കേരളത്തിലെ ആനകളും വെടിക്കെട്ടും കോടതി കയറി നടക്കുകയാണ്. ക്ഷേത്രങ്ങളിൽ മാത്രമല്ല, പള്ളികളിലും പൂരപ്പറമ്പിലും മറ്റു ചടങ്ങുകളിലും നൂറ്റാണ്ടുകളായി ആന ഒരു ഘടകമായി നിലനിൽക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ ആനപ്പുറത്ത് ദേവീ ദേവന്മാരെ എഴുന്നള്ളിക്കുന്നത്, എല്ലായിടത്തും ആചാരത്തിന്റെ ഭാഗമായി നടന്നു വരുന്നതാണ്. തൃശൂർ പൂരം ഇപ്പോൾ വലിയ തർക്കത്തിലും വിവാദത്തിലുമാണ്. കോടതിയുടെ ഉത്തരവുകൾ കർക്കശമാക്കിയാൽ, പൂരം നടത്തൽ ഉപേക്ഷിക്കുവാൻവരെ തയ്യാറാകുന്നു എന്ന്, പൂരം സംഘാടകസമിതിക്കാർ തീരുമാനിച്ച സ്ഥിതി വരെയുണ്ടായി. പൂരത്തിന് 15 ആനകൾ പാടില്ലായന്നും, പരമാവധി അഞ്ച് ആനകൾ മതി എന്നും, ആ ആനകളത്തന്നെ കോടതി നിർദ്ദേശിച്ച നിശ്ചിത ദൂരപരിധിയിൽ നിർത്തണം എന്നും, പൂരപ്പറമ്പിൽ വെടിക്കെട്ട് നടത്തുവാൻ പാടില്ല എന്നുമൊക്കെയാണ് കോടതിയിൽ നിന്നും നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്. ഇതിനെതിരെ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു മതത്തിൻറെ കാര്യമല്ല, ആനകളെ കേരളത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയിട്ടുണ്ട്. വിശ്വാസികൾ എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് ആനകൾ എഴുന്നള്ളത്തിന് ഒപ്പം നിൽക്കാറുള്ളത്. അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഇടപെടലുകൾ നടത്തിയിട്ടുള്ളത്. അതുമാത്രമല്ല ആന എന്ന മൃഗത്തിൻറെ സുരക്ഷയും, അമിത അധ്വാനം ഒഴിവാക്കലും ഒക്കെ കോടതി ഇടപെടലിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ കോടതിയുടെ നിർദ്ദേശങ്ങൾ കാലങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആഘോഷ ഇടങ്ങളിലും നടന്നുവരുന്ന രീതികളെ അപ്പാടെ തകിടംമറിക്കുന്നത് വിശ്വാസികളെ സങ്കടപ്പെടുത്തുന്ന കാര്യമാണ്.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും നടന്നുവരുന്ന മുഖ്യമായ ഒരു വഴിപാടാണ് വെടി വഴിപാട്. ശബരിമലയിൽ തന്നെ ഭൂരിഭാഗം അയ്യപ്പന്മാരും നടത്തുന്ന വഴിപാടാണ് വെടിവഴിപാട്. മറ്റു ക്ഷേത്രങ്ങളിലും ആചാരമായിട്ടും വിശ്വാസമായിട്ടും നടക്കുന്നുണ്ട്. അതിനും തടസ്സം ഉണ്ടാകുന്നത് വിശ്വാസികളുടെ മാനസികാവസ്ഥയെ തകർക്കുന്നതാണ്
ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും ആനകളെ എഴുന്നള്ളിക്കുന്നത് കാലോചിതമായ പരിഷ്കാരങ്ങളോടെയാണെന്ന് മനസ്സിലാക്കാൻ കഴിയും. പണ്ടത്തേതുപോലെ നൂറുകണക്കിന് കിലോമീറ്റർ റോഡിലൂടെ നടത്തി, ആനകളെ ക്ഷേത്രങ്ങളിൽ ഇപ്പോൾ എത്തിക്കാറില്ല. ലോറികളിൽ കയറ്റി ക്ഷേത്ര സ്ഥലത്ത് എത്തിക്കുന്ന പതിവാണുള്ളത്. നാട്ടാനകൾ കേരളത്തിൽ അഞ്ഞൂറിൽ താഴെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ വളർത്തുന്ന ആനകളാണ്. ഇത്തരം ആനകളെയെല്ലാം മികച്ച ഭക്ഷണം നൽകി, ചികിത്സ നടത്തി ഉടമകൾ പരിപാലിക്കുന്നുണ്ട് എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്. ആനയുടെ ഇപ്പോഴത്തെ വില തന്നെ ലക്ഷങ്ങളാണ്. അത്തരത്തിൽ വില നൽകി, ആനയെ വാങ്ങി, ആന അകാലത്തിൽ ചരിയുന്ന സ്ഥിതിവുണ്ടായാൽ ഉടമയ്ക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക. അതുകൊണ്ട് ആന ഉടമകൾ, ജാഗ്രതപാലിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യവും ഉള്ളപ്പോൾ മൃഗപരിപാലന നിയമത്തിന്റെ പേരിൽ ആന എഴുന്നള്ളത്ത് വേണ്ട എന്ന് പറയുന്നത് ശരിയല്ല എന്ന് തോന്നുന്നു.
മറ്റൊരു കാര്യം, പൂരം നടത്തിപ്പ് സംഘക്കാരും മറ്റു ക്ഷേത്ര മേൽനോട്ടക്കാരും ആനപ്രേമികളും മുന്നോട്ടുവെക്കുന്നത്, കോടതി വിധി പറയുന്നതിന് മുമ്പ് ഇത്തരം ആൾക്കാരെ കൂടി കേൾക്കേണ്ടതായിരുന്നു എന്നതാണ്. ഇവരുടെ പരാതികളും പരിഭവങ്ങളും കേട്ടശേഷം അതും പരിഗണിക്കാനുള്ള ബാധ്യത കോടതികൾക്ക് ഉണ്ടാകേണ്ടതാണല്ലോ. കേരളത്തിൽ ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഒക്കെയായി ആറായിരത്തിലധികം ഉത്സവങ്ങളും ആഘോഷങ്ങളും പരിപാടികളും നടക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ പറയുന്ന പരിപാടികളിലെല്ലാം പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്നു എന്നതും ഗൗരവമായി കാണേണ്ട കാര്യമാണ്. ഏറെക്കാലം മുമ്പ് വരെ, ക്ഷേത്ര പരിസരങ്ങളിൽ മാത്രം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്ന ആറ്റുകാൽ പൊങ്കാല, ഓരോ വർഷവും വളർന്നു വളർന്ന്, തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ നടക്കുന്ന വഴിപാടും പരിപാടിയുമായി മാറിയിട്ടുണ്ട്. ഇതുതന്നെയാണ് മറ്റു പല സ്ഥലങ്ങളിലും വിശ്വാസങ്ങളുടെ കാര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളം പോലെ ജനസാന്ദ്രത വർദ്ധിച്ച ഒരു സംസ്ഥാനത്ത്, പരിമിതമായ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ഉത്സവങ്ങളും ആചാരങ്ങളും ആഘോഷങ്ങളും നടത്തിപ്പോവുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ആളുകൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിന് പരമാവധി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് പ്രശ്നങ്ങളില്ലാതെ ആഘോഷങ്ങൾ നടത്തുക എന്നതാണ് പോംവഴി.
