എം കെ രാഘവൻ കോൺഗ്രസ് വിടുന്നു

പാർട്ടിക്ക് തലവേദനയായി കോഴ വിവാദം

ണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവും തുടർന്നുണ്ടായ വിവാദങ്ങളും കണ്ണൂരിലെ സിപിഎം നേതൃത്വത്തെ വല്ലാതെ പ്രതിസന്ധിയിൽ ആക്കി. ഇപ്പോൾ കണ്ണൂർ രാഷ്ട്രീയത്തിൽ, സിപിഎമ്മിന്റെ പ്രതിസന്ധിയെക്കാൾ രൂക്ഷമായ പ്രശ്നങ്ങളാണ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് എംപി ആണെങ്കിലും എം കെ രാഘവൻ കണ്ണൂരുകാരനും അവിടെ നിന്നും രാഷ്ട്രീയം കളിച്ചു വളർന്നവനുമാണ്. രാഘവൻ ചെയർമാനായ പയ്യന്നൂർ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള, മാടായി കോളേജിൽ നിയമനം നടത്തിയതിന്റെ പിറകിൽ നടന്നു എന്ന് പറയുന്ന, ലക്ഷക്കണക്കിന് രൂപയുടെ കോഴ വിവാദമാണ് രാഘവനെ കുടുക്കിയത്. 15 ലക്ഷത്തോളം രൂപ കോഴ വാങ്ങി, സിപിഎമ്മിന്റെ സജീവ പ്രവർത്തകന് രാഘവൻ ജോലി വാങ്ങിക്കൊടുത്തു എന്നതാണ് ഉയർന്നിരിക്കുന്ന ആരോപണം. രാഘവനെതിരെ പ്രതിപക്ഷ പാർട്ടികളോ മറ്റാരെങ്കിലുമോ അല്ല പരാതി ഉയർത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും, ഭാരവാഹികളും പ്രാദേശിക നേതൃത്വവും രാഘവനെതിരെ പരസ്യമായ പ്രതിഷേധവുമായി നിലനിൽക്കുകയാണ്. ഇതിനിടയിൽ മാടായി കോളേജിൽ നടന്നിട്ടുള്ള നിയമനങ്ങളെല്ലാം നിയമപരമായ വഴികളിലൂടെ ആയിരുന്നുവെന്നും, തനിക്ക് അതിൽ ഒരു പങ്കും ഇല്ല എന്നും മാധ്യമപ്രവർത്തകരെ വിളിച്ച് രാഘവൻ വിശദീകരിച്ചു. എങ്കിലും അതൊന്നും വില പോയിട്ടില്ല. ഉദ്യോഗാർത്ഥികളിൽ ഒരാൾ തന്നെ, പരസ്യമായി രാഘവന്റെ പേരിൽ ഉള്ള അഴിമതിയുടെ കാര്യം തുറന്നു പറഞ്ഞത് പ്രശ്നം കൂടുതൽ വഷളാക്കി. ഏതായാലും ഇപ്പോൾ പാർട്ടിയുടെ ജില്ലയിലെ ഔദ്യോഗിക നേതൃത്വവും രാഘവനും തമ്മിലുള്ള പോരാട്ടം മൂർച്ഛിച്ചപ്പോൾ മറ്റുതരത്തിലുള്ള നടപടികളിലേക്ക് നീങ്ങുന്ന സ്ഥിതിയും വന്നു. ഇതെല്ലാം കൊണ്ട് പൊറുതിമുട്ടിയ രാഘവൻ കോൺഗ്രസ് പാർട്ടിയിൽ ഇനി നിൽക്കാൻ കഴിയില്ല എന്നും, സഹപ്രവർത്തകരുടെ തന്നെ ദുരുദ്ദേശപരമായ നീക്കങ്ങളാൽ സഹികെട്ടു എന്നും കാണിച്ചുകൊണ്ട് പാർട്ടി ഹൈ കമാന്റിന് കത്ത് നൽകിയതായി വിവരം പുറത്തുവരുന്നുണ്ട്.

ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി, സിപിഎം പ്രവർത്തകന് ജോലി നൽകിയതാണ് കോൺഗ്രസ് പ്രവർത്തകരെ ക്ഷോഭിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് രാഘവന്റെ സ്വദേശമായ കുഞ്ഞിമംഗലത്ത്, പാർട്ടിയുടെ മണ്ഡലം കമ്മിറ്റി നേതാക്കൾ ഒന്നടങ്കം രാജിവച്ചു. ഇത് മാത്രമല്ല, യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ നഗരത്തിൽ രാഘവനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇതിനും പുറമെയാണ് യൂത്ത് കോൺഗ്രസുകാർ പയ്യന്നൂരിലെ രാഘവന്റെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നടത്തി, വീടിനു മുന്നിൽ ധർണ്ണ ഇരിക്കുന്ന സ്ഥിതിയുമുണ്ടായത്. മാടായി കോളേജിലെ സ്റ്റാഫ് നിയമനം സംബന്ധിച്ച കാര്യത്തിൽ നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, കോളേജ് മാനേജ്മെൻറ് ചെയർമാൻ രാഘവനെ വിവരം അറിയിച്ചിരുന്നതാണ്. പാർട്ടിയുടെ നോമിനുകളായി കോളേജ് ഡയറക്ടർ ബോർഡിൽ ഉള്ള അംഗങ്ങളെ, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പുറത്താക്കുന്ന നടപടിയും ഇതിനിടയിൽ ഉണ്ടായി. ഏറ്റവും ഒടുവിൽ ഡിസിസി നേതൃത്വം ഇടപെട്ടിട്ടും വിഷയം പരിഹരിക്കപ്പെടാതെ വന്നപ്പോഴാണ്, പാർട്ടിയുടെ നേതാക്കളും പ്രാദേശിക നേതാക്കളും പരസ്യമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

കോഴിക്കോട് എംപി എന്ന നിലയിൽ, എം കെ രാഘവൻ വലിയ ജനകീയനായി പ്രവർത്തിച്ചിരുന്ന ആളാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വലിയതോതിൽ ഉയർത്തി, കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് ജനകീയനായി മാറിയ ആളാണ് എം കെ രാഘവൻ. ഇതൊക്കെയാണെങ്കിലും ഇതിനുമുൻപും തെരഞ്ഞെടുപ്പ് അവസരത്തിൽ രാഘവൻ നടത്തിയ വലിയ സാമ്പത്തിക തിരിമറിയും അഴിമതിയും സംബന്ധിച്ച വാർത്തകൾ പുറത്തുവരികയും, ഒടുവിൽ സഹികെട്ട് വിവരങ്ങൾ പറയാൻ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയ രാഘവൻ പൊട്ടിക്കരഞ്ഞതുമെല്ലാം ജനങ്ങൾ കണ്ടതാണ്. ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി എം കെ രാഘവൻ അഴിമതിയുടെ കുറ്റാരോപണം ഏറ്റുവാങ്ങി ജനങ്ങൾക്കു മുന്നിൽ നിൽക്കുകയാണ്. മുൻകാലങ്ങളിൽ രാഘവനെതിരെ ഉയർന്നിട്ടുള്ള പരാതികളിൽ അദ്ദേഹത്തെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ സ്ഥിതി അതല്ല. സ്വന്തം പാർട്ടിയുടെ, ജന്മനാട്ടിലെ നേതൃത്വം ആണ് അഴിമതി ആരോപണം വെളിപ്പെടുത്തിക്കൊണ്ട് രാഘവനെതിരായ പരസ്യമായ നീക്കങ്ങൾ നടത്തുന്നത്.

