കൊല്ലത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ, കശുവണ്ടി വികസന കോർപ്പറേഷന്റെ ചെയർമാൻ പദവിയിൽ ഇരുന്ന കാലത്ത്, മാനേജിംഗ് ഡയറക്ടറുമായി ചേർന്നുകൊണ്ട് കശുവണ്ടി ഇറക്കുമതിയിൽ നടത്തിയ വമ്പൻ തട്ടിപ്പ് പുറത്തുവന്നതിന്റെ ശേഷം നടന്ന, പല കോടതി ആയിട്ടുള്ള കേസുകളിൽ ഏറ്റവും ഒടുവിൽ സുപ്രീംകോടതി, ചന്ദ്രശേഖരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട്, സിബിഐക്ക് തുടർനടപടി എടുക്കുന്നതിന് അനുമതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ്, കോൺഗ്രസ് പാർട്ടിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ഐ എൻ ടി യു സി യുടെ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരനെ, കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്. ഈ ചെയർമാൻ പദവിയിൽ ഇരുന്ന അവസരത്തിലാണ്, കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ.എ രതീഷുമായി ചേർന്നുകൊണ്ട്, വിദേശത്തുനിന്നും കശുവണ്ടി ഇറക്കുമതി നടത്തി 80 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നതാണ് ഉയർന്നു വന്ന കേസ്. ഈ കേസിൽ വർഷങ്ങളായി പലതരത്തിലുള്ള കോടതികളിൽ കയറിയിറങ്ങി, എങ്ങനെയും തടിതപ്പാൻ ചന്ദ്രശേഖരനും രതീഷും ശ്രമം നടത്തിയെങ്കിലും, അഴിമതി നടത്തിയതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട്, ഹൈക്കോടതിയും സുപ്രീംകോടതിയും ചന്ദ്രശേഖരന്റെയും രതീഷിന്റെയും ഹർജികൾ തള്ളുകയാണുണ്ടായത്.
കശുവണ്ടി വികസന കോർപ്പറേഷനിൽ, ചന്ദ്രശേഖരനും മറ്റും നടത്തിയ വമ്പൻ അഴിമതിയിൽ, കേസുമായി രംഗത്ത് വന്നത് ഐഎൻടിയുസിയുടെ മറ്റൊരു നേതാവായ കടകംപള്ളി മനോജ് ആയിരുന്നു. മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട്, സിബിഐ അന്വേഷണം തുടരാം എന്നും, ചന്ദ്രശേഖരനെയും രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കണം എന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്മേൽ അന്വേഷണം നടത്തി വന്ന സിബിഐ പ്രതികൾ കുറ്റക്കാരാണ് എന്ന് കണ്ടുകൊണ്ട്, പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി തേടി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. സിബിഐയുടെ അപേക്ഷ, കഴിഞ്ഞ ജൂലൈ മാസം 27ന് സർക്കാർ റദ്ദാക്കിയിരുന്നു. അതുകൊണ്ടുതന്നെ സിബിഐക്ക് പ്രതികളെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യുന്നതിന് പോലും അവസരമില്ലാതെയായി. സർക്കാരിൻറെ ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണ് എന്ന വിമർശനവും ഉയർന്നിരുന്നതാണ്. ഏതായാലും സർക്കാർ, സിബിഐ അന്വേഷണതുടർനടപടികൾക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന് ബോധ്യമായപ്പോഴാണ്, ഹർജിക്കാരനായ കടകംപള്ളി മനോജ് കേസുമായി മുന്നോട്ടു പോയത്. ഹൈക്കോടതി, കുറ്റക്കാർക്കെതിരെ സിബിഐയുടെ തുടർനടപടികൾക്ക് എല്ലാ അനുമതിയും നൽകിയിരുന്നതാണ്.
ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടാണ്, ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയിൽ ഹർജിയുമായി എത്തിയത്. ഹൈക്കോടതിയുടെ സിബിഐ തുടർനടപടികൾക്കുള്ള ഉത്തരവ് റദ്ദാക്കണം എന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ഇതിന് അവർ മുന്നോട്ടുവച്ച ന്യായീകരണങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പൊതുപ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള സംരക്ഷണമാണ് പ്രതികൾ ആവശ്യപ്പെട്ടത്. പൊതുപ്രവർത്തകർ എന്ന നിലയിൽ പ്രോസിക്യൂഷൻ നടപടിക്ക് നിയമ സാധ്യത ഇല്ലായെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ, ചെയർമാൻ പദവിയിൽ ഇരിക്കുന്ന ആളും മാനേജിംഗ് ഡയറക്ടറും പൊതുപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല എന്നും, അതുകൊണ്ടുതന്നെ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും സംരക്ഷണത്തിനുള്ള അവകാശമില്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ്, സുപ്രീംകോടതി പ്രതികളുടെ ഹർജി തള്ളിയത്.
15 വർഷക്കാലത്തോളമായി, കേരളത്തിലെ കോൺഗ്രസിൻറെ തൊഴിലാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ, ഐഎൻടിയുസിയെ കൈപ്പിടിയിൽ ഒതുക്കി നടക്കുന്ന ആളാണ് ചന്ദ്രശേഖരൻ. പാർട്ടിയിലെ ഐ ഗ്രൂപ്പിൻറെ പ്രതിനിധി എന്ന നിലയിൽ, മുതിർന്ന ചില നേതാക്കളുടെ തണലിലാണ് ചന്ദ്രശേഖരൻ യൂണിയൻ പ്രസിഡണ്ട് പദവിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. കേരള ബ്രാഞ്ച് ഐ എൻ ടി യു സി, നിയമപരമായി കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും തെരഞ്ഞെടുപ്പ് നടത്താതെ, പ്രസിഡണ്ട് പദവിയിൽ തുടരുന്നതിനെതിരെ സംഘടനയിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷങ്ങളും പുറത്താക്കൽ നടപടികളും വരെ ഉണ്ടായെങ്കിലും, ഇതൊന്നും പരിഗണിക്കാതെ ഗ്രൂപ്പ് മാനേജർമാരുടെ തണലിൽ, ചന്ദ്രശേഖരൻ ഐ എൻ ടി യു സി പ്രസിഡണ്ട് പദവിയിൽ നടക്കുകയാണ് എന്ന ആരോപണം, സംഘടനയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ഉയർത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഏതായാലും ഏതു സംഘടനയുടെ തലപ്പത്ത് ഇരുന്നാലും, കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ, ചന്ദ്രശേഖരൻ എന്ന നേതാവ് സിബിഐ അറസ്റ്റിൽ ആകുന്നതിന് ഏറെ വൈകില്ല എന്നാണ് പറയപ്പെടുന്നത്.