പൂട്ടിക്കെട്ടാനൊരുങ്ങി അക്ഷര നഗരിയിലെ NBFC

പാപ്പർ ഹർജി നൽകാനും നീക്കം

 

അക്ഷര നഗരിയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം (NBFC ) തകർച്ചയുടെ പടുകുഴിയിലേക്കെന്ന് സൂചന. തട്ടിപ്പും വെട്ടിപ്പും നിക്ഷേപം വകമാറ്റമലുമാണ് ഈ സ്ഥാപനത്തെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ബ്രാഞ്ചുകളിലൂടെ കമ്പനിയിലെത്തിയ നിക്ഷേപം പല വിധ തിരിമറികളിലൂടെ കമ്പനിക്ക് പുറത്തെത്തിച്ച് മറ്റ് പല ബിസിനസുകളും കമ്പനി മുതലാളിയുടെ ബിനാമികളുടെ പേരിൽ തുടങ്ങിയിരുന്നു. ഇപ്പോഴിതാ കമ്പനി പൂട്ടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് ഇതിൻ്റെ മാനേജ്മെമെൻറ്. ഇക്കാലമത്രയും പതിറ്റാണ്ടുകളുടെ പാരമ്പര്യം  അവകാശപ്പെട്ട് ഇടപാടുകാരെ പറ്റിച്ച ഈ സ്ഥാപനത്തിൻ്റെ ഗതിയിപ്പോൾ വളരെ പരിതാപകരമാണെന്നാണ് വിവരം. ഈ ധനകാര്യ സ്ഥാപനം മുമ്പോട്ടു പോകില്ലെന്ന സൂചനയാണ് കമ്പനിയുടെ ചെയർമാൻ തന്നെ നൽകുന്നത്. ഹെഡ് ഓഫീസ് ഗോൾഡെന്ന പേരിൽ ഈ സ്ഥാപനത്തിൽ മുതലാളി തന്നെ  പണയം വച്ചിരിക്കുന്നത് ടൺ കണക്കിന് മുക്കുപണ്ടങ്ങളാണ്. കടപ്പത്രങ്ങൾ വഴി സമാഹരിച്ച തുക ഭൂരിഭാഗവും മുക്കുപണ്ടം പണയം വച്ച് മുതലാളിമാർ അടിച്ചെടുത്തു. ഇപ്പോൾ പാപ്പർ ഹർജി നൽകി തടിയൂരാനും നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെട്ട് പരസ്യം ചെയ്ത് ജനങ്ങളെ കബളിപ്പിച്ച ഈ സ്ഥാപനം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വര്‍ണ്ണപ്പണയമായിരുന്നു പ്രധാന ബിസിനസ്. അടുത്തനാളുകളിൽ സ്വർണ്ണപ്പണയത്തിലടക്കം റിസര്‍വ് ബാങ്കിന്റെ ചില കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ ക്രമാതീതമായി കുറഞ്ഞു. ഇതോടെ ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടു പോകുവാനും ബുദ്ധിമുട്ട് നേരിടുകയാണ്. സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചാല്‍ 6 മാസത്തിനുള്ളില്‍ എല്ലാവരുടെയും നിക്ഷേപം മടക്കി നല്‍കുമെന്നും അതിനുള്ള പണയ സ്വര്‍ണ്ണം സ്ഥാപനത്തില്‍ ഉണ്ടെന്നും ഇവർ അവകാശപ്പെടുന്നത്. പണയം വെച്ചവര്‍ക്ക് ചുരുങ്ങിയ കാലയളവിലുള്ള നോട്ടീസ് നല്‍കുമെന്നും നിശ്ചിത തീയതിക്ക് മുമ്പ് പണയ സ്വര്‍ണ്ണം തിരികെ എടുത്തില്ലെങ്കില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്നും ഇവർ പറയുന്നു. എന്നാൽ പണയസ്വർണ്ണമെന്ന പേരിൽ ഈ സ്ഥാപനത്തിൽ ഇരിക്കുന്നതിൽ അധികവും മുക്കുപണ്ടങ്ങളാണെന്നാണ് മുൻ ജീവനക്കാരടക്കം നൽകുന്ന സൂചന.

കടപ്പത്രത്തിലൂടെ കോടിക്കണക്കിനു രൂപ നിക്ഷേപമായി ഈ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം കൊടുത്തുതീര്‍ക്കാൻ പണയ സ്വര്‍ണ്ണം വിറ്റാല്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്‌. ഈ സ്ഥാപനം കേരളത്തിൽ ബിനാമി പേരുകളിൽ ബാർ ഹോട്ടലുകൾ നടത്തുന്നുണ്ടെന്നും വീണ്ടും ബാർ ഹോട്ടലുകൾ തുടങ്ങാൻ നീക്കം നടത്തുന്നുണ്ടെന്നും ചില വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതെല്ലാം കമ്പനിയിലെത്തിയ നിക്ഷേപം വകമാറ്റിയതാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.  ഇവർ ഇറക്കുന്ന NCD കളോട് നിക്ഷേപകർ ഇപ്പോൾ മുഖം തിരിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കി. നിക്ഷേപിച്ച തുക (NCD) കാലാവധി തീരുന്നതിന് മുമ്പ് തന്നെ പിൻവലിക്കാൻ ആളുകൾ തിരക്കുകൂട്ടുകയാണ്. പലിശപോയാലും മുതലെങ്കിലും കിട്ടുമല്ലോ എന്നാണ് നിക്ഷേപകർ പറയുന്നത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന റിസർവ്വ് ബാങ്കിൻ്റെ പുതിയ നയം തങ്ങൾക്ക് പിടിവള്ളിയായി എന്നാണ് നിക്ഷേപകർ പറയുന്നത്.

റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് സ്വര്‍ണ്ണം പണയം വെക്കുന്നവര്‍ക്ക്‌ ഇരുപതിനായിരം രൂപ വരെ മാത്രമേ കറന്‍സിയായി കൊടുക്കുവാന്‍ കഴിയൂ. അതില്‍ കൂടുതലാണ് പണയത്തുകയെങ്കില്‍ പണയം വെക്കുന്ന ആളിന്റെ ബാങ്ക് അക്കൗലൂടെയെ നല്‍കാവൂ. പണയത്തുക എടുക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ ബാങ്കിലെ സ്വര്‍ണ്ണപ്പണയ നിരക്ക് ജീവനക്കാര്‍  പറയും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്കിന്റെ പകുതിയില്‍ താഴെയാണ് മിക്ക ഷെഡ്യൂള്‍ഡ് ബാങ്കുകളിലും പലിശ. പലിശയിലെ വന്‍ വ്യത്യാസം അറിയുന്നതോടെ ബാങ്കില്‍ നിന്നും പണമെടുത്ത് നേരെ ആദ്യം പണയം വെച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ചെല്ലും. അവിടെ പണം നല്‍കി പണയസ്വര്‍ണ്ണം തിരികെ വാങ്ങി നേരെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ ചെന്ന് പണയം വെക്കും. പലിശയിനത്തില്‍ വന്‍ ലാഭം ഉണ്ടാകുന്നതിനാല്‍ പണയം വെക്കുന്നവര്‍ക്ക്‌ ഇത് ലാഭകരമാണ്. ഇതോടെ വ്യാപകമായതോടെ സ്വര്‍ണ്ണം പണയം വെക്കാന്‍ വരുന്നവര്‍ കുത്തനെ കുറഞ്ഞു. ഇതോടെ പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  NCD യിലൂടെ സമാഹരിച്ച കോടികള്‍ വകമാറ്റുന്നതും പ്രതിസന്ധിക്ക് കാരണമാണ്