികമായി വോട്ട് നേടുന്നതിനുള്ള എന്തെങ്കിലും പ്രത്യേകത രാഹുലിന്റെ കാര്യത്തിൽ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ജില്ലയിലെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പാർട്ടിയുടെയും സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തനരംഗത്ത് കടന്നു വരികയും ചെയ്തിട്ടുണ്ട്. ഇതും രാഹുൽ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പ്രതിസന്ധി ഉണ്ടാക്കും.
ഇതിനിടയിലാണ് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വനിരയിലുള്ളവരുടെ പരാതികൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിനിർണയം കാര്യത്തിൽ ജില്ലയിലെ നേതാക്കന്മാരുമായി ഒരുതരത്തിലും ചർച്ച നടത്തുവാൻ കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തയ്യാറായില്ല എന്ന പരിഭവം എല്ലാ നേതാക്കൾക്കും ഉണ്ട്. പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും ചേർന്നുകൊണ്ട് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിച്ച് അടിച്ചേൽപിച്ചു എന്നാണ് നേതാക്കളുടെ പരാതി. അതുകൊണ്ടുതന്നെ പാലക്കാട്ടത്തെ കോൺഗ്രസ് നേതാക്കളെല്ലാം ഒരുമിച്ചു വയനാട് മണ്ഡലത്തിലേക്ക് മുങ്ങിയത് ആയിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷവും പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തിക്കൊണ്ടിരിക്കുന്നത്.