കെ പി സി സി അഴിച്ചുപണി

പ്രിയങ്ക ഗാന്ധി നേരിട്ട് ഇറങ്ങുന്നു

കേരളത്തിൽ കെപിസിസി നേതൃത്വം പുനസംഘടിപ്പിക്കുന്ന ആലോചന തുടങ്ങിയിട്ട് മൂന്നുവർഷത്തിൽ അധികമായി പ്രസിഡന്റായ കെ സുധാകരൻ പല അവസരത്തിലും കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കി ഹൈക്കമാന്റിന് സമർപ്പിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിയിലൂടെ അതൊന്നും നടക്കാതെ വന്നു. കെപിസിസി പുനഃസംഘടന മാത്രമല്ല ജില്ലാ കമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും വരെ പുനസംഘടന വഴിമുട്ടി നിൽക്കുകയാണ് കെപിസിസിക്ക് ജംബോ കമ്മിറ്റി ഒഴിവാക്കി പുതിയ ഭാരവാഹികൾ ഉണ്ടാകണമെന്ന് എഐസിസി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പിൻറെ മാനേജർമാരായി നിൽക്കുന്ന മുതിർന്ന നേതാക്കൾ നൽകുന്ന ശുപാർശ പട്ടികയിൽ ഡസൻ കണക്കിന് ആൾക്കാർ നിറഞ്ഞുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഏതെങ്കിലും ഒരാളെ ഒഴിവാക്കാൻ ശ്രമിച്ചാൽ ആ പട്ടിക നൽകിയ ഗ്രൂപ്പ് നേതാവ് പ്രസിഡണ്ടായ സുധാകരനെതിരെ തിരിയുന്ന സ്ഥിതിയാണ് ഇത്രയും നാൾ ഉണ്ടായിക്കൊണ്ടിരുന്നത്.

കോൺഗ്രസിൻറെ ദേശീയ ജനറൽ സെക്രട്ടറിയും ഏറ്റവും അംഗീകാരമുള്ള നേതാവുമായി മാറിയ പ്രിയങ്ക ഗാന്ധി ഇപ്പോൾ ഡൽഹി രാഷ്ട്രീയത്തിലെ ആള് മാത്രമല്ല; രാഹുൽ ഗാന്ധി പ്രതിനിധീകരിച്ച വയനാട് മണ്ഡലം ഒഴിഞ്ഞപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വമ്പൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചു വന്നത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രിയങ്ക ഗാന്ധിയെ കോൺഗ്രസിന്റെ ദേശീയ നേതാവ് എന്ന രീതിയിൽ മാത്രമാണ് കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അതല്ല അവസ്ഥ. പ്രിയങ്ക ഗാന്ധി എന്ന ആത്മാർത്ഥതയുള്ള നേതാവ് കേരളത്തെയും വയനാട് മണ്ഡലത്തെയും വല്ലാതെ ഇഷ്ടപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ നിന്നും ഉള്ള പ്രതിനിധി എന്നതിനപ്പുറം ദേശീയ നേതാവായ പ്രിയങ്ക ഗാന്ധിയുടെ പ്രിയപ്പെട്ട സംസ്ഥാനം കൂടിയായി കേരളം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് തെരഞ്ഞെടുപ്പുകളിലും മറ്റും ക്ഷീണം ഉണ്ടായാൽ അത് നേരിട്ട് ബാധിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിയെ കൂടി ആയിരിക്കും. ഈ തിരിച്ചറിവും ബോധ്യവും കൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി കാര്യങ്ങളിൽ കൃത്യതയോടെ ഇടപെടുവാൻ പ്രിയങ്കാ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ആദ്യപടി ആയിട്ടാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള കമ്മറ്റികൾ സമയബന്ധിതമായി പുനസംഘടിപ്പിക്കുന്നതിന് പ്രിയങ്ക ഗാന്ധി തന്നെ സംഘടന ചുമതലയുള്ള കെ സി വേണുഗോപാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്, എന്നാണ് അറിയുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പ്രിയങ്ക ഗാന്ധിയുടെ സ്വന്തം സംസ്ഥാനം ഇപ്പോൾ കേരളം ആണ്. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉള്ള ശക്തിയും അടിത്തറയും പ്രിയങ്ക ഗാന്ധി സ്വന്തം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ തോതിൽ പ്രവർത്തകരും അണികളും സജീവമായി നിൽക്കുന്ന സംസ്ഥാനം ആയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് നേതാക്കളുടെ ഐക്യം ഇല്ലാതെ വന്നതും പാർട്ടിയുടെ താഴെ തലങ്ങളെ പ്രവർത്തനസജ്ജമാക്കാൻ കഴിയാതെ പോയതുമാണെന്ന് പ്രിയങ്ക ഗാന്ധിക്ക് ബോധ്യമായിട്ടുണ്ട്. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് നേരിട്ടുള്ള ഇടപെടൽ നടത്തുവാൻ പ്രിയങ്ക ഗാന്ധി ഇപ്പോൾ തയ്യാറായിരിക്കുന്നത്.

