കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഹൈക്കോടതിയിലും കീഴ് കോടതിയിലും ഒക്കെ ഇതു സംബന്ധിച്ച കേസ് നടപടികൾ തുടരുകയാണ്. ഇപ്പോൾ നവീൻ ബാബുവിന്റെ ഭാര്യയും മക്കളും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത് അന്വേഷണത്തിന് സിബിഐയെ ഏൽപ്പിക്കുന്നതിന് ഉത്തരവ് ആവശ്യപ്പെട്ടുകൊണ്ടാണ്. ഇതുപറയുന്ന നവീൻ ബാബുവിന്റെ കുടുംബം മറ്റൊരു കാര്യം കൂടി കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ നടന്നുവരുന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ല എന്നും കേസിൽ കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള ശക്തമായ തെളിവുകൾ പോലും നശിപ്പിക്കാൻ സാധ്യതയുണ്ട് എന്നും ഒക്കെയാണ്. ഏതായാലും നവീൻ ബാബുവിന്റെ മരണശേഷം കേരളത്തിലെ മൊത്തം ജനങ്ങളെയും ആശങ്കയിൽ ആക്കിയ ഒരു കേസ് ആയി ഇത് മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.
പത്തനംതിട്ട സ്വദേശിയായ നവീൻ ബാബു എന്ന ഉയർന്ന ഉദ്യോഗസ്ഥൻ പച്ചയായ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്. നവീൻ ബാബുവിന്റെ ഭാര്യയും കുടുംബ അംഗങ്ങളും എല്ലാം സിപിഎം എന്ന പാർട്ടിയുടെയും അതിൻറെ മറ്റ് പോഷക സംഘടനകളുടെയും പ്രവർത്തകരാണ്. മരണപ്പെട്ട നവീൻ ബാബു തന്നെ സിപിഎമ്മിന്റെ സർവീസ് സംഘടനയുടെ ഭാരവാഹി ആയിരുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യ എന്നത് സ്വന്തം കുടുംബം ഒരുതരത്തിലും അംഗീകരിക്കുന്ന കാര്യമല്ല. നവീൻ ബാബു അടുത്തറിയാവുന്നത് ഭാര്യയും മക്കളും ആണ്. അച്ഛനും ഭർത്താവും ആയ നവീൻ ബാബു ഒരു കാരണവശാലും കുടുംബം ഉപേക്ഷിച്ചു ആത്മഹത്യയിലേക്ക് പോകില്ല എന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സംഭവത്തിൽ സത്യസന്ധമായ ഒരു അന്വേഷണം നടക്കണം എന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.നവീൻ ബാബുവിന്റെ കുടുംബം പലതരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രസക്തമായത് നവീൻ ബാബുവിന്റെ മരണശേഷം ആത്മഹത്യ ആയിരുന്നു എങ്കിൽ പോലും ഭാര്യയും ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തുന്നതിന് ഉള്ള വിവരം അറിയിച്ചിട്ട് പോലും അവർക്ക് വേണ്ടി കാത്തിരിക്കാതെ പോസ്റ്റുമോർട്ടം നടപടികൾ വരെ ധൃതിപിടിച്ച് നടത്തിയതിൽ ആർക്കും സംശയം ഉണ്ടാവുക സ്വാഭാവികമാണ്.