എം കെ രാഘവന്റെ പേരിൽ ഉയർന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങളിൽ, കെപിസിസി നേതൃത്വമോ മുതിർന്ന കോൺഗ്രസ് നേതാക്കളോ, കുറഞ്ഞപക്ഷം കണ്ണൂരിലെ മുതിർന്ന നേതാക്കളോ പോലും പ്രതികരിക്കാൻ തയ്യാറായില്ലായെന്നത്, രാഘവനെ കൂടുതൽ കുരുക്കിൽ ആക്കുകയാണ്. ഡിസിസി പ്രസിഡൻറ് അടക്കം രാഘവൻ അഴിമതി നടത്തി എന്നത് തുറന്നു പറയുന്നതുകൊണ്ടാണ്, പാർട്ടിയിലെ നേതാക്കൾ പരസ്യമായി ഒന്നും പറയാതെ ഇരിക്കുന്നത്. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ എല്ലാ കാലത്തും തമ്മിലടിക്കുന്നതും, വലിയ ശത്രുക്കളായി കാണുന്നതും സിപിഎമ്മിന്റെ നേതാക്കളെയും പ്രവർത്തകരെയും ആണ്. സിപിഎമ്മിന്റെ നിരന്തരം ഉള്ള രാഷ്ട്രീയ അക്രമങ്ങളിൽ ഇരയായിട്ടുള്ളത്, അവിടുത്തെ കോൺഗ്രസ് പ്രവർത്തകരാണ്. ഇതെല്ലാം അറിയാവുന്നതുകൊണ്ടാണ് രാഘവൻ കോഴ വാങ്ങി സിപിഎമ്മിന്റെ പ്രവർത്തകന് ജോലി കൊടുത്തു എന്നത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിപ്പിക്കുന്നത്. ശത്രുക്കളായി കാണുന്ന പാർട്ടി അനുഭാവിക്കു തന്നെ ജോലി കൊടുത്തു എന്നതിനാൽ, രാഘവനെ ന്യായീകരിക്കാൻ കണ്ണൂരിലെ ഒരു കോൺഗ്രസുകാരനും തയ്യാറാവുന്നില്ല.

ഇത്തരത്തിൽ കണ്ണൂർ കോൺഗ്രസ് പാർട്ടി പൂർണ്ണമായും തടയുകയും, പൊതുപ്രവർത്തനത്തിൽ ഗുരുതരമായ കളങ്കം ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിൽ, കോൺഗ്രസ് പാർട്ടിയിൽ എങ്ങനെ തുടരും എന്നത് രാഘവനെ ആശങ്കപ്പെടുത്തുന്നുണ്ട്. പെട്ടെന്ന് മാഞ്ഞു പോകാവുന്ന അഴിമതി ആരോപണമല്ല രാഘവന്റെ പേരിൽ പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഘവന്റെ ഭാവി രാഷ്ട്രീയത്തിന് തടയിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് അദ്ദേഹത്തെ വളഞ്ഞിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ, ഈ വിഷയത്തിൽ തനിക്ക് സഹായകരമായ ഒരു തീരുമാനവും ഉണ്ടാവില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ്, പാർട്ടി വിടുന്നതിന് രാഘവൻ തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. പാർട്ടിയിൽ നിന്നും, ഔദ്യോഗിക പദവിയിൽ നിന്നും രാജിവെച്ചാൽ പോലും മറ്റൊരു പാർട്ടിയിലേക്ക് പോകാതെ മൗനമായി തുടരേണ്ട ഗതികേടും രാഘവന് വരും. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ തയ്യാറായാൽ കാലുമാറ്റത്തിന്റെ പേരിൽ നിലവിലെ ലോക്സഭാ അംഗത്വം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്ന് രാഘവനും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പാർട്ടിയിൽ നിന്നും വിട്ടു മാറി കുറച്ചുകാലത്തേക്ക് എങ്കിലും ഒതുങ്ങി നിൽക്കാൻ രാഘവൻ ആലോചിക്കുന്നത്.