ലീഡർ കരുണാകരന്റെ സിനിമ വരുന്നു

രാഷ്ട്രീയ ഭീഷ്മാചാര്യൻ ഇനി വെള്ളിത്തിരയിലും

കേരളപ്പിറവിക്കു ശേഷം, കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ച നിരവധി നേതാക്കളിൽ ഒരാൾ മാത്രമാണ്; ലീഡർ എന്ന പേരിൽ അറിയപ്പെടുന്നത്. അത് കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയും, കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ ആണ്. മരണശേഷവും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് തൻറെ അപര നാമമായ, ലീഡർ എന്ന വിശേഷണം തിളങ്ങിനിൽക്കുന്നു എന്നത് കുറഞ്ഞപക്ഷം കോൺഗ്രസുകാരിൽ എങ്കിലും ആവേശം നിലനിർത്തുന്ന ഒരു കാര്യമാണ്. അങ്ങനെയുള്ള ലീഡർ കെ കരുണാകരന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ സിനിമ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഒരു സംഘം സിനിമാ പ്രവർത്തകർ.

ദ പ്രീസ്റ്റ് , രേഖാചിത്രം എന്നീ സിനിമകൾ സംവിധാനം ചെയ്ത ജോഫിൻ ടി ചാക്കോ ആണ്, കേരളത്തിലെ എല്ലാവരുടെയും ലീഡറായ കരുണാകരന്റെ കഥ പറയുന്ന സിനിമയ്ക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിവെച്ചിട്ടുള്ളത്. ബാബു ജനാർദ്ദനൻ ആണ് ലീഡർ എന്ന സിനിമയുടെ തിരക്കഥ രചിക്കുന്നത്. അണിയറ പ്രവർത്തകർ പറയുന്ന രീതിയിൽ ആണെങ്കിൽ, ഒരു പ്രമുഖ യുവ താരമായിരിക്കും കരുണാകരന്റെ വിവിധ പ്രായങ്ങളിൽ ഉള്ള വേഷങ്ങൾ കൈകാര്യം ചെയ്യുക. ജനുവരിക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന വിധത്തിലുള്ള അണിയറ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 23നാണ് ലീഡർ കെ കരുണാകരൻ ചരമദിനം കേരളം ആചരിക്കുന്നത്. കേരളം കണ്ട മികച്ച ഭരണാധികാരിയും രാഷ്ട്രീയ തന്ത്രജ്ഞനും ജനകീയനും ആയിരുന്ന ഏവരുടെയും ലീഡർ കരുണാകരൻ, ഇന്നും കേരളീയരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മയാണെന്നും, അതുകൊണ്ടാണ് അദ്ദേഹത്തിൻറെ ജീവിതകഥ ചലച്ചിത്രമാക്കാൻ തീരുമാനിച്ചത് എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്.

കെ കരുണാകരൻ ജീവിച്ചിരുന്ന അവസരത്തിൽ, അന്തരിച്ച ഹാസ്യ സിനിമാതാരം ബഹുദൂറിന്റെ നേതൃത്വത്തിൽ, കരുണാകരന്റെ ജീവചരിത്രം ഉൾപ്പെടുത്തി ഡോക്യുമെൻററി നിർമ്മിക്കുന്നതിന് ശ്രമങ്ങൾ നടന്നിരുന്നതാണ്. ബഹുദൂറിന്റെ ലീഡർ സ്നേഹവും ആദരവും ആയിരുന്നു ഇത്തരത്തിൽ ഒരു ഡോക്യുമെൻററിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിൽ മാത്രമല്ല, തൻറെ രാഷ്ട്രീയ പ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ചും കരുണാകരൻ നടത്തിയിരുന്നു. പാർലമെന്റും ഭരണകേന്ദ്രങ്ങളും ലൊക്കേഷൻ ആയി, ബഹദൂറിന്റെ സംഘം കുറെയൊക്കെ ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ പ്രോജക്ട് പൂർത്തീകരിക്കാൻ ബഹദൂറിന് കഴിയാതെ വന്നു. പിന്നീട് രോഗബാധിതനായി ബഹദൂർ മരണപ്പെടുകയും ചെയ്തതോടുകൂടി, ആ സംരംഭം നിലച്ചുപോയി. ഇപ്പോൾ ഏതായാലും പുതുതലമുറ ചലച്ചിത്ര പ്രവർത്തകരുടെ ശ്രമമായി, ലീഡർ കെ കരുണാകരൻ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുവാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.