ക്രിസ്തുമസിനും ക്രിസ്ത്യാനിക്ക് അടി തന്നെ മിച്ചം

സംഘി സംഘടനകളുടെ വ്യാപക ആക്രമണം

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു തന്ന, പുണ്യവാനായ യേശുക്രിസ്തുവിന്റെ ജന്മദിനത്തിലും, ഇന്ത്യയിൽ ഒട്ടാകെ ക്രിസ്തുമത വിശ്വാസികൾ, ആർ എസ് എസ്- സംഘപരിവാർ ശക്തികളുടെ തല്ലുകൊണ്ട് മടുക്കുന്ന കഥയാണ് പുറത്തുവന്നത്. വലിയ പുരോഗമനം ഉള്ള പ്രദേശം എന്നൊക്കെ അഭിമാനിക്കുന്ന കേരളത്തിൽ വരെ, ക്രിസ്തുമസ് നാളിൽ, ഹൈന്ദവ സംഘടനകളുടെ അക്രമം അരങ്ങേറിയത് വലിയ വാർത്തയായി മാറിയിരുന്നു. ക്രിസ്തുമസ് ആഘോഷത്തിനും, കേക്ക് മുറിക്കുന്നതിനും തയ്യാറായ, പാലക്കാട് ജില്ലയിലെ നല്ലേപ്പള്ളി സ്കൂളിലെ ക്രിസ്തുമസ് ഡെക്കറേഷനുകൾ, തല്ലി തകർത്തുകൊണ്ടാണ് സംഘപരിവാർ പ്രവർത്തകർ അക്രമം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. സംഭവം നടന്നതാണെന്നും കേസെടുത്തു എന്നും പോലീസ് പിന്നീട് അറിയിച്ചു. വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന, മതസൗഹാർദ്ദം ശക്തമായി നിലനിൽക്കുന്ന കേരളത്തിൽ പോലും, വർഗീയ കലാപത്തിന് വഴിയൊരുക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഭയമുണ്ടാക്കുന്ന കാര്യമാണ്.

കേരളത്തിൽ മാത്രമല്ല, രാജ്യത്ത് പല പ്രദേശങ്ങളിലും ക്രിസ്തുമസ് ദിനത്തിലും, തലേന്നാളിലും സംഘപരിവാർ സംഘടനകളുടെ അക്രമം ഉണ്ടായി എന്നാണ് ഒടുവിൽ പുറത്തുവന്ന വാർത്തകൾ. ക്രിസ്തുമത വിശ്വാസികളുടെ ആഘോഷങ്ങൾ തടസ്സപ്പെടുത്തുവാനും, ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും തകർക്കുവാനും ശ്രമമുണ്ടായി എന്നാണ് പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് സംഘപരിവാർ പ്രവർത്തകർ, ക്രിസ്തുമസ് നാളിൽ വ്യാപകമായ അക്രമം, ക്രിസ്തുമത വിശ്വാസികൾക്ക് നേരെ നടത്തിയത്. ക്രിസ്തുമസ്സിന്റെ തലേനാളിലും ഈ സംഘം പലയിടത്തും കടന്നുകയറ്റം നടത്തി. ആഘോഷ സംബന്ധിയായി, ക്രിസ്തീയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഉണ്ടാക്കിയ അലങ്കാരങ്ങൾ വരെ നശിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മണിപ്പൂരിൽ , ക്രിസ്തുമത വിശ്വാസികളും അവരുടെ സ്ഥാപനങ്ങളും, കഴിഞ്ഞ ഒരു വർഷമായി നിരന്തരം സംഘപരിവാർ സംഘടനകളുടെ അക്രമങ്ങൾക്ക് വിധേയരായി കഴിയുകയാണ്. കേന്ദ്രസർക്കാരിൻറെ കൂടി പിന്തുണയോടുകൂടിയാണ്, ഹിന്ദു സംഘടനകൾ ഈ അക്രമം നടത്തുന്നത് എന്ന്, ക്രിസ്തീയ മതമേധാവികൾ പ്രധാനമന്ത്രിയോട് തന്നെ പരാതിപ്പെട്ടുവെങ്കിലും, ഒരു പരിഹാരവും ഉണ്ടായിട്ടില്ല. മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലും, ക്രിസ്തുമസ് നാളിലും തലേന്നാളും വ്യാപക ആക്രമണം ഉണ്ടായി എന്നും റിപ്പോർട്ടുണ്ട്.

