കേരളം കഴിഞ്ഞാൽ പിന്നെ എവിടെയെങ്കിലും ആരെങ്കിലും ഉണ്ടോ എന്നറിയാൻ മഷിയിട്ടു നോക്കേണ്ട ഒരു പാർട്ടിയാണ് കേരളത്തിലെ സിപിഐ എന്ന പാർട്ടി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ ജന്മം എടുത്ത സിപിഐ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ തണൽ പറ്റി കൊണ്ടാണ്. ഒരേ നേതാക്കളും ഒരേ പാർട്ടിയും ഒരേ പ്രത്യയ ശാസ്ത്രവും ഒക്കെയാണ് രണ്ട് പാർട്ടികൾക്കും ഉള്ളതെങ്കിലും പരസ്പരം മിണ്ടാൻ പോലും മടി കാണിക്കുന്ന നേതാക്കന്മാരാണ് രണ്ടു പാർട്ടിയിലും ഉള്ളത്. കേരളത്തിൽ അല്ലാതെ ഇപ്പോൾ സിപിഐ എന്ന പാർട്ടിക്ക് മറ്റ് ഏതെങ്കിലും സംസ്ഥാനത്തിൽ സ്വാധീനം ഉണ്ടോ എന്നറിയില്ല. കേരളത്തിൽ ഏതായാലും സി പി എം എന്ന പാർട്ടി നയിക്കുന്ന ഇടതുമുന്നണിയിൽ കൂടിക്കൊണ്ട് അധികാരത്തിൽ തുടരുന്ന പാർട്ടിയാണ് സിപിഐ. മുന്നണിയിലെ രണ്ടാമത്തെ പാർട്ടി എന്നൊക്കെ സിപിഐ നേതാക്കൾ പറയുന്നുണ്ടെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം സിപിഐ നേതാക്കളെ ചവിട്ടി നോവിക്കാൻ ശ്രമിക്കുന്നവരാണ് സിപിഎം പാർട്ടി. നിലനിൽക്കണമെങ്കിൽ അധികാരം വേണം അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ പീഡനങ്ങൾ എല്ലാം സഹിച്ചുകൊണ്ട് മുന്നണിയിൽ തുടരുകയാണ് സിപിഐ. കേരളത്തിലെ സിപിഐ എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ബിനോയ് വിശ്വം ആണ്. വലിയ രാഷ്ട്രീയ ആദർശങ്ങൾ തലയ്ക്കു പിടിച്ചിട്ടുള്ള ഈ നേതാവ് ഇടയ്ക്കൊക്കെ വലിയ ഉപദേശവും ആദർശവും വിളമ്പുക പതിവാണ്. ഇപ്പോൾ കേരളത്തിൽ വയനാട് ലോകസഭ മണ്ഡലത്തിലും പാലക്കാട് ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. വയനാട് മണ്ഡലത്തിൽ സിപിഐയുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി മുൻ എംപി രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയാണ്. ഈ അവസരത്തിലാണ് കോൺഗ്രസ് പാർട്ടിയെ ഉപദേശിക്കാനും പാഠം പഠിപ്പിക്കാനും സിപിഐ സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നത്. വയനാട്ടിൽ ഒരു കാരണവശാലും കോൺഗ്രസ് മത്സരിക്കരുത് എന്നും ദേശീയതലത്തിലെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ ഘടകകക്ഷി എന്ന നിലയിൽ കോൺഗ്രസ് മുന്നണി മര്യാദ പാലിക്കണം എന്നും ഒക്കെയാണ് ബിനോയ് വിശ്വം ഉപദേശിച്ചിരിക്കുന്നു.