 

ഡിസംബർ ജനുവരി മാസങ്ങൾക്കുള്ളിൽ കെപിസിസി ഭാരവാഹികളെ പുതിയതായി കണ്ടെത്തുക, പ്രവർത്തനത്തിൽ ക്ഷീണമുള്ള ഡിസിസി പ്രസിഡൻറ് മാരെ മാറ്റി പുനഃസംഘടിപ്പിക്കുക, ബ്ലോക്ക് മണ്ഡലം കമ്മിറ്റികളും പുതിയ ഭാരവാഹികളെ കണ്ടെത്തി നിയോഗിക്കുക എന്നീ നിർദ്ദേശങ്ങളാണ് പ്രാരംഭഘട്ടത്തിൽ നടത്താനായി പ്രിയങ്കാ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നാളുകൾ തെരഞ്ഞെടുപ്പുകളുടെതാണ്. ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. അതുകഴിഞ്ഞാൽ ആറുമാസം കഴിയുമ്പോൾ പുതിയ കേരള സർക്കാർ രൂപപ്പെടുത്തുവാനുള്ള നിയമസഭാ തെരഞ്ഞെടുപ്പും വരും. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും സമ്പൂർണ്ണ വിജയം ലക്ഷ്യം വെച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് കമ്മിറ്റികൾ മുതൽ കെപിസിസി വരെ പുതിയ ആൾക്കാരെ ചുമതലപ്പെടുത്തി ശക്തിപ്പെടുത്തണം എന്ന തീരുമാനമാണ് പ്രിയങ്ക ഗാന്ധി മുന്നോട്ടുവച്ചിട്ടുള്ളത്.കേരളത്തിൽ നിന്നും ലോകസഭയിൽ എത്തിയ എം പി എന്ന പരിഗണനയേക്കാൾ വരുന്ന നാളുകളിൽ കേരളത്തിൻറെ കാര്യങ്ങളിൽ സ്വന്തം കുടുംബം എന്ന നിലയിൽ മേൽനോട്ടം നടത്തുവാൻ പ്രിയങ്ക ഗാന്ധി തയ്യാറാകും പാർട്ടിയിലെ വിവിധ കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതിന് മാർഗ്ഗനിർദേശം നൽകിക്കഴിഞ്ഞാൽ അതുമായി സഹകരിക്കാതെ ഗ്രൂപ്പ് കളിക്കുന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം എന്ന അഭിപ്രായം കഴിഞ്ഞ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പാർട്ടി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ തുറന്നുപറയുകയും ഈ അഭിപ്രായം മറ്റെല്ലാ നേതാക്കളും അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പാർട്ടി പ്രസിഡന്റിന്റെ ഈ അഭ്യർത്ഥന കൂടി വിലക്ക് എടുത്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രശ്നങ്ങളിൽ ഗൗരവതരമായ ഇടപെടൽ നടത്തുവാൻ തയ്യാറായിട്ടുള്ളത്.

കേരളത്തിലെ കോൺഗ്രസ് പാർട്ടി കാര്യങ്ങളിൽ പ്രിയങ്കാ ഗാന്ധി ഇടപെടൽ നടത്തുന്നു എന്ന് അറിഞ്ഞതോടുകൂടി കഴിഞ്ഞകാലം അത്രയും പാർട്ടിക്കുള്ളിൽ ഗ്രൂപ്പിൻറെ തണലിൽ ശക്തരായ മുതിർന്ന ജല നേതാക്കൾ വരെ അങ്കലാപ്പിൽ ആയിട്ടുണ്ട്. സ്വന്തക്കാരെ പാർട്ടിയുടെ പല കമ്മിറ്റികളിലും കുത്തിതിരുകി പാർട്ടിക്കുള്ളിൽ സ്വാധീനം ഉറപ്പിച്ച് നിലനിൽക്കുന്ന ഒരു ഏർപ്പാടാണ് കഴിഞ്ഞകാലങ്ങളിൽ കേരളത്തിൽ കണ്ടിട്ടുള്ളത്. പ്രിയങ്ക ഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും ഇടപെടൽ ശക്തമായി വന്നാൽ ഗ്രൂപ്പ് കളികൾ തുടരാൻ ആവില്ല എന്നും ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ള പദവികൾക്ക് വരെ ഇളക്കം തട്ടിയേക്കുമെന്നടക്കമുള്ള ഭയപ്പാട് ഗ്രൂപ്പ് മാനേജർമാരായ മുതിർന്ന നേതാക്കന്മാർക്കുണ്ട്. പതിവുപോലെ പുനസംഘടന വിഷയങ്ങളിൽ വീണ്ടും ഇടപെടാനും ഒന്നുകിൽ പുനഃസംഘടന അനന്തമായി നീട്ടിക്കൊണ്ടുപോയി ഇപ്പോൾ ഭാരവാഹികളായ സ്വന്തക്കാരെ നിലനിർത്തുക എന്ന ഒരു തന്ത്രവും ഈ നേതാക്കൾ പയറ്റുവാൻ സാധ്യതയുണ്ട്. എന്നാൽ പ്രിയങ്കാ ഗാന്ധിയും ഹൈക്കമാൻ്റും ശക്തമായ നിലപാടെടുത്താൽ ഇത്തരം കളികൾ ആവർത്തിക്കപ്പെടാൻ സാധ്യതയില്ല.