കൂട്ട വിവാഹത്തിന് എത്തി, കൂട്ട അടിനടത്തി പിരിഞ്ഞു

സമൂഹ വിവാഹ സംഘാടകരുടെ തട്ടിപ്പ്

കേരളത്തിൽ ചില മതസംഘടനകളും, സന്നദ്ധ സംഘടനകളും, നിർധനരായ കുടുംബങ്ങളിലെ വധുവരന്മാരെ കണ്ടുപിടിച്ച്, സമൂഹവിവാഹം നടത്തുന്ന രീതി നല്ല കാര്യമാണ്. കേരളത്തിൽ ഏതു നല്ല കാര്യം ആര് നടത്തിയാലും, കുറച്ചു കഴിയുമ്പോൾ അതേ കാര്യം പറഞ്ഞ്, തട്ടിപ്പുകാരും രംഗത്ത് വരുന്നത് പുതിയ കാര്യമല്ല. ഇപ്പോൾ ഒടുവിൽ വന്നിരിക്കുന്ന ഒരു വാർത്ത, ആലപ്പുഴ ജില്ലയിലെ ചേർത്തല വാരനാട് എന്ന സ്ഥലത്തു നിന്നാണ്. ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ, 35 ദമ്പതിമാരുടെ സമൂഹ വിവാഹത്തിനുള്ള പ്രഖ്യാപനമാണ് നടത്തിയത്. ഇതനുസരിച്ച് വധൂ-വരന്മാരെ തെരഞ്ഞെടുക്കുകയും, അവരെ എല്ലാ വിവരങ്ങളും ബോധ്യപ്പെടുത്തി ചടങ്ങിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്തത്. എന്നാൽ സമൂഹ വിവാഹ വേദിയിൽ എത്തിയ വധു വരന്മാർക്കും ബന്ധുക്കൾക്കും, ഭാരവാഹികൾ നൽകിയിരുന്ന ഒരു ഉറപ്പും പാലിക്കാതെ വന്നപ്പോൾ തമ്മിലടിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

സ്വർണ്ണം കൊണ്ടുള്ള താലിയും, വിവാഹ വസ്ത്രങ്ങളും, രണ്ടു ലക്ഷം രൂപയും, ഓരോരോ ദമ്പതിമാർക്കും നൽകും എന്നതായിരുന്നു സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ച ഭാരവാഹികൾ ഉറപ്പു നൽകിയിരുന്നത്. വിവാഹത്തിന് തൊട്ടുമുൻപ്, വധുവരന്മാർക്ക് വേണ്ടി സംഘടന നടത്തിയ കൗൺസിലിങ്ങിലും ഈ കാര്യങ്ങൾ ഭാരവാഹികൾ ഉറപ്പ് പറഞ്ഞിരുന്നു. ഇതെല്ലാം വിശ്വസിച്ചു കൊണ്ടാണ് ദമ്പതിമാർ, ചേർത്തലയിലെ അഖിലാഞ്ചലി എന്ന ഓഡിറ്റോറിയത്തിൽ എത്തിയത്. വധൂവരന്മാർ മാത്രമല്ല അവരുടെ ബന്ധുക്കളായി നിരവധി പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നു. ഇടുക്കി ജില്ലയിൽ നിന്നു മാത്രം പതിനഞ്ചോളം ദമ്പതിമാർ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. മൊത്തത്തിൽ 35 വിവാഹങ്ങൾക്കാണ് ഒരുക്കം നടത്തിയതെങ്കിലും, ചടങ്ങ് നടത്തിയ ചേർത്തലയിലെ സ്നേഹ ഭവൻ എന്ന സന്നദ്ധ സംഘടന ഭാരവാഹികൾ വാക്കു പാലിക്കാതെ വന്നതിനെ തുടർന്ന്, സ്ഥലത്ത് വലിയ സംഘർഷം ഉണ്ടാവുകയും കൂട്ട അടിയിലേക്ക് മാറുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും, 9 ദമ്പതികൾ മാത്രമാണ് വിവാഹത്തിന് തയ്യാറായത് മാത്രവുമല്ല സമൂഹ വിവാഹ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ രാഷ്ട്രീയ നേതാവ്, കൂട്ട അടി ഭയന്ന് ഓടി രക്ഷപ്പെടുന്ന സാഹചര്യവും ഉണ്ടായി എന്നാണ് പറയപ്പെടുന്നത്

സമൂഹ വിവാഹ ചടങ്ങുകൾ നടത്തുന്നതിന് വേണ്ട ചിലവുകളും, വധൂവരൻമാർക്ക് നൽകുന്ന രണ്ടു ലക്ഷം രൂപ സഹായവും, സ്വർണ്ണ താലിയും എല്ലാം സ്പോൺസർഷിപ്പ് വഴി ഉറപ്പാക്കിയിട്ടുണ്ട് എന്നായിരുന്നു, സംഘടനയുടെ ഭാരവാഹികൾ, ദമ്പതിമാർക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയിരുന്നത്. വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി, വാഗ്ദാനം ചെയ്ത വസ്തുക്കൾ ചോദിക്കുകയും, അതിൻറെ പേരിൽ തർക്കത്തിലേക്ക് കടക്കുകയും ആണുണ്ടായത്. പ്രശ്നം, എല്ലാ പരിധികളും വിട്ട് കൂട്ട അടിയിലേക്ക് കടന്നപ്പോൾ, ചിലർ പോലീസ് സഹായം തേടുകയും പോലീസ് എത്തി സംഘർഷം തടയുകയും ചെയ്തു. ഇതിനിടയിൽ വധൂവരന്മാരിൽ ചിലർ, സംഘടനയുടെ തട്ടിപ്പു വിവിവരം പരാതിയായി രേഖാമൂലം പോലീസിന് കൈമാറിയതോടുകൂടി, സംഘാടകർക്ക്നേരെ കേസെടുക്കാനും പോലീസ് തയ്യാറായി. ഏതായാലും ചേർത്തലയിൽ സന്നദ്ധ സംഘടനയുടെ മറവിൽ തട്ടിക്കൂട്ടിയ സമൂഹവിവാഹം വലിയ വിവാദമായി മാറിയിരിക്കുകയാണ്.