ഇടതുമുന്നണിയിൽ നിന്നുകൊണ്ട് സിപിഎമ്മിന്റെ പിൻബലത്തിൽ എം എൽ എ ആയ ആളാണ് പി വി അൻവർ. നിലമ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച സിപിഎം നിയമസഭാംഗമായ അൻവർ, കുറച്ചുനാളായി മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും യഥാർത്ഥത്തിൽ വട്ടം കറക്കുകയാണ്. ഓരോ ദിവസവും ഓരോ അഴിമതി ആരോപണവും ക്രിമിനൽ കുറ്റങ്ങളും തട്ടിപ്പും ഒക്കെ അൻവർ പുറത്തുവിടുന്നു. എങ്കിലും ഇതൊന്നും ആരും തിരിഞ്ഞു നോക്കുന്നില്ലായെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും അൻവറിനെ പൂർണമായും തഴഞ്ഞ അവസ്ഥയിലാണ്. ഇടതുമുന്നണിയുമായും സിപിഎമ്മുമായും ബന്ധം ഉപേക്ഷിച്ച്- സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി കേരളത്തിൽ പുതിയ അൽഭുതം ഉണ്ടാക്കുന്നു എന്നൊക്കെ അൻവർ പറഞ്ഞിരുന്നു. എങ്കിലും അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ഡിഎംകെ എന്ന ഒരു പാർട്ടി സ്വന്തമായി ഉണ്ടാക്കി അതിൻറെ പേരിൽ ഒരു ജാഥ നടത്താൻ ഒക്കെ ശ്രമിച്ചു.
ജാഥയിൽ പങ്കെടുത്തവർ കൂലിക്കാരായി വന്നു എന്ന് ചാനലുകാർ തെളിവുകളോടെ പുറത്തുവിട്ടപ്പോൾ അൻവർ അങ്കലാപ്പിൽ ആവുകയും ചെയ്തു. ഇപ്പോൾ ഏതായാലും ഒറ്റയ്ക്കുള്ള കളികൾ മടുത്ത സാഹചര്യത്തിൽ, കോൺഗ്രസിലേക്ക് അല്ലെങ്കിൽ യുഡിഎഫിലേക്ക് എങ്ങനെയെങ്കിലും കടന്നുവരാനുള്ള നീക്കങ്ങളാണ് അൻവർ നടത്തുന്നത്. അതിൻറെ ഭാഗമായി വഴിയൊരുക്കുന്നതിന് വേണ്ടി പാണക്കാട് തങ്ങളെ നേരിട്ട് കണ്ടിരുന്നു. എന്നാൽ അൻവർ ബന്ധം ലീഗിലെ ഭൂരിപക്ഷം നേതാക്കളും ഇഷ്ടപ്പെടുന്ന കാര്യമല്ല എന്നത് വ്യക്തമാണ്.
ഇതിനിടയിലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവറിനെ മത്സരിപ്പിക്കുകയും പഴയ കോൺഗ്രസുകാരനായ അൻവറിനെ തിരികെ കൊണ്ടുവരികയും ചെയ്യുക എന്ന തന്ത്രവുമായി മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ നീക്കങ്ങൾ നടത്തിവന്നത്. എന്നാൽ അൻവറിനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ നല്ലൊരു വിഭാഗത്തിന് താല്പര്യമില്ല. കാരണം അൻവർ കോൺഗ്രസിൽ എത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു വന്നാൽ, എപ്പോൾ വേണമെങ്കിലും കോൺഗ്രസ് നേതാക്കളെ ചീത്ത വിളിച്ചുകൊണ്ട് രംഗത്ത് വരുമെന്ന ഭയപ്പാട് ഈ നേതാക്കൾക്ക് ഉണ്ട്. മാതൃവുമല്ല അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുന്ന പക്ഷം തീർച്ചയായും അൻവർ മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിക്കും. അത് നടന്നില്ലെങ്കിൽ അപ്പോൾ തന്നെ കോൺഗ്രസ് നേതാക്കളെ ചീത്ത പറയുന്ന സ്ഥിതിയും ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ പറയുന്നത്. അതുകൊണ്ടുതന്നെ അൻവറിനെ പോലെ സ്വഭാവശുദ്ധിയില്ലാത്ത, കൃത്യമായ നിലപാടില്ലാത്ത, അവസരവാദിയായ ഒരാളെ കോൺഗ്രസിലേക്ക് വിളിച്ചു ചുമക്കേണ്ട കാര്യമില്ല എന്നും ഈ നേതാക്കൾ പറയുന്നുണ്ട്.
