നടൻ മുകേഷിനെ പുറത്താക്കണം

സിപിഎം കൊല്ലം സമ്മേളനത്തിൽ വലിയ പ്രതിഷേധം

സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ, സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനങ്ങൾ നടന്നുവരികയാണ്. സംസ്ഥാന സമ്മേളന വേദിയായ കൊല്ലം ജില്ലയിലെ സമ്മേളനത്തിലാണ്, അവിടെനിന്നും ഉള്ള നിയമസഭാംഗമായ ചലച്ചിത്ര നടൻ മുകേഷിനെതിരെ, പാർട്ടി നേതാക്കളും പ്രവർത്തകരും രൂക്ഷമായ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. നടൻ മുകേഷിന്റെ പ്രവർത്തന ശൈലിയിൽ മാത്രമല്ല, ഏറ്റവും ഒടുവിൽ സിനിമ മേഖലയിൽ നിന്നും മുകേഷിനെതിരെ നടികൾ നൽകിയ പോലീസ് കേസുകൾ, പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്നും, ഇതുപോലെയുള്ള ഒരാളെ എന്തിനാണ് വീണ്ടും ചുമക്കുന്നത് എന്നുമാണ്, ജില്ലാ നേതാക്കളും താഴെത്തട്ടിൽ ഉള്ള നേതാക്കളും സംസ്ഥാന നേതൃത്വത്തോട് ചോദ്യം ഉയർത്തിയത്. കൊല്ലം ജില്ലയിലെ സിപിഎം നേതൃത്വത്തിനകത്തുള്ള, ഇപ്പോഴും ശക്തമായി നിൽക്കുന്ന വിഎസ് അച്യുതാനന്ദൻ ഗ്രൂപ്പുകാരാണ് കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത്. നടൻ മുകേഷ്, പിണറായി വിജയൻറെ അടുപ്പക്കാരനാണ് എന്ന രീതിയിൽ കൊല്ലത്ത് പ്രചരണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടിയാണ് വിഎസ് പക്ഷക്കാർ മുകേഷിനെതിരെ, പരസ്യമായ പോരിന് ഇറങ്ങിയത്. മുകേഷ് എന്ന നടനെ ഇനിയും പാർട്ടി ചുമന്നാൽ, കൊല്ലം ജില്ലയിൽ നമ്മുടെ പാർട്ടി ഉണ്ടാകില്ല എന്നും, അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തു വന്നിട്ടുള്ള സ്ത്രീ പീഡന കേസുകളുടെ അടിസ്ഥാനത്തിൽ, മുകേഷിനെ പാർട്ടി നടപടിക്ക് വിധേയനാക്കണം എന്ന ആവശ്യവും ജില്ലാ സമ്മേളനത്തിൽ ഉയർന്നിട്ടുണ്ട്.

2016ലാണ് നടൻ മുകേഷ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി, കൊല്ലം നിയോജക മണ്ഡലത്തിൽ മത്സരത്തിന് ഇറങ്ങിയത്. അന്ന് മുകേഷിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നതാണ്. കാരണം സിപിഎം സ്ഥാനാർത്ഥിയാക്കുന്നതിന് മുമ്പ് പാർട്ടി സ്ഥാനാർത്ഥിത്വവും തേടി മുകേഷ് സിപിഐയുടെ സംസ്ഥാന നേതാക്കൾക്ക് പിറകെ നടന്നിരുന്നതാണ്. സിപിഐയുടെ കൊല്ലം ജില്ലാ നേതാക്കൾ ശക്തമായി എതിർത്തപ്പോഴാണ് മുകേഷ് പുറത്തായത്. അധികാരത്തോട് ആവേശം പുലർത്തിയിരുന്ന മുകേഷ് തക്കം നോക്കി സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെ കണ്ടു. പിണറായി വിജയനും മുകേഷ് എന്ന നടനോട് താൽപര്യം ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൂടി പച്ചക്കൊടി കിട്ടിയതോടെയാണ് സിപിഐക്കാരനായിരുന്ന മുകേഷ്, ഒടുവിൽ സിപിഎമ്മിന്റെ സ്ഥാനാർഥിയായി, കൊല്ലത്ത് അവതരിക്കുന്നത്. ഈ പഴയ കഥ കൂടി അറിയാവുന്നതുകൊണ്ടാണ്, ഇപ്പോൾ സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിൽ ഒരുപറ്റം നേതാക്കൾ മുകേഷിനെതിരെ വാളെടുത്തിരിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം, പുന്നപ്ര വയലാർ രക്തസാക്ഷിത്വം ദിനാചരണം വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഈ രക്തസാക്ഷിത്വ ദിനത്തിൽ അതിൽ പങ്കെടുക്കാതെ, എം എൽ എ ആയിരുന്നിട്ടും ബഡായി ബംഗ്ലാവ് എന്ന സീരിയലിൽ അഭിനയിക്കാൻ മുകേഷ് മുങ്ങിയത്, പാർട്ടി പ്രവർത്തകരിൽ കടുത്ത എതിർപ്പ് ഉണ്ടാക്കിയിരുന്നതാണ്. രണ്ടുതവണ കൊല്ലത്തുനിന്ന് വിജയിച്ച് എം എൽ എ ആയിട്ടും, പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും ഒരു സഹകരണവും കാണിക്കാത്ത ആളാണ് മുകേഷ് എന്നും, ഒട്ടും ജനകീയനല്ല എന്നുമുള്ള വിമർശനങ്ങളും സമ്മേളനത്തിൽ ഉയർന്നു.

