ദുരിത മോചനത്തിനും സൗഭാഗ്യത്തിനും അഭയം മണ്ണാറശാല

ദുരിത മോചനത്തിനും സൗഭാഗ്യത്തിനും അഭയം മണ്ണാറശാല

കേരളത്തിൽ സർപ്പ ആരാധനയ്ക്കും നാഗരാജ പ്രീതിക്കും പ്രാർത്ഥനയുമായി ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രമാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. ഈശ്വര വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഭക്തർ പ്രീതിക്കുവേണ്ടി ആരാധിക്കുന്ന ഒരു ദേവത ശക്തിയാണ് മണ്ണാറശാലയിലെ സർപ്പ ദേവത. ഇവിടെ അസാധാരണവും അത്ഭുതകരവുമായ അനുഭവങ്ങൾ ഭക്തർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് കാലങ്ങളായി മണ്ണാറശാല നാഗരാജ ക്ഷേത്രം ഭക്തജനങ്ങളെ കൊണ്ട് നിറയുന്നത്.മലയാളത്തിലെ തുലാമാസം കടന്നുവരുന്ന ആയില്യം നാളിലാണ് മണ്ണാറശാലയിലെ നാഗദേവത ക്ഷേത്രത്തിൽ ഭക്തജനങ്ങൾ തിങ്ങിനിറയുന്നതും നാഗപ്രീതിക്കായി പലതരത്തിലുള്ള വഴിപാടുകളും നടത്തുന്നതും. ഓരോരുത്തരും അനുഭവിക്കുന്ന ജീവിത ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിന് നാഗരാജ അനുഗ്രഹം മാത്രം മതി എന്ന് വിശ്വസിക്കുന്ന ആചാര അനുഷ്ഠാനങ്ങളാണ് ഇവിടെ നടക്കുന്നത്.

