കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ, പാർട്ടി പുനഃസംഘടന സംബന്ധിച്ച തമ്മിലടി രൂക്ഷമായപ്പോൾ, കേന്ദ്ര നേതൃത്വം വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഹൈക്കമാന്റിന്റെ ഇത്തരം വെടിനിർത്തലൊന്നും കേരളത്തിലെ നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ അംഗീകരിച്ചിട്ടില്ല. കിട്ടാവുന്ന വെടി ഒക്കെ പൊട്ടിക്കുക എന്ന രീതി മുതിർന്ന നേതാക്കൾ അടക്കം തുടർന്നുകൊണ്ടിരിക്കുന്ന പതിവാണ് ഇതുവരെ കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം, ജംബോ കമ്മിറ്റിയുടെ ഭീകരത മൂലം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. കെപിസിസി പ്രസിഡണ്ടിനെയും മറ്റു ഭാരവാഹികളെയും പുതിയതായി നിയമിക്കണം എന്ന ആവശ്യം, കുറച്ചുകാലമായി ഉയരുന്നുണ്ട്. മുതിർന്ന ചില നേതാക്കളും ഈ തീരുമാനം നടപ്പിലാക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാൽ ഇതിൻറെ പേരിൽ തർക്കം രൂക്ഷമായപ്പോഴാണ് കേന്ദ്രനേതൃത്വം കേരളത്തിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ രംഗത്ത് വന്നത്. കെ സുധാകരൻ നേരത്തെ പ്രസിഡണ്ട് പദവി ഒഴിയാൻ തയ്യാറായി എങ്കിലും, ഇപ്പോൾ ആ അവസ്ഥയിൽ അല്ല. അതുകൊണ്ടുതന്നെ പുനഃസംഘടന ഉടനെ നടക്കും എന്ന് കരുതേണ്ടതില്ല. പാർട്ടിയുടെ സ്ഥിതി ഇത്തരത്തിൽ കുഴഞ്ഞു കിടക്കുകയാണെങ്കിലും, മുതിർന്ന ചില നേതാക്കൾ വലിയ ആവേശത്തോടെ കൂടി അണിയറ പ്രവർത്തനങ്ങൾ നടത്തുന്നത്, കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആകുവാൻ വേണ്ടിയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടും എന്നും, അങ്ങനെ വന്നാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണം എന്നതും ആണ് മുതിർന്ന നേതാക്കൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
മുൻ പ്രതിപക്ഷ നേതാവും, 13 കൊല്ലത്തോളം കെപിസിസി പ്രസിഡണ്ടും, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും ഒക്കെ ആയിരുന്ന രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി മോഹവുമായി വലിയ നീക്കങ്ങൾ നടത്തുന്നത്. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ, യുഡിഎഫ് വീണ്ടും അധികാരത്തിൽ വരും എന്ന് വിശ്വസിച്ചു കൊണ്ട് ആ കാലത്ത് മുഖ്യമന്ത്രി കുപ്പായം തൈപ്പിച്ച ആളാണ്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തോൽവി വന്നതാണ് കുപ്പായം പെട്ടിയിലിരിക്കാൻ കാരണം.
ഇപ്പോൾ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്നത് വി ഡി സതീശൻ ആണ്. സതീശനും മുഖ്യമന്ത്രി കസേരയിൽ കലശലായ മോഹമുണ്ട്. അദ്ദേഹവും ഭാവി മുഖ്യമന്ത്രിയുടെ കുപ്പായം തൈപ്പിച്ചു വെച്ചിരിക്കുകയാണ്. ഇതിനുപുറമെയാണ് ഇപ്പോൾ ദേശീയതലത്തിൽ പാർട്ടിയെ നയിച്ചു കൊണ്ടിരിക്കുന്ന കെ.സി വേണുഗോപാൽ ഹൈക്കമാന്റിന്റെ തണലിൽ കേരളത്തിൽ മുഖ്യമന്ത്രി ആകാം, എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അണിയറ നീക്കങ്ങൾ നടത്തുന്നത്. വേണുഗോപാലിൻറെ ഈ നീക്കങ്ങൾ മുൻകൂട്ടി കണ്ട രമേശ് ചെന്നിത്തലയും, സതീശനും വേണുഗോപാലിനെതിരെ, കഴിയാവുന്ന പാരകളെല്ലാം വെച്ചുകൊണ്ടിരിക്കുകയാണ്. ഈ പാര പണികളിൽ ജാതിയും മതവും ഒക്കെ കുത്തിത്തിരുകുന്നുണ്ട്, മറ്റൊരു മുഖ്യമന്ത്രി കുപ്പായത്തിന്റെ അവകാശി സാക്ഷാൽ ലീഡറുടെ മകൻ കെ. മുരളീധരൻ.