പഞ്ചാബിൽ ലൂദിയാന എന്ന പ്രദേശത്ത്, വഴിയരികിൽ പ്രസംഗിച്ചു നിന്നിരുന്ന ഒരു പെന്തക്കോസ്ത് പാസ്റ്ററെ, സംഘപരിവാർ സംഘടനകളുടെ പ്രവർത്തകർ ആക്രമിക്കുകയും, വിരട്ടി ഓടിക്കുകയും ചെയ്ത സംഭവം പുറത്തുവന്നിട്ടുണ്ട്. അതുപോലെതന്നെ രാജസ്ഥാനിലെ ജോഡ്പൂർ, ജയ് സാൽമർ തുടങ്ങിയ സ്ഥലങ്ങളിൽ, ക്രിസ്തുമസ് ആഘോഷത്തിന് അലങ്കാരങ്ങൾ നടത്തിക്കൊണ്ടിരുന്ന സ്കൂളുകളിൽ, വിദ്യാർത്ഥികളെയും അധ്യാപകരെയും സംഘപരിവാർ സംഘടനാ നേതാക്കൾ ആക്രമിച്ചു എന്നും, നാശനഷ്ടം വരുത്തിയെന്നും, വാ​ർത്തകൾ വന്നിട്ടുണ്ട്.

പതിവിന് വിപരീതമായി, ഈ വർഷം ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി, ഡൽഹിയിലെ കാത്തലിക് ബിഷപ്പ് കൗൺസിൽ ആസ്ഥാനത്ത്- പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തുകയും, ആശംസ പ്രസംഗം നടത്തുകയും ചെയ്തിരുന്നു. ഒരു മണിക്കൂറിൽ അധികം ഈ പരിപാടിയിൽ പ്രധാനമന്ത്രി ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ ക്രിസ്തീയ മതവിഭാഗങ്ങളിൽപെട്ട ബിഷപ്പുമാരും കർദിനാൾമാരും ക്ഷണിക്കപ്പെട്ട പുരോഹിതന്മാരും ഒക്കെ ഈ പരിപാടിയിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി മതമേധാവികൾ,- ക്രിസ്തീയ വിശ്വാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾ ചർച്ച ചെയ്യുകയും, പരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് എല്ലാ സംരക്ഷണവും ഉറപ്പാകും എന്നാണ് പ്രധാനമന്ത്രി അവിടെ ഉറപ്പുനൽകിയത്. ഈ ഉറപ്പ് നൽകിയ ശേഷം, രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് രാജ്യത്ത് പലയിടത്തും ക്രിസ്തുമത വിശ്വാസികളുടെ, ക്രിസ്തുമസ് ആഘോഷ പരിപാടികൾ തടസ്സപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഹൈന്ദവ സംഘടനകളിൽ ചിലതിന്റെ നേതൃത്വത്തിൽ നടന്നത്.

കേരളത്തിൽ ശക്തമായ സാന്നിധ്യമുള്ള മത വിഭാഗമാണ് ക്രിസ്തുമത വിശ്വാസികൾ. അതുകൊണ്ടുതന്നെ ക്രിസ്തീയ സഭയുടെ പ്രവർത്തനങ്ങൾക്കും, അവരുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും, ഒരു സംഘടന വഴിയും തടസ്സം ഉണ്ടാകരുത് എന്നത്, എല്ലാ രാഷ്ട്രീയ പാർട്ടികളും ആഗ്രഹിക്കുന്ന കാര്യമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ഹൈന്ദവ വിശ്വാസികളുടെ ഭൂരിപക്ഷം ഉള്ളതുകൊണ്ട്, ഇത്തരം പ്രദേശങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്തീയ വിശ്വാസികൾക്കും, മുസ്ലീം വിശ്വാസികൾക്കും എതിരെ, ഹൈന്ദവ സംഘടനകൾ നിരന്തരം ആക്രമണം നടത്തുന്നു എന്നത് പുതിയ വാർത്തയല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, കർശനമായയ നടപടിയും ഇടപെടലും നടത്തേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിനെ യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത്, ആർ എസ് എസ് അടക്കമുള്ള സംഘപരിവാർ ശക്തികളാണ്. അതുകൊണ്ടാണ് ഇത്തരം ന്യൂനപക്ഷ അക്രമങ്ങളെ കണ്ടില്ല എന്ന് നടിക്കാൻ കേന്ദ്രസർക്കാരും തയ്യാറാവുന്നത്.