ഉപതിരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞു

ഇപ്പോൾ കാര്യമായ വിഷയങ്ങൾ ഒന്നും മാധ്യമങ്ങൾക്ക് കിട്ടുന്നില്ല

പതിരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞു.ആരുജയിക്കും ആര് തോക്കും എന്നതിന്റെ പിറകെ ആയിരുന്നു കേരളത്തിലെ മാധ്യമങ്ങൾ.പിന്നെ അവർ തന്നെ ഏറ്റെടുത്ത ഒരു ധൗത്യവും ഉണ്ടായിരുന്നു.അതാരെ ജയിപ്പിക്കണം എന്നതായിരുന്നു. അതിനും കുറെയൊക്കെ പരിശ്രമിച്ചു.പക്ഷെ എല്ലാം ചീറ്റിപ്പോയ അവസ്ഥയാണ് ഫലപ്രഖ്യാപനത്തിൽ ജനം കണ്ടത് . ഇനിയിപ്പോൾ കാര്യമായ വിഷയങ്ങൾ ഒന്നും തന്നെ ഇല്ല ഇവിടുത്തെ മാധ്യമങ്ങൾക്ക്. ഭൂകമ്പം ഉണ്ടാകാൻ പാകത്തിനുള്ള ഒരു വിഷയവും ഇപ്പോൾ കിട്ടുന്നില്ല.

അപ്പോൾ പിന്നെ, വളരെ നല്ലരീതിയിൽ ഇപ്പോൾ ഈ കൊല്ലം നടന്നുവരുന്ന മണ്ഡലകാല ശബരിമല തീർത്ഥാടനം എങ്ങനെയെങ്കിലും പൊളിക്കാനുള്ള ആലോചനയാണ് നടക്കുന്നതെന്നാണ് അറിയുന്നത്. പി സ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രെസിഡന്റ് ആയതിനുശേഷം നടക്കുന്ന ആദ്യത്തെ മണ്ഡലകാല ശബരിമല തീർത്ഥാടനം ആണ്. എല്ലാ അയ്യപ്പഭക്തൻമാർക്കും ഒരുതടസമോ ബുന്ധിമുട്ടോ ഇല്ലാതെ ദർശനം നടത്താനും, മറ്റുള്ള സ്വകര്യങ്ങൾക്കും ഒരു തടസവും ഉണ്ടാകാതെയും ഇക്കൊല്ലത്തെ മണ്ഡലകാല ശബരിമല തീർത്ഥാടനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതൊക്കെയാണെങ്കിലും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ മാധ്യമങ്ങൾ എടുക്കാൻ പോകുന്ന വിഷയവും അടുത്ത കുറച്ച് ദിവസങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ പോകുന്ന വിഷയവും ശബരിമലയാണെന്ന കാര്യം ഏകദേശം ഉറപ്പായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണ്ഡലകാലത്ത് ശബരിമലയിൽ പോകാൻ മടിയാണ്,പേടിയാണ്. കഴിഞ്ഞവർഷം കേരളത്തിന് വെളിയിൽ നിന്ന് വന്ന കുറെ പേർ സന്നിധാനത്ത് നിരന്നു നിന്ന് കേരള സിഎമ്മിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ടിരുന്നു. ശബരിമലയിൽ ഒരുവട്ടമെങ്കിലും പോയ ആളുകൾക്കറിയാം. അവിടുത്തെ പ്രശ്നങ്ങൾ. ദശലക്ഷക്കണക്കിന് മനുഷ്യർ വന്നുപോകുന്ന ഒരു സ്ഥലത്ത്, പ്രത്യേകിച്ചും കാനന തീർത്ഥാടനമെന്ന കൺസെപ്റ്റ് നിലനിൽക്കുന്ന കാട്ടിനുള്ളിൽ, സംഭവിക്കാവുന്ന പല പ്രശ്നങ്ങളും അവിടെ സംഭവിക്കാറുണ്ട്. ദീർഘമായ ക്യൂ മുതൽ അത്യാവശ്യം കുഴഞ്ഞു വീഴലുകളും അപൂർവമായി ചില മരണങ്ങളും വരെ അവിടെ സ്വാഭാവികം.