കേരളത്തിൽ യുഡിഎഫിന് അധികാരം കിട്ടുന്ന സ്ഥിതി ഉണ്ടായാൽ, മറ്റു മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി തമ്മിലടിക്കുന്ന അവസ്ഥ വരുമെന്നും, ഇത്തരം ഘട്ടത്തിൽ ഒരു അനുരഞ്ജന സ്ഥാനാർത്ഥി എന്ന നിലയിൽ തൻറെ പേര് പാർട്ടി നേതൃത്വം പരിഗണിക്കും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് മുരളീധരനും മുമ്പോട്ടു പോകുന്നത്. വേണുഗോപാൽ, സതീശൻ, ചെന്നിത്തല, മുരളീധരൻ തുടങ്ങിയവരെല്ലാം നായർ സമുദായത്തിൽ നിന്നും ആയതിനാൽ ശക്തമായ മറ്റൊരു ജാതിയായ ഈഴവ വിഭാഗത്തിന് മുഖ്യമന്ത്രിപദം നൽകണമെന്ന് ആലോചന വന്നാൽ, ആ അവസരം മുതലെടുക്കാൻ തയ്യാറായി ഇരിക്കുകയാണ് ആറ്റിങ്ങൽ നിന്നുള്ള എംപി ആയ അടൂർ പ്രകാശ്.
ദേശീയതലത്തിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് പഴയ പ്രതാപം ഒന്നുമില്ല. വർക്കിംഗ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് എന്ന രീതിയിലുള്ള, ആർക്കും വേണ്ടാത്ത ഒരു പദവി മാത്രമാണ് ഇപ്പോൾ ചെന്നിത്തലയ്ക്ക് സ്വന്തമായിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയുടെ ചുമതലക്കാരനായി, അവിടെ കോൺഗ്രസ് സർക്കാർ തീർച്ചയായും ഉണ്ടാകും എന്ന് ഉറക്കെ പറഞ്ഞ ചെന്നിത്തല, ഫലം പുറത്തുവന്നപ്പോൾ നാണം കെടുന്ന സ്ഥിതി വന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് മുന്നണിക്ക് വമ്പൻ പരാജയം ഉണ്ടായതോടുകൂടി ചെന്നിത്തലയ്ക്ക് ഡൽഹിയിൽ ഉണ്ടായിരുന്ന അംഗീകാരവും നഷ്ടപ്പെട്ട സ്ഥിതിയാണ്.
കെപിസിസി പ്രസിഡൻറ് ആയിരുന്നപ്പോഴും, പിന്നീട് പ്രതിപക്ഷ നേതാവ് ആയപ്പോഴും, കേരളത്തിലെ എല്ലാ ജില്ലകളിലും ഐ ഗ്രൂപ്പിൻറെ നേതാവ് ചമഞ്ഞ് ആൾക്കാരെ ഉണ്ടാക്കിയിട്ടുള്ള ആളാണ് ചെന്നിത്തല. പിന്നീട് ആ ഗ്രൂപ്പിനകത്ത് സതീശൻ പിടിമുറുക്കിയപ്പോൾ, ചെന്നിത്തല അവഗണിക്കപ്പെട്ട സ്ഥിതിയിൽ എത്തി. എന്നാൽ, ഇപ്പോൾ പാർട്ടിയുടെ പരിപാടികൾ എന്ന പേരിൽ എല്ലാ ജില്ലകളിലും ഓടിയെത്തി, സ്വന്തം ഗ്രൂപ്പ് ശക്തിപ്പെടുത്തുവാനും ഒപ്പം നിൽക്കുന്നവരെ ഉറപ്പിച്ചു നിർത്തുവാനുമുള്ള ശ്രമങ്ങൾ ആണ് ചെന്നിത്തല നടത്തിക്കൊണ്ടിരിക്കുന്നത്. സതീഷിനെയും വേണുഗോപാലിനെയും വെട്ടി മറിക്കുക എന്ന ലക്ഷ്യമാണ് ചെന്നിത്തലയ്ക്കുള്ളത്. ഈ രണ്ടുപേരെയും പിറകോട്ട് അടിച്ചില്ലെങ്കിൽ, തൻറെ മുഖ്യമന്ത്രി മോഹം നടക്കില്ല എന്ന് ചെന്നിത്തല തിരിച്ചറിയുന്നുണ്ട്. എന്നാൽ ചെന്നിത്തലയെ ഒതുക്കി നിർത്താൻ, മറ്റ് ഗ്രൂപ്പിൻറെ മുതിർന്ന നേതാക്കൾ സംയുക്തമായി നീങ്ങുകയാണ്. ഇതാണ് ഇപ്പോൾ ചെന്നെത്തല നേരിടുന്ന വലിയ പ്രതിസന്ധി.