നമ്മുടെ രാജ്യത്തിൻറെ ജനാധിപത്യ സംവിധാനത്തിലെ പരമപ്രധാനമായ ഘടകമാണ് തെരഞ്ഞെടുപ്പുകൾ. രാജ്യവും സംസ്ഥാനങ്ങളും പ്രാദേശിക ഭരണസംവിധാനങ്ങളും ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന കാര്യത്തിൽ നടക്കുന്നതാണ് വോട്ടെടുപ്പും തെരഞ്ഞെടുപ്പ് പ്രക്രിയയും. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്രനും എല്ലാം മത്സരരംഗത്ത് കടന്നു വരാറുണ്ട്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ വലിയ വീറും വാശിയും ജനങ്ങൾ കാണിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ ഏതു തെരഞ്ഞെടുപ്പിലും പോളിംഗ് ശതമാനം കുറഞ്ഞുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവന്നു കഴിയുമ്പോൾ നടന്ന തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉയർന്നുവരുന്ന സംശയങ്ങളും ആശങ്കകളും ജനങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ഉള്ള വിശ്വാസം കുറയുന്നതിന് കാരണമാകുന്നു എന്നത് തള്ളിക്കളഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ പോൾ ചെയ്ത വോട്ടിനേക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ ആണ് ഭൂരിപക്ഷ കണക്ക് പ്രകാരം പുറത്തുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് പോളിംഗ് നടന്നതിനെക്കാൾ അഞ്ചു ലക്ഷത്തിലധികം വോട്ടുകൾ എണ്ണിയതായി കണക്ക് പുറത്തുവന്നത്. ഇത്തരത്തിൽ പലതരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും ഓരോ തെരഞ്ഞെടുപ്പുകളും കഴിയുമ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ആധുനിക സംവിധാനങ്ങൾ ലഭ്യമായതിനെ തുടർന്നാണ് രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഇലക്ഷൻ കമ്മീഷൻ വോട്ടിംഗ് യന്ത്രങ്ങൾ വഴി നടപ്പിൽ വരുത്തുന്ന സംവിധാനത്തിലേക്ക് എത്തിയത്. യന്ത്രങ്ങളെ കുറിച്ച് പലതരത്തിലുള്ള പരാതികളും ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇതിനിടയിൽ ചില പ്രമുഖ രാഷ്ട്രീയ പാർട്ടികൾ വോട്ടിംഗ് സമ്പ്രദായം പഴയതുപോലെ ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത് . ഇത് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും തള്ളിയിരിക്കുകയാണ്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനവും പരിശോധനയും നടത്തുവാൻ അധികൃതർ തയ്യാറാകണം. അതിന് കഴിഞ്ഞില്ല എങ്കിൽ തെരഞ്ഞെടുപ്പുകളെ കുറിച്ച് ആവർത്തിക്കപ്പെടുന്ന പരാതികൾ ജനങ്ങളിൽ മടുപ്പ് ഉണ്ടാക്കുകയും വോട്ടെടുപ്പിൽ നിന്നും അകന്നു മാറുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും.
