രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകൾ വരുന്നതിന് മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കുമ്പോൾ കേരളത്തിലെ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയും മറ്റു മുഖ്യ ഘടക കക്ഷികളും, കാര്യമായ പാർട്ടി പ്രവർത്തനങ്ങൾ നടത്താത്തത് തിരിച്ചടി ഉണ്ടാക്കും എന്ന കണക്കുകൂട്ടലിൽ, യുഡിഎഫിലെ നാല് ചെറുപാർട്ടികൾ മുന്നണിക്കകത്ത് കൂറുമുന്നണി ഉണ്ടാക്കി മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. നിലവിലെ ഭരണകക്ഷിയായ ഇടതുപക്ഷ മുന്നണിക്കെതിരെ യുഡിഎഫ് കാര്യമായ ഒരു നീക്കവും നടത്തുന്നില്ല എന്നും, പൊതുജനങ്ങളെ അണിനിരത്തി സർക്കാർ വിരുദ്ധ സമരം നടത്താൻ പോലും കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും കഴിയുന്നില്ല എന്നുമുള്ള വിലയിരുത്തലിലാണ് പുതിയ നിയമങ്ങൾ തുടങ്ങിവച്ചിരിക്കുന്നത്.
യുഡിഎഫിലെ ഘടക കക്ഷികളായ ആർ എസ് പി – സി എം പി, ആർ എം പി, ഫോർവേഡ് ബ്ലോക്ക് എന്നീ നാല് പാർട്ടികളാണ് സംയുക്തമായി മുന്നോട്ട് നീങ്ങുന്നതിന് തീരുമാനം എടുത്തിരിക്കുന്നത്. ഈ പുതിയ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ ചുമതലപ്പെടുത്തിയതായി അറിയുന്നുണ്ട്. ഇടതുപക്ഷ ആശയങ്ങൾ ഉള്ള കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ആശയമാണ് ഈ നാലു രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ലക്ഷ്യമിടുന്നത്. ഇതിനായി നാലു പാർട്ടികളുടെയും നേതാക്കൾ തിരുവനന്തപുരത്ത് കഴിഞ്ഞദിവസം യോഗം ചേരുകയുണ്ടായി. ആർ എസ് പി സെക്രട്ടറി ഷിബു ബേബി ജോൺ സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോൺ ആർ എം പി നേതാവായ കെ കെ രമ എം എൽ എ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവരാണ് ഈ ആലോചന യോഗത്തിൽ പങ്കെടുത്തത്. ഇടത് സഖ്യം എന്ന ഒരു പുതിയ മുദ്രാവാക്യം ഉയർത്തി മുന്നോട്ടു നീങ്ങുന്നതിനുള്ള ധാരണയിലാണ് ഇവർ എത്തിയിരിക്കുന്നത്.
കേരളത്തിൽ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളായി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഎമ്മും സിപിഐഎം യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മറന്നുകൊണ്ട് പ്രവർത്തിക്കുകയാണെന്നും, അതുകൊണ്ടുതന്നെ തൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന ജനവിഭാഗം ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തള്ളിക്കളയുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്നും ഈ യോഗത്തിൽ നേതാക്കൾ വിലയിരുത്തി. ജനാധിപത്യം മറന്നുകൊണ്ടും മുതലാളിത്ത ചങ്ങാത്തത്തിന് വഴിയൊരുക്കി കൊണ്ടും ഉള്ള രാഷ്ട്രീയ ശൈലിയാണ് സിപിഎം തുടരുന്നത്. സിപിഎം പാർട്ടിയിലെ സംസ്ഥാന ജില്ലാ നേതാക്കളിൽ പലരും സാമ്പത്തിക തട്ടിപ്പുകളും അഴിമതിയും നടത്തി കോടീശ്വരന്മാരായി മാറിയത് സാധാരണ കമ്മ്യൂണിസ്റ്റ് വിശ്വാസികളിൽ ആ പാർട്ടിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയതാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് കനത്ത തോൽവി ഉണ്ടാകുവാൻ കാരണമെന്നും ഈ കൂറുമുന്നണി നേതാക്കൾ വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി ജീവിതം മുഴുവൻ ആ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിലയുറപ്പിച്ച സാധാരണ പ്രവർത്തകർ മനസ്സുമടുത്ത് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളോടും അകലം പാലിച്ചു കഴിഞ്ഞുവെന്നും നേതാക്കൾ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ തന്നെ എതിരായി നിൽക്കുന്ന ഈ സാഹചര്യം ഉപയോഗപ്പെടുത്തി, ഇടതുപക്ഷ ആശയങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ഇടതുസഖ്യം എന്ന ആശയത്തിന് ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കുവാൻ കഴിയും എന്ന വലിയ പ്രതീക്ഷയിലാണ് നേതാക്കൾ.