പുരാണങ്ങളിൽ പറയപ്പെടുന്ന മുനിവര്യനായ പരശുരാമനാൽ നിർമ്മിക്കപ്പെട്ടതാണ് മണ്ണാറശാലയിലെ നാഗരാജ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ കാർത്തിക പള്ളി താലൂക്കിലാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻറെ ഉത്ഭവത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും പലതരത്തിലുള്ള കഥകളും പുരാണങ്ങളിൽ ഉണ്ട്. പണ്ടൊരു കാലത്ത് ക്ഷേത്ര പ്രദേശത്ത് അഗ്നിബാധ ഉണ്ടായി എന്നും നാഗങ്ങൾ കൂട്ടമായി കഴിഞ്ഞിരുന്ന ഒരു കാവിന്റെ പരിസരത്തേക്ക് അഗ്നിബാധ പടർന്നു എന്നും നാഗങ്ങൾ വലിയ തീയിൽ അകപ്പെടുന്നത് മുൻകൂട്ടി കണ്ട കാവിനടുത്തുള്ള ഇല്ലത്തെ ബ്രാഹ്മണ സ്ത്രീകൾ ഓടിയെത്തി ഏറെനേരം വെള്ളം കോരി ഒഴിച്ച് തീ അണച്ചു എന്നും പറയപ്പെടുന്നു. എന്നാൽ തീ അണഞ്ഞിട്ടും അഗ്നി പഴുത്തു കിടന്ന മണ്ണിൽ നാഗങ്ങൾ പിന്നെയും വേദനയാൽ പുളയുന്നത് കണ്ടപ്പോൾ ബ്രാഹ്മണ സ്ത്രീകൾ വെള്ളം വീണ്ടും വീണ്ടും ഒഴിച്ച് മണ്ണ് പൂർണമായും നനച്ചു എന്നും ഈ കഥയിൽ പറയുന്നു. അങ്ങനെ ചൂടിൽ പഴുത്തു കിടന്ന മണ്ണ് നനഞ്ഞു ആറി തണുത്തു അങ്ങനെ മണ്ണ് ആറിയ ശാല പിന്നീട് മണ്ണാറശാലയായി മാറി എന്നും പറയപ്പെടുന്നു.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ കർമ്മീയും പൂജാരിയും അമ്മയാണ്. ക്ഷേത്രത്തിൻറെ അധികാരികളും ഭരണാധിപരമായ ബ്രാഹ്മണ കുടുംബത്തിൻറെ മുതിർന്ന കുടുംബിനിയാണ്. പൂജാകർമ്മങ്ങൾ നടത്തുന്ന അമ്മയായി തുടർന്നുവരുന്നത് തുലാമാസത്തിലെ ആയില്യം നാളിലാണ് ഇവിടെ ഏറ്റവും മഹത്തരവും പ്രാധാന്യമുള്ളതുമായ ചടങ്ങുകൾ നടക്കുക. നാഗരാജാവിന്റെ മകൾ എന്ന നിലയിൽ കാണുന്ന ക്ഷേത്രത്തിലെ അമ്മ അന്ന് നാഗരാജാവിന്റെ വിഗ്രഹവുമായി ഭക്തർക്ക് ദർശനം നൽകുന്നു. നാഗരാജാവിന്റെ ജന്മദിനമാണ് എന്ന നിലയിലാണ് തുലാമാസത്തിലെ ആയില്യം നാളിനെ പരിഗണിച്ചു വരുന്നത്. ക്ഷേത്രത്തിൻറെ മറ്റൊരു പ്രത്യേകത ഇവിടെയെത്തുന്ന ഭക്തരിൽ എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരും ഉണ്ടാകും എന്നതാണ്.മണ്ണാറശാല ആയില്ല ദർശനത്തിന് എത്തുന്ന ഭക്തന്മാർ സാധാരണ ആയില്യ വ്രതം സ്വീകരിക്കുന്ന പതിവും ഉണ്ട്. നാഗരാജ പ്രീതിക്കുവേണ്ടി നൂറും പാലും വഴിപാടായി നൽകുന്നതും പാൽ മഞ്ഞൾ തുടങ്ങിയവ ചേർത്തുള്ള അഭിഷേകം നടത്തുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകൾ ആണ്. ദാമ്പത്യ ജീവിതത്തിൽ സന്താനലാഭം ലഭിക്കാത്തവർക്ക് അത് ലഭിക്കുന്നതിനുള്ള വഴിപാടാണ് ഉരുളി കമഴ്ത്തൽ എന്നത്. ദമ്പതികൾ ആയില്യം നാളിൽ നടക്കുന്ന പ്രധാന പൂജകളിൽ പങ്കെടുത്ത ഉരുളി കമിഴ്ത്തൽ വഴിപാട് നടത്തി അതുവഴി സന്താനലബ്ധി ഉണ്ടായാൽ അടുത്ത പൂജാ നാളിൽ അവിടെയെത്തി കമഴ്ത്തിവെച്ച മുരളി നിവർത്തി നാഗരാജാവിനെ പ്രാർത്ഥന നടത്തുക എന്ന പതിവും ഇപ്പോഴും തുടരുന്നുണ്ട്.

ഹൈന്ദവ വിശ്വാസപ്രകാരവും ആചാരപ്രകാരവും വലിയ പ്രാധാന്യം ലഭിച്ചിട്ടുള്ള ഒന്നാണ് നാഗരാജ പ്രാർത്ഥനയും അതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങളും. കേരളത്തിൽ തന്നെ നാഗപൂജ നടത്തുന്ന പലക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധവും പല പ്രാപ്തിക്ക് ഭക്തജനങ്ങൾ എത്തുന്ന സ്ഥലവും മണ്ണാറശാല നാഗരാജ ക്ഷേത്രമാണ്. ഈ വർഷത്തെ ക്ഷേത്രത്തിലെ ആയില്യം പൂജയും മഹോത്സവവും ഇന്ന് നടക്കുകയാണ്. മണ്ണാറശാലയിലേക്ക് മധ്യകേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും മാത്രമല്ല എല്ലാവിധ ദേശങ്ങളിൽ നിന്നും ഭക്തജനങ്ങൾ സർപ്പ ആരാധനയ്ക്കും നാഗരാജ പ്രീതിക്കും ലക്ഷ്യമാക്കിക്കൊണ്ട് മണ്ണാറശാലയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ഈ വർഷവും കണ്ടുകൊണ്ടിരിക്കുന്നത്.