തെരഞ്ഞെടുപ്പിലെ വോട്ടു ചെയ്യൽ സമ്പ്രദായത്തിൽ മാത്രമല്ല മറ്റു ചില പ്രാധാന്യമുള്ള ഘടകങ്ങളിലും അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റങ്ങൾ വരുത്തുന്നതിന് തയ്യാറാകണം. ഏത് വോട്ടെടുപ്പിന്റെയും പ്രാഥമികമായ ഒരുക്കം എന്ന് പറയുന്നത് വോട്ടർ പട്ടിക പുതുക്കൽ ആണ്. പ്രായപൂർത്തിയിലേക്ക് കടന്നുവന്ന പുതിയ ആൾക്കാരുടെ വോട്ടുകൾ ചേർക്കുകയും മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും വോട്ടുകൾ ഒഴിവാക്കപ്പെടുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങൾ യാന്ത്രികമായി നടക്കുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മരണമടയുന്നവരുടെയും സ്ഥലം മാറിപ്പോകുന്നവരുടെയും വോട്ടുകൾ നിലവിലെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് കൃത്യമായ സംവിധാനം ഇല്ല. അതുപോലെതന്നെ മരണമടയുന്ന ആൾക്കാരുടെ വോട്ടുകൾ ഒഴിവാക്കുന്നതിനും കൃത്യമായ ഒരു പ്രവർത്തനം ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ പുതിയ ഓൺലൈൻ സംവിധാനങ്ങൾ വോട്ടർ പട്ടികയുടെ കാര്യത്തിലും ബന്ധപ്പെടുത്തിയാൽ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ നടത്തുവാൻ കഴിയും. സാധാരണഗതിയിൽ ജനനവും മരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആധികാരികമായി രജിസ്റ്റർ ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ മരണങ്ങൾ രജിസ്റ്റർ ചെയ്താൽ ഓട്ടോമാറ്റിക്കായി വോട്ടർപട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെടുന്ന സംവിധാനം ഓൺലൈൻ വഴി ഏർപ്പെടുത്തുവാനും കഴിയുന്നതാണ്. ഇതുപോലെ തന്നെയാണ് ജനന രജിസ്ട്രേഷൻ നടപടികളുടെ കാര്യത്തിലും ചെയ്യുവാൻ കഴിയുക. ഒരാൾ ജനിച്ചതായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ 18 വയസ്സ് പൂർത്തിയാകുമ്പോൾ ഓട്ടോമാറ്റിക്കായി അയാൾക്ക് വോട്ടവകാശം ലഭിക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് വരുന്നതിനും സംവിധാനം ഒരുക്കാൻ കഴിയും.കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയല്ല സമൂഹത്തിലുള്ളത്. കേരളത്തിൽ നിന്നും ഒന്നേകാൽ കോടിയോളം ജനങ്ങൾ വിദേശരാജ്യങ്ങളിലും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ജോലിയുമായി കഴിയുകയാണ്. ഇവർക്കൊന്നും പലപ്പോഴും വോട്ട് ചെയ്യാൻ അവസരം ലഭിക്കാറില്ല. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും നാട്ടിലെത്തി വോട്ടു രേഖപ്പെടുത്തുവാൻ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളാണ് ഇവരെ വോട്ടിങ്ങിൽ നിന്നും അകറ്റുന്നത്.
ഇന്ത്യൻ പൗരനായി അംഗീകരിക്കപ്പെട്ട വരും 18 വയസ്സ് തികഞ്ഞവരുമായ എവിടെയും ഉള്ള ആൾക്കാർക്ക് ഓൺലൈനായി വോട്ട് ചെയ്യുന്നതിന് ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. ഐടി രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്ന ഈ കാലത്ത് ഓൺലൈൻ ആയി ഒരാൾക്ക് കൃത്യതയോടെ വോട്ട് ചെയ്യുവാനും അതിൻറെ രസീത് അയാൾക്ക് കൈമാറുവാനും യാതൊരു ബുദ്ധിമുട്ടും ഇല്ല. ഈ പുതിയ സംവിധാനത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് വേണ്ട ആലോചനകളും ഒരുക്കങ്ങളും നടത്തേണ്ടത്. ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും ആയിരം വോട്ടർമാർ ഉള്ള പട്ടികയിൽ 40% ത്തോളം മരണപ്പെട്ട വരും സ്ഥലത്ത് ഇല്ലാത്തവരും ആയി മാറുന്നുണ്ട് എന്നതാണ് വസ്തുത. ആയിരം വോട്ടർമാരിൽ 400 വോട്ടർമാർ പല കാരണങ്ങളാൽ സ്ഥലത്തില്ലാതെ വരുമ്പോൾ വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവ് വന്നതായി കണക്കിൽ തെളിഞ്ഞുവരും. ഈ സ്ഥിതിയും ഒഴിവാക്കപ്പെടേണ്ടതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം രാജ്യം വിട്ടു പുറത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കുക എന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തന്നെ ഇക്കാര്യത്തിൽ ഇടപെട്ടുകൊണ്ട് തീരുമാനമെടുത്താൽ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളുടെ വോട്ടവകാശം കൂടി വിനിയോഗിക്കപ്പെടാൻ ഉള്ള സാഹചര്യം ഉണ്ടാകപ്പെടും.