കോടതിയുടെ ഇടപെടൽ ശബരിമലയുടെ കാര്യത്തിൽ വലിയ സഹായകരമായി മാറിയിട്ടുണ്ട്. ഹൈക്കോടതി നേരിട്ട് നിരീക്ഷണം നടത്തുന്നതിനാൽ, അയ്യപ്പഭക്തന്മാരുടെ അപ്പപ്പോൾ ഉണ്ടാകുന്ന വിഷമതകൾക്ക് ഉടനടി പരിഹാരവും ഉണ്ടാകുന്നുണ്ട്. ഇതുപോലെ തന്നെ ആചാരങ്ങൾക്ക് കോട്ടം വരാത്ത രീതിയിൽ, മറ്റ് ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവം നടന്നുപോകുന്ന അന്തരീക്ഷം ഉണ്ടാകണം. ആന ഏറ്റവും വലിയ മൃഗം എങ്കിലും മനുഷ്യരുമായി ഇത്രകണ്ട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന മറ്റൊരു മൃഗം ഇല്ല. ആന നേരിട്ട് അക്രമിച്ച് ആരെങ്കിലും മരണപ്പെടുന്നത് അപൂർവ്വമായി ഉണ്ടാകുന്ന ഒന്നാണ്. കേരളത്തിലെ റോഡപകടങ്ങളിലും മറ്റു ദുരന്തങ്ങളിലും മരണപ്പെടുന്നവരുടെ എണ്ണവും ആയി പരിശോധിക്കുമ്പോൾ ആന വഴി ഉണ്ടാകുന്ന മരണങ്ങൾ അല്പം മാത്രമാണ്. ഇതുതന്നെയാണ് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് വഴി അപകടങ്ങൾ വന്ന് ഉണ്ടാകുന്ന മരണവും ദുരന്തവും പരിശോധിച്ചാലും മനസ്സിലാവുക. വല്ലപ്പോഴും അപൂർവ്വം ആയിട്ടാണ് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് അപകടങ്ങൾ സംഭവിക്കുക, നിർമ്മിക്കുന്ന ശാലകളിൽ ഉണ്ടാകുന്ന സ്ഫോടനവും അപകടവും വഴി മരിക്കുന്നവരുമായി തട്ടിച്ചു നോക്കിയാൽ ക്ഷേത്രങ്ങളിലെ വെടിക്കെട്ട് മരണങ്ങൾ വളരെ കുറവ് തന്നെയാണ്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആഘോഷങ്ങളിലും വലിയതോതിൽ ജനങ്ങൾ ഒത്തു കൂടുന്നുണ്ട്. ഉത്സവ കാലം എന്ന് പറയുന്നത്, കേരളത്തിൽ ഏതാണ്ട് ആറുമാസത്തോളം നീണ്ടുനിൽക്കുന്നതാണ്. ഓരോ സ്ഥലങ്ങളിലും ഓരോ അവസരങ്ങളിലായിട്ടാണ് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും മറ്റും ആഘോഷങ്ങൾ നടക്കുക. അതുകൊണ്ടുതന്നെ ആഘോഷം നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടാവാറില്ല. കേരളത്തിലെ ജനസാന്നിധ്യം കൊണ്ട്ഏറ്റവും മുന്നിൽ നിൽക്കുന്ന ഉത്സവമാണ്. തൃശൂർ പൂരം ദേശീയതലത്തിൽ മാത്രമല്ല, വിദേശങ്ങളിൽ അടക്കം പേര് നേടിയ പൂരം കാണാൻ എല്ലാ വർഷവും നൂറുകണക്കിന് വിദേശികളും എത്താറുണ്ട്. ഈ വിദേശ ആൾക്കാരെ ഈ പരിപാടിയിലേക്ക് ആകർഷിക്കുന്നത് യഥാർത്ഥത്തിൽ പൂരപ്പറമ്പിൽ നെറ്റിപ്പട്ടവും കുടയും ആലവട്ടവും വെൺചാമരവും ഒക്കെയായി നിൽക്കുന്ന ആനക്കൂട്ടങ്ങളെ കാണുക എന്നത് തന്നെയാണ്. അത്തരത്തിലുള്ള ലോകോത്തര പ്രശസ്തി നേടിയ പൂരം ഇല്ലാതായാൽ അത് കേരളത്തിന് തന്നെ വലിയ നഷ്ടമായിരിക്കും എന്നുകൂടി ചിന്തിക്കുവാൻ നീതിപീഠങ്ങൾ തയ്യാറാവണം.