ഇപ്പോൾ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെറിയ ഘടകകക്ഷികളെ കാര്യമായി പരിഗണിക്കുന്നില്ലായെന്ന പരിഭവം കുറുമുന്നണി രൂപീകരണത്തിന് തയ്യാറായ പാർട്ടികൾക്കുണ്ട്. ഇതിനുപുറമെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചു വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് കോൺഗ്രസിലെ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വടംവലികൾ. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന നടത്താതെ ദുർബലമായി മുന്നോട്ടു പോകുന്നത് തിരഞ്ഞെടുപ്പിൽ ദോഷം ഉണ്ടാക്കുമെന്ന വിലയിരുത്തലും ഈ നേതാക്കൾക്ക് ഉണ്ട്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് പലതരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ നട്ടംതിരിയുകയാണ്. ആ പാർട്ടിക്ക് സംസ്ഥാന തലത്തിൽ നേതാക്കളുടെ യോഗം നടത്തുവാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയുടെ ശക്തികേന്ദ്രമായ മത സംഘടനകളിൽ പലതും ഇപ്പോഴത്തെ മുസ്ലിം നേതൃത്വത്തോട് അകന്നു നിൽക്കുകയാണ്. ഇതെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ ക്ഷീണം ഉണ്ടാക്കും എന്നതാണ് നേതാക്കൾ മുൻകൂട്ടി കാണുന്ന കാരണങ്ങൾ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ നേടിയെടുക്കുന്നതിന് ശക്തമായ വാദം ഉയർത്തുവാൻ, ഈ നാലു പാർട്ടികളുടെയും ഒരുമിച്ചുള്ള മുന്നോട്ടുപോക്ക് സഹായിക്കും എന്നാണ് കുറുമുന്നണി നേതാക്കൾ വിശ്വസിക്കുന്നത്. ഇതിനിടയിൽ മറ്റൊരുതരത്തിലുള്ള ചർച്ചകളും ഈ മുന്നണി നേതാക്കൾ മുന്നോട്ടുവെച്ചതായിട്ടാണ് അറിയുന്നത്. അതായത്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പൂർണ്ണമായ വിജയസാധ്യത ഉറപ്പാക്കുന്ന സ്ഥിതി ഇല്ലായെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന യുഡിഎഫ് മുന്നണി വിടുക എന്ന കാര്യവും ആലോചിക്കണമെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഇടതുമുന്നണിയിൽ ഘടകകക്ഷിയായി നിൽക്കുന്ന മാണി കേരള- കോൺഗ്രസ് മുന്നണിയുമായി ഇപ്പോൾ വലിയ അകലത്തിൽ നിൽക്കുകയാണ്. പിണറായി സർക്കാർ കർഷകരെ അവഗണിച്ചു എന്നതും സിപിഎം നേതൃത്വം- പാർട്ടിക്ക് അർഹമായ പരിഗണന നൽകുന്നില്ല എന്നതും മാണി കേരള കോൺഗ്രസ് പാർട്ടിയെ ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കുന്നതിനുള്ള ആലോചനയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ മാണി കേരള നേതാക്കൾ ഇടതുമുന്നണി വിട്ടാൽ, ആ സ്ഥലത്തേക്ക് യുഡിഎഫിൽ ഉള്ള നാല് ചെറു പാർട്ടികൾ ഒത്തുചേരുന്ന ഇടതു സഖ്യത്തിന് വലിയ സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലും ഉണ്ട്. മാത്രവുമല്ല കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ന് പറഞ്ഞാൽ അത് സിപിഎമ്മും സിപിഐഎം മാത്രമാണ് എന്ന രണ്ടു പാർട്ടികളുടെയും ധിക്കാരപരമായ നിലപാടിന് ആഘാതം ഉണ്ടാക്കാൻ ഈ ചെറിയ മുന്നണിക്ക് കഴിയും എന്നും അവർ കരുതുന്നുണ്ട്.
ഇടതുപക്ഷ ആശയങ്ങളും മനോഭാവങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന, ജന സ്വാധീനമുള്ള നേതാക്കളെ കൂടി ഈ കുറുമുന്നണിയിലേക്ക് കൊണ്ടുവരിക എന്ന ആശയം ഇവർ ഉയർത്തുന്നുണ്ട്. ഒരിടത്തും എത്താതെ നിൽക്കുന്ന പിസി ജോർജ്, അതുപോലെതന്നെ ബിജെപിക്ക് ഒപ്പം കൂടി ഒന്നും നേടാൻ കഴിയാതെ നിൽക്കുന്ന തുഷാർ വെള്ളാപ്പള്ളി, തുടങ്ങിയവരെ കൂടി ഇടതുസഖ്യം എന്ന പുതിയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഏതായാലും കേരളത്തിൽ രാഷ്ട്രീയ ശക്തിയായി നിലനിൽക്കുന്ന യുഡിഎഫിനും അതുപോലെതന്നെ എൽഡിഎഫിനും ഒരു വെല്ലുവിളിയായി മാറുവാൻ സാധ്യത ഉള്ളതാണ് ചെറിയ പാർട്ടികൾ തമ്മിൽ ഒത്തുചേർന്നുകൊണ്ട് ഉണ്ടാക്കുന്ന ഇടത് സഖ്യം എന്ന കാര്യത്തിൽ സംശയം ഇല്ല.