ലീഗ് നേതാവിനെ കോടതി കയറ്റിയവർ എവിടെ.

കെ എം ഷാജികെതിരായ കേസിലെ വക്കീൽ ഫീസ് മുഖ്യമന്ത്രി തിരിച്ചടയ്ക്കണം

കെ എം ഷാജി എന്ന മുസ്ലിം ലീഗ് നേതാവ് വലിയ ജന സ്വാധീനമുള്ള ഒരാളാണ്. ഉശിരൻ തീപ്പൊരി പ്രസംഗത്തിലൂടെ ജനങ്ങളെ ആകർഷിക്കുവാനും ഏത് ശത്രു നേതാവിനെയും വെല്ലുവിളിക്കുവാനും ചങ്കൂറ്റം കാണിക്കാറുള്ള നേതാവാണ് മുസ്ലിം ലീഗിൻറെ നേതാവായ കെ എം ഷാജി എം എൽ എ. മുൻ യൂത്ത് ലീഗ് പ്രസിഡണ്ട് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നശേഷം പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും വഴി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള ഷാജി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖ്യശത്രു കൂടി ആണ്. അതുകൊണ്ടുതന്നെയാണ് കെ എം ഷാജി എന്ന നേതാവിന്റെ പേരിൽ പ്ലസ് ടു കോഴക്കേസ് ഉണ്ടായപ്പോൾ അത് ഏറ്റുപിടിക്കുവാനും ഷാജി എന്ന നേതാവിനെ ജയിലിൽ അടയ്ക്കുവാനും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വലിയ ആവേശം കാണിച്ചു കൊണ്ടിരുന്നത്. ഏതായാലും ഒന്നിന് പുറകെ ഒന്നായി പല കോടതികളിലും മുഖ്യമന്ത്രിയും കൂട്ടരും കേസ് നടത്തിയെങ്കിലും ഒരു കോടതിയും ഷാജിക്കെതിരെ വിധി പറഞ്ഞില്ല. ഏറ്റവും ഒടുവിൽ സുപ്രീം കോടതിയിൽ ഷാജിക്കെതിരെ സർക്കാർ കേസുമായി എത്തിയപ്പോൾ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് സർക്കാരിൻറെ കേസ് സുപ്രീംകോടതി തള്ളിയത്. എന്താണ് ഈ കേസ് എന്നും എവിടെ നിന്നാണ് കേസ് എന്നും എന്ത് ന്യായമാണ് ഈ കേസിൽ ഉള്ളതെന്നും എന്തു തെളിവുകളാണ് കുറ്റക്കാരനെതിരെ കൊണ്ടുവന്നിട്ടുള്ളത് എന്നും ഒക്കെ വിമർശന രൂപത്തിൽ പ്രസ്താവന നടത്തി കൊണ്ടാണ് സുപ്രീം കോടതി ഷാജിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പിൽ തള്ളിയത്. രാഷ്ട്രീയമായി എതിരാളികളെ നേരിടുക എന്നത് ജനാധിപത്യത്തിലെ മാന്യമായ ശൈലിയാണ്. എന്നാൽ ഒരു നേതാവിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ അല്ലെങ്കിൽ ഒരു പാർട്ടിക്കെതിരെയോ പ്രസംഗിക്കുകയും കുറ്റപ്പെടുത്തലുകൾ നടത്തുകയും ചെയ്തു കഴിഞ്ഞാൽ ആ നേതാവിനെ മുദ്രകുത്തി സ്ഥിരമായി ആക്രമിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്ന കാര്യമല്ല. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പേരിൽ ഉയർന്ന കേസുകൾ പോലീസ് തന്നെ കെട്ടിച്ചമച്ചതാണ് എന്ന പരാതി നേരത്തെ ഉയർന്നതാണ്. ഈ കേസുമായി പോലീസ് പല കോടതിയിലും കയറിയിറങ്ങിയെങ്കിലും തെളിവുകളുടെ അഭാവം മൂലം കോടതികൾ കേസ് തള്ളിക്കളഞ്ഞു. മേൽ കോടതികളിൽ കയറിയിറങ്ങുന്ന പതിവ് സമ്പ്രദായമാണ് ഈ കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. ഏത് വിഷയത്തിലും കേസുകൾ നടത്തുന്നതിന് സർക്കാരിനും മുഖ്യമന്ത്രിക്കും അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്തെ ഉന്നത നീതിപീഠമായ ഹൈക്കോടതി പോലും കുറ്റക്കാരനല്ല എന്ന് കണ്ടുകൊണ്ട് തള്ളിക്കളഞ്ഞ കേസിൽ കോടിക്കണക്കിന് രൂപ വക്കിൽ ഫീസായി വിനിയോഗിച്ചു സുപ്രീംകോടതിയിൽ വരെ കേസ് നടത്തി തിരിച്ചടി വാങ്ങിയ അനുഭവങ്ങൾ വളരെ കുറവാണ്. ഷാജിക്കെതിരെ സുപ്രീംകോടതിയിൽ പോവുകയും അഭിഭാഷകന് കോടിക്കണക്കിന് രൂപ പ്രതിഫലമായി നൽകുകയും ചെയ്തു എന്നാണ് അറിയുന്നത്. ഇത് സംഭവിച്ചതാണെങ്കിൽ ഷാജിക്കെതിരായ കേസ് നടത്തിപ്പിന് ചെലവാക്കിയ തുക കേരളത്തിലെ പൊതുജനങ്ങളുടെ നികുതിപ്പണമാണ്. അതുകൊണ്ടുതന്നെ കേസുകാര്യത്തിൽ ചെലവാക്കിയ അനാവശ്യ തുക മുഖ്യമന്ത്രി തന്നെ സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്‌ക്കേണ്ടതാണ്.

