മാനവ വികസന സൂചകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നതും സാമൂഹ്യ പുരോഗതിയിലും ഭരണനിർവഹണത്തിലും തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്നതുമായ കേരളത്തിൻറെ വികസന നേട്ടങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷൻ നൽകിയ നിവേദനത്തിലൂടെ എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു.
ആർജിച്ച നേട്ടങ്ങൾ നിലനിർത്താനും ഇപ്പോഴുള്ള വെല്ലുവിളികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംസ്ഥാനത്തിന്റെ തനത് വികസന ക്ഷേമ പരിപാടികളും കേന്ദ്രാവിഷ്കൃത പദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നത് മുഖ്യമായും സിവിൽ സർവീസിനെ ഉപയോഗപ്പെടുത്തിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ക്രമസമാധാനം, കൃഷി തുടങ്ങിയ മേഖലകളിൽ നടത്തുന്ന ഉയർന്ന തോതിലുള്ള വിഭവ വിനിയോഗമാണ് ഈ നേട്ടങ്ങൾക്ക് നിദാനം.
ശമ്പളയിനത്തിൽ സംസ്ഥാനം ചെലവഴിക്കുന്ന ആകെ വിഹിതത്തിന്റെ 64.91 ശതമാനവും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിലാണ്. ഫലത്തിൽ സിവിൽ സർവീസിന്റെ പരിപാലനം കേരളത്തിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും അനിവാര്യമാണെന്ന വസ്തുതയാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞ് രണ്ടേമുക്കാൽ ലക്ഷത്തോളം പി.എസ്.സി. നിയമന ശുപാർശകൾ നൽകിയും, നാല്പതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചും സിവിൽ സർവീസിനെ ശാക്തീകരിക്കുന്ന നടപടികളുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ സംസ്ഥാനം വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചും ഏകപക്ഷീയമായ പദ്ധതികൾ സംസ്ഥാന പങ്കാളിത്തമില്ലാതെ നേരിട്ട് നടപ്പാക്കിയും കേരളത്തിന്റെ താല്പര്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്നത് കേരളത്തിന്റെ മുന്നോട്ടുപോക്കിനെപ്പോലും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ യഥാസമയം അനുവദിക്കുന്നതിന് തടസ്സമാകുന്നതും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനമാണ്. ഒട്ടേറെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ ഉത്തരവാദിത്വം കൂടി ഏറ്റെടുത്താണ് സംസ്ഥാന സിവിൽ സർവീസ് മുന്നോട്ടുപോകുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ, സമയബന്ധിത ശമ്പളപരിഷ്കരണം, ക്ഷാമബത്ത വിതരണം എന്നിവയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രത്തിലും നിക്ഷിപ്തമാണ്. മുൻകാല ധനകാര്യ കമ്മീഷനുകൾ ഇതു സംബന്ധിച്ച ശുപാർശകൾ കേന്ദ്രസർക്കാരിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
ജി എസ് ടി നടപ്പാക്കി നികുതി നിർണയാവകാശം ഏതാണ്ട് പൂർണമായി കേന്ദ്രസർക്കാർ കയ്യടക്കിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സിവിൽ സർവീസിലെ സാമ്പത്തിക അനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ വിഹിതം ഒഴിച്ചുകൂടാനാവാത്തതായിത്തീർന്നിരിക്കുന്നു. പെൻഷൻ എന്നത് സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രസർക്കാർ പാസാക്കിയ പി എഫ് ആർ ഡി എ നിയമം ചൂണ്ടിക്കാട്ടി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പോലും കേന്ദ്രസർക്കാരും ആർ.ബി.ഐ അടക്കമുള്ള സംവിധാനങ്ങളും ചേർന്ന് തടസ്സപ്പെടുത്തുകയാണ്. അടച്ച വിഹിതവും തിരിച്ചു നൽകുന്നില്ല. താല്പര്യമുള്ള സംസ്ഥാനങ്ങൾക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതുണ്ട്.
വയോജനങ്ങളുടെയും അതിഥി തൊഴിലാളികളുടെയും സംഖ്യയിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്നു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ അവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി ഏറ്റെടുത്തു പരിഹരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കേണ്ടതുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വികസന ക്ഷേമ പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനം എന്ന നിലയ്ക്ക് റവന്യൂ ചെലവ് വലിയ തോതിൽ കുറച്ചു കൊണ്ടുവരിക എന്നത് കേരളത്തിൽ പ്രായോഗികമല്ല.
ആയതിനാൽ തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്തിന് റവന്യൂ കമ്മി ഗ്രാന്റ് ലഭ്യമാക്കണം. പാരിസ്ഥിതിക ദുർബല തീരദേശമലയോര മേഖലകൾ ധാരാളം ഉള്ള ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഫലപ്രദവും ശാസ്ത്രീയവുമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താനുള്ള സാമ്പത്തിക സഹായം അനുവദിക്കണം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം ധനകാര്യ കമ്മീഷൻ ചെയർമാന് എഫ് എസ് ഇ ടി ഒ നൽകി. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, പ്രസിഡന്റ് കെ ബദറുന്നിസ, ട്രഷറർ എം ഷാജഹാൻ, എം വി ശശിധരൻ എന്നിവർ പങ്കെടുത്തു.