ഇത്തരത്തിൽ, നിയമസഭാ അംഗം എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ പരാതികൾ നിലനിൽക്കുമ്പോൾ തന്നെ, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്, കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിലും കടുത്ത പ്രതിഷേധം ഉയർന്നു. ആർ എസ് പി നേതാവും വലിയ ജനകീയനുമായ പ്രേമചന്ദ്രനെതിരെ മത്സരിക്കാൻ, മുകേഷിനെ പോലെ ജനകീയ ബന്ധം ഇല്ലാത്ത ഒരു സ്ഥാനാർത്ഥിയെ നിയോഗിച്ചത് പാർട്ടിക്ക് പറ്റിയ അബദ്ധമാണെന്നും വിലയിരുത്തപ്പെട്ടു. മുകേഷ് അല്ലാതെ മറ്റൊരു പാർട്ടി സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായതുപോലെ കനത്ത തോൽവിയും, പാർട്ടിക്ക് നാണക്കേടും ഉണ്ടാകില്ലായിരുന്നു എന്ന അഭിപ്രായവും ചിലർ ഉയർത്തി. ഇത്തരത്തിലുള്ള പലവിധ കുറ്റങ്ങളും കുറവുകളും ചർച്ചയിൽ പങ്കെടുത്ത പാർട്ടി പ്രതിനിധികൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. രാഷ്ട്രീയമായ വിഷയങ്ങളേക്കാൾ ശക്തമായി ചില നേതാക്കൾ ഉയർത്തിയത്, സിനിമാനടനായ മുകേഷിന്റെ പേരിൽ ഉയർന്നുവന്ന നടികളുടെ പോലീസ് കേസുകളും പരാതികളും ആയിരുന്നു. സിനിമാലോകത്ത് പല പുരുഷതാരങ്ങളും നടികളുടെ പരാതികളിൽ കടന്നുവന്നു എങ്കിലും, നിരവധി പേർ സ്ത്രീപീഡന കേസുമായി രംഗത്തുവന്നത് മുകേഷിനെതിരെ മാത്രമായിരുന്നുവെന്നും ചിലർ എടുത്തുപറഞ്ഞു.

ഏതായാലും കൊല്ലം ജില്ലയിലെ സിപിഎമ്മിന്റെ നേതൃത്വവും, കീഴ് ഘടകങ്ങളും ചലച്ചിത്രനടൻ മുകേഷിനെതിരെ ഒറ്റക്കെട്ടായി തിരിയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മുകേഷ് എന്ന നടനെ ഭാവിയിൽ ഒരു തെരഞ്ഞെടുപ്പിലും പരിഗണിക്കരുത് എന്നും, ഇപ്പോൾ ഉണ്ടായിട്ടുള്ള ആരോപണങ്ങളുടെ പേരിൽ പാർട്ടി നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ഇതിൽ ഒന്നും പെടാതെ ചില ആരോപണങ്ങൾ നേതാക്കൾക്കെതിരെ ഉയർത്തിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. 2016 ൽ മുകേഷിനെ കൊല്ലത്ത് ആദ്യമായി സ്ഥാനാർത്ഥിയാക്കിയതിന്റെ പിറകിൽ, സിപിഎം നേതാക്കളിൽ ചിലർ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന പരാതിയും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനവേദിയായ കൊല്ലം ജില്ലയിലെ പാർട്ടി സമ്മേളനം ഇത്രയ്ക്ക് രൂക്ഷമായ ഭിന്നതകളും തർക്കങ്ങളും നിറഞ്ഞതായി മാറിയതിൽ സിപിഎം സംസ്ഥാന നേതൃത്വവും ആശങ്കയിലാണ്.