ദേശീയതലത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ ആണ് ഇന്ത്യ മുന്നണി എന്ന ദേശീയ പ്രതിപക്ഷ സഖ്യം. ഈ സഖ്യത്തെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. 36ലധികം പ്രാദേശിക പാർട്ടികൾ ഈ മുന്നണിയിൽ ചേർന്നിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രാദേശിക പാർട്ടിയാണ് സിപിഐ. വയനാട് മണ്ഡലത്തിൽ സ്ഥിരമായി കോൺഗ്രസ് മത്സരിക്കുന്ന രീതിയാണ് ഉള്ളത്. അതിൻറെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയും പിന്നാലെ പ്രിയങ്ക ഗാന്ധിയും അവിടെ സ്ഥാനാർത്ഥിയായത്. ഒരു മുന്നണിയെ നയിക്കുന്ന മുഖ്യ കക്ഷിയുടെ സീറ്റിൽ മുന്നണി മര്യാദയുടെ പേരിൽ ഘടകകക്ഷിയായ ചെറു പാർട്ടി സ്ഥാനാർഥിയെ നിർത്തി വോട്ടുകൾ ഭിന്നിക്കാൻ അവസരം ഒരുക്കാതെ സിപിഐ മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. കോൺഗ്രസ് എന്ന പാർട്ടി ദേശീയതലത്തിൽ ഏറ്റവും മുന്നിലുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ സ്ഥിരം സീറ്റിൽ സിപിഐ മുന്നണി മര്യാദ ലംഘിച്ചുകൊണ്ട് സ്ഥാനാർത്ഥിനിർത്തിയശേഷം ആ പാർട്ടിയുടെ നേതാവ് പറയുന്നത് കോൺഗ്രസിന്റെ സ്ഥാനാർഥിയെ പിൻവലിക്കണം എന്നാണ്. ഇത് കേൾക്കുമ്പോൾ തോന്നുക ആനയെ കുഴിയാന പാഠം പഠിപ്പിക്കാൻ വന്ന അവസ്ഥയാണ്.
കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ വലിയ പാർട്ടിയാണെന്നൊക്കെ വീമ്പ് പറയുന്നുണ്ടെങ്കിലും സിപിഐ സ്ഥിരമായി സിപിഎമ്മിന്റെ ആട്ടും തൊഴിയും കൊണ്ട് സഹികെട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ ശേഷം സിപിഎമ്മിനും സർക്കാരിനും എതിരെ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം നല്ല നടത്തിപ്പിന് ഉപദേശവുമായി വന്നെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ നിലപാട് കേരളം കണ്ടതാണ്. എന്നിട്ടും ഞങ്ങളാണ് വലിയ പാർട്ടിക്കാർ എന്ന അഹങ്കരിക്കുന്ന ബിനോയ് വിശ്വത്തിന്റെ തൊലിക്കട്ടി അപാരമാണ്.കേരളത്തിലെ വയനാട് മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നല്ല. വയനാട്ടിൽ നിന്ന് ആര് ജയിച്ചു വന്നാലും കേന്ദ്ര ഭരണത്തിൽ ഒരു മാറ്റത്തിനും സാധ്യതയില്ല. ഇതാണ് യഥാർത്ഥ രാഷ്ട്രീയ സാഹചര്യം. കേരളത്തിൽ കോൺഗ്രസ് പാർട്ടി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. സിപിഐ അടക്കമുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥികൾ മുഴുവൻ പേരും തോൽക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഈ രാഷ്ട്രീയ സംഭവവികാസങ്ങൾ മറന്നുകൊണ്ടാണ് സിപിഐയുടെ സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയുമായി കടന്നുവന്നത്. കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യ ശത്രു ഇടതുപക്ഷമാണ്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് അതുകൊണ്ടുതന്നെ ഈ നയവുമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിൽക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻറെ ജനദ്രോഹ നടപടികൾക്ക് എതിരെ ജനം നൽകിയ താക്കീദായിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ യഥാർത്ഥത്തിൽ ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങളെ എതിർക്കുന്നു എങ്കിൽ ആ പാർട്ടികൾ സ്വയം തന്നെ ചെയ്യേണ്ടത് കോൺഗ്രസിനെ പിന്തുണച്ചില്ലെങ്കിലും എതിർക്കാതിരിക്കുക എന്നതാണ്. കുറഞ്ഞപക്ഷം വയനാട് മണ്ഡലത്തിൽ ലോകസഭ മത്സരത്തിൽ എങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥിയെ മാറ്റിനിർത്തേണ്ടതായിരുന്നു. നിങ്ങൾ മണ്ഡലത്തിൽ എത്ര വലിയ പോരാട്ടം നടത്തിയാലും ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ കൂടെ നിൽക്കേണ്ടവരാണ് എന്ന ഓർമ്മയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഉണ്ടാകണം. കേരളത്തിലെ ഏത് കമ്മ്യൂണിസ്റ്റ് നേതാവ് എത്ര വലിയ വീരവാദം പറഞ്ഞാലും ശരി വയനാട് ലോകസഭ ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി അല്ലെങ്കിൽ യുഡിഎഫിന്റെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രം തിരുത്തി എഴുതുന്ന വമ്പൻ ഭൂരിപക്ഷത്തിൽ എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.