കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ വലിയ തോൽവിയെ തുടർന്ന് കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ പോക്ക് അത്ര ശുഭകരമായിരുന്നില്ല. മുന്നണിയെ നയിക്കുന്ന സിപിഎമ്മും സിപിഐഎം കേരളത്തിലെ പല ജില്ലകളിലും പരസ്പരം പല കാരണങ്ങൾ ഉയർത്തി പോരടിക്കുന്ന അനുഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വയനാട് ലോകസഭാ മണ്ഡലത്തിലെയും പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ ഇടതുമുന്നണിയിൽ നിലനിന്നിരുന്ന ഭിന്നതകൾ വലിയ തോതിൽ വളരുന്നതിനും കടുത്ത വിമർശനങ്ങളിലേക്ക് കടക്കുന്നതിനും വഴിയൊരുക്കിയത്. വയനാട് ലോകസഭാ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച സത്യൻ മൊകേരി സിപിഐയുടെ സ്ഥാനാർഥിയും മുതിർന്ന സിപിഐ നേതാവും ആയിരുന്നു. ആറുമാസം മുൻപ് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ സിപിഐയുടെ ദേശീയ നേതാവായ ആനി രാജ ആണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി ആയിരുന്നത്. ആനി രാജയ്ക്ക് ലഭിച്ചതിനെക്കാൾ മുക്കാൽ ലക്ഷത്തോളം വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് കുറവ് വന്നതിന്റെ പേരിൽ ആണ് വയനാട്ടിൽ നിന്നും ആരംഭിച്ച സിപിഎം സിപിഐ തർക്കങ്ങൾ സംസ്ഥാന തലത്തിലേക്ക് എത്തിയിരിക്കുന്നത്.
വയനാട് മണ്ഡലത്തിൽ നടന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളുടെ രംഗത്ത് സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ മനപൂർവ്വമായി മാറിനിന്ന അവസ്ഥയാണ് ഉണ്ടായിരുന്നത് എന്നാണ് സിപിഐ വിമർശിക്കുന്നത്. ജില്ലയിലെ സിപിഐ നേതാക്കൾ സിപിഎമ്മിന്റെ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ സ്വന്തം ബൂത്തിൽ പോലും ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് 350 ഓളം വോട്ടുകളുടെ കുറവ് ആണ് ഉണ്ടായത്. ഇത് മാത്രമല്ല വയനാട്ടിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന ബൂത്തിലും ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് ആയി എന്ന പരാതിയും ഉയരുന്നുണ്ട്. ഇവിടെ രണ്ടാമത് എത്തിയത് ബിജെപിയുടെ നവ്യ ഹരിദാസ് ആയിരുന്നു.
വയനാട് ലോകസഭാ മണ്ഡലത്തിലെ പരാജയം മാത്രമല്ല പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടായ ആശയ കുഴപ്പങ്ങളും പ്രവർത്തന രീതിയും ഇപ്പോൾ സംസ്ഥാനതലത്തിൽ ഇടതുമുന്നണിക്ക് അകത്ത് ചർച്ചയായി എത്തിയിരിക്കുകയാണ്. വേണ്ടത്ര കൂടിയാലോചനകൾ ഘടകകക്ഷികളുമായി നടത്താതെ സിപിഎം ഏകപക്ഷീയമായി കോൺഗ്രസ് വിട്ടു വന്ന ഒരാളെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഐ ക്ക് അടക്കം വലിയ പ്രതിഷേധം ഉണ്ട്. ഇവരുടെ പ്രതിഷേധം ജില്ലയിലെ നേതാക്കൾ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ സിപിഐ നേതാക്കളുടെ ഈ പ്രസ്താവനകളെ സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ പരിഹാസത്തോടെ തള്ളുകയാണ് ചെയ്തത്. പാലക്കാട് ജില്ലയിലെ സിപിഐ എന്ന പാർട്ടിക്കകത്ത് ആഭ്യന്തര കലഹങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായി. പാർട്ടിയുടെ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ വിമത പ്രവർത്തനങ്ങളുമായി പൊതുസമ്മേളനങ്ങൾ വരെ നടത്തിയിട്ടും പാർട്ടി അത് തടഞ്ഞില്ല എന്ന ആക്ഷേപമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. പാലക്കാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥിയെ വിജയിപ്പിക്കുന്ന കാര്യത്തിൽ സിപിഐയിൽ നിന്നും ചെറിയ പ്രവർത്തനം പോലും ഉണ്ടായില്ല എന്നും സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടയിലാണ് സിപിഐയിലെ മുതിർന്ന നേതാവായ മുൻമന്ത്രി ശ്രീ ദിവാകരൻ പാലക്കാട് ഇടതു സ്ഥാനാർത്ഥി ഡോ. സരിനെ സിപിഎം ചുമന്നത് അനവസരത്തിൽ ആയിപ്പോയി എന്ന പരാതി ഉയർത്തിയത്. ഏതായാലും പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ഇടതുമുന്നണിക്ക് അകത്ത് പ്രധാന ഘടകകക്ഷികൾ അതിശക്തമായ ചേരുതിരിവും പോരാട്ടവും നടത്തിക്കൊണ്ടിരിക്കുകയാണ്.
സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രവർത്തന ശൈലിയിലും സിപിഎമ്മിനും സിപിഐയുടെ ഒരുപറ്റം നേതാക്കൾക്കും എതിർപ്പ് ഉണ്ട്. സർക്കാരിൻറെ നേട്ടങ്ങൾ മുതലെടുക്കാൻ ശ്രമിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിൻറെ കുറവുകൾ പരസ്യമായി പറഞ്ഞ് സർക്കാർ വിരുദ്ധ ഉണ്ടാക്കി തീർക്കുകയാണ് എന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. ഇതിന് പുറമേയാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി സെക്രട്ടറിയുടെ ചില പ്രസ്താവനകളും ശൈലിയും എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ ക്ക് സിപിഎമ്മിൽ നിന്നും അർഹമായ ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നും മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന പാർട്ടി സെക്രട്ടറിയായി ബിനോയ് വിശ്വം മാറി എന്നും ഈ നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതിൻറെ പാർട്ടി സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള മേഖല സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള പോര് മുറുകി കൊണ്ടിരിക്കുന്നത്. സിപിഎം എന്ന പാർട്ടി ഇപ്പോൾ കേഡർ സ്വഭാവത്തിന്റെ ചട്ടക്കൂടിലല്ല എന്ന് പല ജില്ലകളിലും നടക്കുന്ന സമ്മേളനങ്ങളിലെ തർക്കങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ചില ഏരിയ സമ്മേളനങ്ങളിൽ സിപിഎം പ്രവർത്തകർ തമ്മിലടിക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പാർട്ടിയെ കുറ്റപ്പെടുത്തുവാൻ മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുന്നു എന്നത് ഭാവിയിൽ വലിയ ദുരന്തത്തിലേക്ക് ഇടതുമുന്നണിയെ എത്തിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏതായാലും തുടർഭരണത്തിലൂടെ പത്താം വർഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരും ഇടതുമുന്നണിയും അടുത്തെങ്ങും അനുഭവിക്കാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.