എന്നാൽ മലപ്പുറം ജില്ലയിൽ അൻവർ എന്ന നേതാവിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തണം എന്ന് ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നുണ്ട്. അവിടെയും ഉണ്ട് അൻവറിന് എതിരായ അഭിപ്രായക്കാർ. നിലമ്പൂർ മണ്ഡലം അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് മോഹിച്ചു നടക്കുകയാണ്. അൻവർ വന്നാൽ തനിക്ക് സീറ്റ് കിട്ടില്ല എന്ന ആശങ്ക ഷൗക്കത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് പാർട്ടിയിലെ എ വിഭാഗത്തിന് മുതിർന്ന ചില നേതാക്കളെ സ്വാധീനിച്ചുകൊണ്ട് അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിന് തടയിടാൻ ഷൗക്കത്തും നീക്കങ്ങൾ നടത്തുന്നുണ്ട്.
ഇപ്പോൾ യഥാർത്ഥത്തിൽ ഒരു ഗതികെട്ട പ്രേതത്തിന്റെ അവസ്ഥയിലാണ് അൻവർ ഉള്ളത്. പത്രസമ്മേളനങ്ങളിലും മറ്റും അൻവർ വിളിച്ചു കൂവുന്നത് പോലെ ഒരു ജനങ്ങളുടെ പിന്തുണയും അൻവറിന് ഇല്ലായെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നുണ്ട്. സിപിഎമ്മിന്റെ ശക്തിയിലാണ് അൻവർ നിലമ്പൂരിൽ ജയിച്ചു വന്നത്. അല്ലാതെ അൻവറിന്റെ ജന സ്വാധീനം കൊണ്ടല്ലായെന്നും നേതാക്കൾ തിരിച്ചറിയുന്നുണ്ട്. അടുത്തകാലത്തായി സിപിഎം വിരുദ്ധ പ്രവർത്തനങ്ങൾ മാത്രം നടത്തുകയും പിണറായി വിജയനെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്ന അൻവറിന് ഇനി ഏതായാലും സിപിഎം പ്രവർത്തകർ വോട്ട് ചെയ്യില്ല എന്ന കാര്യവും ഉറപ്പാണ്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് ഗതികെട്ട അവസ്ഥയിൽ ഒന്നുകിൽ കോൺഗ്രസ് പാർട്ടിയിലേക്ക് അല്ലെങ്കിൽ മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവരാൻ ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കുക എന്ന തീരുമാനത്തിൽ അൻവർ എത്തിച്ചേർന്നിരിക്കുന്നത്. അൻവറിന്റെ ഈ മോഹം നടന്നുകിട്ടുക അത്ര എളുപ്പമല്ല, മാത്രവുമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനെ കേരളത്തിലെ സിപിഎം- മുഖ്യശത്രുവായി കാണുകയും ചെയ്യും. എന്തു വിലകൊടുത്തും അൻവറിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുക എന്ന തീരുമാനവുമായിട്ടായിരിക്കും സിപിഎം നിലയുറപ്പിക്കുക. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ വലിയ പ്രതിസന്ധികളെ അൻവറിന് നേരിടേണ്ടതായിട്ടും വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടി അത്ര എളുപ്പത്തിൽ- അൻവറിനെ ഒപ്പം കൂട്ടാൻ തയ്യാറാവില്ല. കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല- പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എതിർ ചേരിയിൽ ഉള്ള ഏതു നേതാവിനെയും സ്വീകരിക്കണം എന്ന നിലപാടുള്ള ആളാണ്. എന്നാൽ ചെന്നിത്തലയുടെ ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഒരുതരത്തിലും യോജിക്കാൻ സാധ്യതയില്ല.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അൻവറിൻ്റെ കാര്യത്തിൽ വലിയ താല്പര്യം എടുത്തില്ലായെങ്കിൽ- കോൺഗ്രസിന്റെ ഹൈക്കമാന്റിനെ സ്വാധീനിക്കാനുള്ള പരിശ്രമങ്ങളും അൻവർ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ചിലരുടെ പിന്തുണ ഇതിനായി അൻവർ തേടുന്നുണ്ട്. അത്തരത്തിൽ നടത്തുന്ന നീക്കം വിജയം കണ്ടാൽ ഒരുപക്ഷേ അൻവർ എന്ന നേതാവ് കോൺഗ്രസിന്റെ വഴിത്താരയിലേക്ക് എത്തിച്ചേർന്നിക്കാം.