മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം എന്ന പാർട്ടിയുടെ നേതാക്കളെയും വെല്ലുവിളിച്ചുകൊണ്ട് പരസ്യ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്ന ആളാണ് പി.വി. അൻവർ. നിലമ്പൂരിൽ നിന്നും നിയമസഭാംഗമായി ജയിച്ചു വന്ന അൻവർ വാളോങ്ങിയത് പിതാവിനെ തുല്യം കണ്ടിരുന്ന പിണറായിക്ക് എതിരെയും അതുപോലെതന്നെ തന്നെ വിജയിപ്പിച്ച രണ്ടുവട്ടം എം എൽ എ ആക്കിയ സിപിഎം എന്ന പാർട്ടിക്ക് എതിരെയും ആയത് കേരളീയരിൽ വലിയ കൗതുകം ഉണ്ടാക്കിയ സംഭവം ആയിരുന്നു. രണ്ടാഴ്ച ഓളം നീണ്ടുനിന്ന ഓരോ തരത്തിലുള്ള ആരോപണങ്ങളും അഴിമതി കഥകളും കേരളത്തിലെ പോലീസ് മേധാവി നടത്തിയ ക്രിമിനൽ ഇടപെടലുകളും എല്ലാം തെളിവുകൾ സഹിതം അൻവർ പുറത്തുവിട്ടുകൊണ്ടിരുന്നു.ആദ്യമൊക്കെ സിപിഎം എന്ന പാർട്ടിയെയും പിണറായി വിജയനെയും കുറ്റപ്പെടുത്തുമ്പോഴും സിപിഎം തൻറെ പാർട്ടി തന്നെ ആണ് എന്നും തന്റെ പിതാവിനെ തുല്യനായ നേതാവാണ് പിണറായി എന്നും ഒക്കെ പറഞ്ഞുകൊണ്ടിരുന്ന അൻവർ പിന്നീട് കളം മാറ്റി ചവിട്ടുന്ന അനുഭവങ്ങളാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ആവർത്തിക്കുകയും ഒരു ഘട്ടത്തിൽ അൻവറിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളെ വെല്ലുവിളിക്കാനും അൻവർ തയ്യാറായി. കേരളത്തിലെ സിപിഎം എന്ന പാർട്ടി അഴിമതിയുടെയും മറ്റുതരത്തിലുള്ള തട്ടിപ്പുകളുടെയും സ്ത്രീ പീഡനങ്ങളുടെയും ആസ്ഥാനമായി മാറി എന്നു വരെ അൻവർ തുറന്നടിച്ചു. അൻവർ സ്വന്തം മണ്ഡലത്തിൽ നടത്തിയ ജനകീയ സമ്മേളനങ്ങളിൽ വലിയതോതിൽ ആൾക്കാർ എത്തുകയും ചെയ്തു. മാധ്യമങ്ങളിൽ വലിയ തോതിലുള്ള ഉള്ള പ്രാധാന്യമാണ് അൻവർ നേടിയെടുത്തത്. താൻ കേരളത്തിലെ പൊതുജനങ്ങളുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നും പിന്നീട് താൻ ഒരു സാമൂഹ്യ സേവന സംഘടനയാണ് ഉണ്ടാക്കുന്നത് എന്നും പറഞ്ഞ് അൻവർ. ഏറ്റവും ഒടുവിൽ രാഷ്ട്രീയത്തിന്റെ തനി സ്വരൂപമായ ഒരു രാഷ്ട്രീയപാർട്ടിയെ പ്രഖ്യാപിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ എന്ന പാർട്ടിയുടെ ഘടകം എന്ന് തോന്നിക്കുന്ന വിധത്തിലുള്ള കൊടിയടയാളങ്ങളും മുദ്രാവാക്യങ്ങളും ഏറ്റുപിടിക്കാൻ അൻവർ തയ്യാറായി. അങ്ങനെ ഇരിക്കുമ്പോഴാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ കടന്നുവന്നത്.
വയനാട് ലോകസഭാ മണ്ഡലം ഒഴിച്ച് നിർത്തിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഒറ്റപ്പാലം മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ എഴുന്നള്ളിക്കാൻ അൻവർ മുന്നോട്ടുവന്നു. സർക്കാരിനെയും മറ്റും വിമർശിക്കുന്ന പ്രസംഗങ്ങൾ കേൾക്കാൻ ജനങ്ങൾ അടിഞ്ഞു കൂടുക സ്വാഭാവികമാണ്. ഈ കൂടുന്ന ജനങ്ങൾ അൻവർ എന്ന നേതാവിന്റെ പിന്നിൽ അണിനിരക്കുമോ എന്നും അൻവറിന്റെ പാർട്ടിയുടെ അനുഭാവികൾ ആയി മാറുമോ എന്നതും വിശ്വസിക്കാവുന്ന ഒരു കാര്യമല്ല. ഏതായാലും പാലക്കാടും ഒറ്റപ്പാലത്തും കോൺഗ്രസുമായി വിഘടിച്ചു മാറിയ നേതാക്കളെ വലവീശി സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളായി മാറ്റിയിരിക്കുകയാണ് അൻവർ.ഇതിനിടയിലാണ് കേരള രാഷ്ട്രീയം പ്രതീക്ഷിക്കാത്ത ചില നീക്കങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാലക്കാട് മുൻ എംഎൽഎ ഷാഫി പറമ്പിലും ചേർന്നുകൊണ്ട് നടത്തിയത്. വലയിൽ വീഴ്ത്തിയ പാലക്കാട് ഒറ്റപ്പാലം മണ്ഡലങ്ങളിലെ അൻവറിന്റെ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കുക എന്ന തന്ത്രമാണ് സതീശൻ പയറ്റിയത്. അൻവർ എന്ന നേതാവുമായി സതീശൻ നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. സതീശൻ നല്ല പ്രതീക്ഷ ഇക്കാര്യത്തിൽ വെക്കുകയും ചെയ്തപ്പോൾ ആണ് അൻവർ തന്ത്രപരമായ നീക്കം നടത്തിയത്. ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി മുൻ എംപിയായ രമ്യ ഹരിദാസ് ആണ്. അവിടെ അൻവറിന്റെ സ്ഥാനാർത്ഥിയായി രംഗത്തുവന്നിരിക്കുന്നത് കഴിഞ്ഞ ആഴ്ച കോൺഗ്രസ് വിട്ട് മുതിർന്ന നേതാവ് വി കെ സുധീർ ആയിരുന്നു. ഈ മണ്ഡലത്തിൽ രമ്യാ ഹരിദാസിനെ മാറ്റി സുധീറിന് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയാൽ പാലക്കാട് തന്റെ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തനരംഗത്ത് ഇറങ്ങാം എന്ന ഉപാധിയാണ് അൻവർ മുന്നോട്ടുവച്ചത്. ഇതുമായി സഹകരിക്കാൻ സതീശൻ വിചാരിച്ചാൽ നടക്കുന്ന കാര്യം അല്ല. അതുകൊണ്ടുതന്നെ അൻവറുമായി ഉണ്ടാക്കാൻ ശ്രമിച്ച ധാരണ തകരുകയും ചെയ്തു. മാത്രവുമല്ല രഹസ്യമായി നടത്തിയ ഈ നീക്കങ്ങൾ അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞതോടുകൂടി പ്രതിപക്ഷ നേതാവ് സതീശൻ നാണം കെടുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.
കോൺഗ്രസിന്റെ നേതാക്കൾ സിപിഎമ്മുകാരനായ അൻവറിന്റെ കാലു പിടിക്കാൻ എത്തിയത് പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിൻറെ കാര്യത്തിൽ ആശങ്ക ഉണ്ടായതുകൊണ്ടാണ്. അന്യ ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വന്നതോടുകൂടി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിലും നിരാശയിലും ആണ്. കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത് സ്വന്തം നാട്ടിൽ നിന്നും ജനകീയനായ ഒരു കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കണം എന്നതായിരുന്നു. ജില്ലയിലെ നേതാക്കളുടെ ഈ ആവശ്യത്തെ വിലകൽപ്പിക്കാതെ തള്ളിക്കളഞ്ഞു കൊണ്ടാണ് സതീശനും ഷാഫി പറമ്പിലും രഹസ്യ നീക്കം നടത്തി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഓരോ ദിവസം കഴിയുന്തോറും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് അകത്ത് പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയും ഈ അവസരം മുതലെടുക്കാൻ ബിജെപി വലിയ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
അൻവർ ഈ തെരഞ്ഞെടുപ്പുകളോടെ ഏതാണ്ട് രാഷ്ട്രീയ മഹാരാജാവിന്റെ വേഷം അഴിച്ചു വെക്കേണ്ട ഗതികേടിലേക്ക് എത്താനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അല്ലെങ്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളും അതല്ലെങ്കിൽ ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയും ജയിക്കുന്ന സാഹചര്യമുണ്ടായാൽ വടക്കൻ കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ അടവുകൾ പയറ്റി കുറച്ചൊക്കെ സാധാരണ ജനങ്ങളെ വലയിൽ വീഴിച്ചിട്ടുള്ള അൻവറിനെ അതേ ജനങ്ങൾ തന്നെ തള്ളിക്കളയുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുകൊണ്ട് ജയിപ്പിച്ചെടുക്കാനുള്ള ജനകീയ പിന്തുണയോ ശക്തിയോ ഒന്നും അൻവർ എന്ന നേതാവിന് ഇല്ല. പൊതുസമൂഹത്തിന് കേട്ടിരിക്കാൻ രസമുള്ള സർക്കാർ വിരുദ്ധ ആരോപണങ്ങളും അഴിമതി കഥകളും വിളിച്ചുപറഞ്ഞുകൊണ്ട് മാധ്യമങ്ങളുടെ ഇഷ്ട നേതാവായി മാറിയതാണ് അൻവർ നേടിയെടുത്ത മഹത്വത്തിൻറെ അടിത്തറ. ഈ ഉപതിരഞ്ഞെടുപ്പുകളിൽ ജനം അൻവറിന്റെ സ്വന്തക്കാരെ തള്ളിക്കളയുന്ന സ്ഥിതി ഉണ്ടായാൽ സിപിഎം എന്ന പാർട്ടിയിലോ മറിച്ച് യുഡിഎഫിലെ കോൺഗ്രസ് പാർട്ടിയിലോ ചെന്ന് കയറാൻ കഴിയാത്ത ഗതികേടിലേക്ക് അൻവർ വീഴും. ഇപ്പോൾ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി എം.എൽ എഎന്ന പദവിയുമായി നടക്കുന്നഅൻവർ ഈ നിയമസഭയുടെ ശേഷിക്കുന്ന ഒന്നരക്കൊല്ലം കൂടി നിലമ്പൂരിലെ പ്രമാണിയായി വാഴുന്ന സ്ഥിതി തുടർന്നേക്കും. അടുത്ത നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കടന്നുവന്നാൽ പോലും ഇതിനിടയിൽ ഉണ്ടാകുന്ന രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ പൊതുസമൂഹത്തിനിടയിൽ അൻവർ എന്ന നേതാവിന്റെ അവഗണനയുടെ ചിത്രം ആയിരിക്കും ഉണ്ടാവുക എന്നതാണ് വാസ്തവം.