നിലവിൽ നവീൻ ബാബുവിന്റെ ആത്മഹത്യാ വിഷയത്തിൽ കുറ്റക്കാരുടെ പട്ടികയിൽ നിൽക്കുന്നത് കണ്ണൂരിലെ ജില്ലാ കളക്ടറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആണ്. മറ്റൊരാൾ സംഭവത്തിൽ ഇടയ്ക്ക് പരാതിക്കാരൻ ആയി വന്ന പമ്പ് സ്ഥാപന ഉടമ പ്രശാന്തൻ ആണ്. ഈ മൂന്നു പേരെയും സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കണ്ണൂരിലെ സിപിഎം പാർട്ടിയുടെ നേതൃത്വം കൈക്കൊണ്ടത്. പൊതുവേദികളിൽ പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണ് എന്ന് പറയുകയും ആ കുടുംബത്തിൻറെ ന്യായമായ ആവശ്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജില്ലാ കളക്ടറെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും സംരക്ഷിക്കുന്ന നിലപാട് എടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് സംഭവം അന്വേഷിക്കുന്നതിന് സി ബി ഐ യെ ചുമതലപ്പെടുത്തണം എന്നാണ്. നിലവിലെ അന്വേഷണങ്ങളിൽ അവർക്ക് വിശ്വാസമില്ല എന്നും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ് നിലവിലെ അന്വേഷണ രീതികൾ സത്യസന്ധം അല്ല എന്ന് ഹൈക്കോടതിക്ക് ബോധ്യമായാൽ സ്വാഭാവികമായും ഒരു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടും.
നവീൻ ബാബു ആത്മഹത്യ കേസിൽ സിബിഐയുടെ അന്വേഷണങ്ങൾ ഉണ്ടായാൽ കുറ്റക്കാരൻ എന്ന് പറയപ്പെടുന്ന പലരും നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയിലേക്ക് എത്തും. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്ക് കൈക്കൂലി വാങ്ങി എന്നതാണ് നവീൻ ബാബുവിന്റെ പേരിൽ ചുമത്തപ്പെട്ട ആരോപണം. എന്നാൽ യഥാർത്ഥ സംഭവങ്ങൾ ഇതൊന്നുമല്ല എന്നുള്ള ചില കഥകളും പുറത്തുവരുന്നുണ്ട്. കുറ്റാരോപിതരായ ചിലർക്കെങ്കിലും അവിഹിത ബന്ധത്തിൽ പങ്കാളിത്തം ഉണ്ടെന്നും ഇത്തരം കാര്യങ്ങളിൽ മരണപ്പെട്ട നവീൻ ബാബുവിന് നേരിട്ടു കണ്ടതായ അനുഭവങ്ങൾ ഉണ്ടായി എന്നും യാദൃശ്ചികമായ ഈ കണ്ടെത്തൽ തിരിച്ചറിഞ്ഞ ബന്ധപ്പെട്ടവർ നടത്തിയ നീക്കങ്ങളാണ് നവീൻ ബാബുവിന്റെ മരണത്തിലേക്ക് വരെ എത്തിയത് എന്നും ഉള്ള ചില അനൗദ്യോഗിക വാർത്തകളാണ് കണ്ണൂരിൽ പറഞ്ഞു കേൾക്കുന്നത്. മരണപ്പെട്ട നവീൻ ബാബു സഹകരിച്ച് പ്രവർത്തിച്ചിരുന്ന സിപിഎമ്മിന്റെ സർവീസ് സംഘടന ഭാരവാഹികൾ പോലും അവിഹിത കഥകൾ ഇതിൻറെ പിന്നിൽ ഉണ്ടെന്നും ആ സംഭവം നേരിട്ടു കണ്ടപ്പോൾ കണ്ട ആളിനെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഗൂഢനീക്കങ്ങളുടെ ഫലമാണ് നവീൻ ബാബുവിന്റെ ജീവൻ അപഹരിച്ചത് എന്നും ഉള്ള രീതിയിലാണ് സംഘടനാ പ്രവർത്തകർ വരെ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം സത്യമാണെങ്കിൽ നവീൻ ബാബുവിന്റെ ദുരൂഹ മരണം സിബിഐ അന്വേഷണത്തിലേക്ക് കടന്നാൽ നിലവിൽ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് നെളിഞ്ഞു നടക്കുന്ന പല പ്രമാണിമാരുടെയും യഥാർത്ഥ മുഖം പുറത്തുവരാനാണ് സാധ്യത.