അങ്ങനെയുള്ള ഒരു സ്ഥലത്ത് പലപ്പോഴും അധികാരികളുമായി വാക്കേറ്റവും സ്വാഭാവികം തന്നെ. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് കഴിഞ്ഞപ്രാവശ്യം വെളിയിൽ നിന്ന് വന്ന ഒരു കൂട്ടം ആളുകൾ കേരള സർക്കാരിൻ്റെ നേർക്ക് മുദ്രാവാക്യമുയർത്തിയ സംഭവം. 2018 ന് ശേഷം പച്ചയായ രാഷ്ട്രീയം സന്നിധാനത്ത് ഉയർന്നുകേട്ട ആദ്യ സംഭവം. കൃത്യമായ പ്ലാനിങ്ങോടു കൂടി നടത്തിയതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്ന സംഭവം.മേൽ പറഞ്ഞതുപോലെ പോലെ ഒരു മരണം കഴിഞ്ഞവർഷം ഉണ്ടായിരുന്നു. ഒരു കുഞ്ഞു പെൺകുട്ടിയായിരുന്നു കുഴഞ്ഞു വീണത്. വഴിയേ മനസ്സിലായ കാര്യമനുസരിച്ച് ആ പെൺകുട്ടി ഗുരുതരമായ ഹൃദ്രോഗം ഉള്ള കുട്ടിയായിരുന്നു. ഒരു കാരണവശാലും ശബരിമലയിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറ്റിക്കാൻ പാടില്ലാത്ത ആളായിരുന്നു.പക്ഷേ അതിനെ മാധ്യമങ്ങൾ പൊലിപ്പിച്ചു കാണിച്ചത് എങ്ങനെയെന്ന് ഓർമ്മയുണ്ടോ? ആ കുട്ടിയുടെ മരണം കേരള സർക്കാരിന്റെ തലയിൽ കയറ്റി വെക്കാനായിരുന്നു ആദ്യ നിമിഷം മുതൽ അവരുടെ ശ്രമം. കുട്ടി രോഗിയായിരുന്നു എന്ന കാര്യം പറഞ്ഞതും അറിഞ്ഞതും വളരെ ചുരുക്കം ആളുകൾ മാത്രം. ഇത്രയും ഇപ്പോൾ പറയാൻ കാരണം വേറൊന്നുമല്ല, നമ്മുടെ മാധ്യമങ്ങൾ ഇക്കുറിയും പതിവുപോലെ പമ്പ മുതൽ സന്നിധാനം വരെ തമ്പടിച്ചിട്ടുണ്ട്. വഴിയേ പോകുന്ന മനുഷ്യരോട് മൈക്കുമായി ചെന്ന് അഭ്യുദയകാംക്ഷി എന്ന നാട്യത്തിൽ തീർത്ഥാടനനാനുഭവം ചോദിക്കുന്നുണ്ട്. കുറച്ചു മുൻപ് പോലും ഒരു കുഞ്ഞു പെൺകുട്ടിയോട് അഭിപ്രായം ചോദിക്കുന്ന ഒരു മാധ്യമപ്രവർത്തകനെ കണ്ടു.

ദശലക്ഷക്കണക്കിന് മനുഷ്യർ വന്നുപോകുന്ന, അതിന്റേതായ അല്ലറ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് 100% ഉറപ്പുള്ള ഒരു സ്ഥലത്ത് പോയി ഇങ്ങനെ ചെയ്യുന്നതിന്റെ ഉദ്ദേശം വളരെ സിമ്പിളാണ്. കഴിഞ്ഞ ആറു വർഷമായി രാഷ്ട്രീയമായി മാർക്കറ്റുള്ള ഒരു ക്ഷേത്രത്തിൽ സംഭവിക്കുന്ന അപൂർവമായ ചില നെഗറ്റീവ് സംഭവങ്ങളും വീഴ്ചകളും പൊലിപ്പിച്ചു കാണിച്ച് സർക്കാരിനെ കുറ്റക്കാരാക്കുക എന്നത് മാത്രം. ആ കാര്യത്തിൽ ജനം ടിവി മുതൽ മീഡിയ വൺ വരെയുള്ളവർ ഒറ്റക്കെട്ടാണ് താനും.
ഇനി സ്വാഭാവികമായ വീഴ്ചകളൊന്നും സംഭവിച്ചില്ല എന്ന് തന്നെ വെക്കുക, അങ്ങനെയെങ്കിൽ കഴിഞ്ഞതവണ സന്നിധാനത്ത് മുദ്രാവാക്യം വിളിച്ച ആളുകളെപ്പോലെ കൃത്യമായ പ്ലാനിങ്ങോടു കൂടി മാധ്യമങ്ങൾക്ക് വേണ്ട മസാല കൊടുക്കാൻ തയ്യാറായി വരുന്ന ആളുകളുണ്ട് താനും. മുദ്രാവാക്യം വിളിച്ച് തളർന്നവർക്ക് നാരങ്ങാ വെള്ളം കലക്കിക്കൊടുക്കാൻ വേറെ ആളുകളും ഉണ്ട് താനും.
രണ്ടു കണ്ണും തുറന്നു വെച്ചില്ലെങ്കിൽ മലയാളികളുടെ സമാധാനത്തിന്റെ താക്കോൽ ഈ കള്ളന്മാർ കൊണ്ടുപോകും. സൂക്ഷ്മതയോടെ ഇരിക്കുക.കുറഞ്ഞപക്ഷം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തീർത്ഥാടകർ വന്നുപോകുന്ന സ്ഥലത്ത് സംഭവിച്ചേക്കാവുന്ന അപൂർവ്വമായ ചില പിഴവുകളെ പൊലിപ്പിച്ച് പൊതുവൽക്കരിക്കുന്നവരുടെ വലയിൽ വീഴാതിരിക്കുക.