കെ എം ഷാജി എന്ന മുസ്ലിം ലീഗ് നേതാവ് പ്ലസ് ടു പ്രവേശനം സംബന്ധിച്ച കാര്യത്തിൽ 25 ലക്ഷം രൂപ കോഴയായി വാങ്ങി എന്ന രീതിയിൽ ഉണ്ടായ കേസ്ആയിരുന്നു തുടക്കം. ഈ കേസ് പിന്നീട് കേരള ഹൈക്കോടതിയിൽ എത്തുകയും കോടതിയും കേസ് തള്ളുകയും ചെയ്തിരുന്നതാണ്. ഹൈക്കോടതിയുടെ ഉത്തരവുകളെ എതിർത്തുകൊണ്ടാണ് സർക്കാർ സുപ്രീംകോടതിയും ഹർജിയുമായി എത്തിയത്.കേസിലെ പ്രതിയായ കെ എം ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത് ഹൈക്കോടതി തനിക്കെതിരായ കേസ് തള്ളിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത പദവിയിലുള്ള ആൾ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ്. ഇതൊക്കെ എങ്ങനെയാണ് സംഭവിച്ചത് എന്നും യഥാർത്ഥത്തിൽ ഇത്തരം ഒരു ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവർ വ്യക്തമാക്കേണ്ട കാര്യമാണ്. സർക്കാർ ഷാജിക്കെതിരായ കേസ് വാദിക്കുന്നതിന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനെ വലിയ തുക ഫീസായി നൽകി കൊണ്ടാണ് കേസ് നടത്തിയത്. ഷാജിക്ക് വേണ്ടി സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ ഹാജരായി എന്നാണ് അറിയുന്നത്. ഏതായാലും രാഷ്ട്രീയമായി ഉണ്ടാകുന്ന എതിർപ്പുകളെയും വ്യക്തിപരമായ വിരോധങ്ങളേയും നേരിടുവാൻ വേണ്ടി സർക്കാരുകൾ കോടിക്കണക്കിന് രൂപ വക്കീൽ ഫിസായി ഉപയോഗിക്കുന്നത് നീതീകരിക്കാൻ കഴിയുന്ന കാര്യമല്ല. മാത്രവുമല്ല ഷാജിക്കെതിരായ കേസ് കേരള ഹൈക്കോടതി തള്ളിക്കളഞ്ഞ അന്തരീക്ഷത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക എന്നത് സ്വാഭാവികമാണ് .എന്നാൽ ഇത്തരത്തിൽ മേൽ കോടതിയിലേക്ക് നീങ്ങുന്നതിനു മുമ്പ് കേസിന്റെ നിയമപരമായി ഉള്ള സാധ്യത ബന്ധപ്പെട്ട നിയമവിധരുമായി സർക്കാർ ചർച്ച ചെയ്യുക പതിവുള്ള കാര്യമാണ്. ഷാജിയുടെ കാര്യത്തിൽ അത്തരത്തിൽ ഒന്നും ചെയ്യാതെ രാഷ്ട്രീയമായ വിരോധം തീർക്കൽ മാത്രമാണ് ഉണ്ടായത്. ഈ വിരോധം തന്നെയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തത് എന്ന കാര്യം സുപ്രീംകോടതിയിലെ സർക്കാർ വിരുദ്ധ വിമർശനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ശരി ഏതു സർക്കാരും യഥാർത്ഥ നീതി നടപ്പിലാക്കുന്നതിന് വേണ്ടി ഏതു കോടതിയെയും സമീപിക്കുക പതിവാണ്. എന്നാൽ മുസ്ലിം ലീഗ് പാർട്ടിയുടെ നേതാവ് എന്ന നിലയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ശത്രുപക്ഷത്തുള്ള ആളാണ് കെഎം ഷാജി. അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന കേസിൽ കൃത്യമായ തെളിവുകൾ ഇല്ലാതെ ഹൈക്കോടതി വരെ തള്ളിയിട്ടും ആ കേസുമായി മുന്നോട്ടുപോയി സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവാക്കി എന്നത് നീതീകരിക്കാൻ കഴിയുന്ന കാര്യമല്ല. സർക്കാരിനും കേസ് നടത്തിയ മുഖ്യമന്ത്രിക്കും മാന്യതയുണ്ടെങ്കിൽ കേസിനായി ചെലവാക്കിയത് സ്വന്തം പോക്കറ്റിൽ നിന്നും എടുത്ത് സർക്കാർ ഖജനാവിലേക്ക് അടക്കുകയാണ് ചെയ്യേണ്ടത്.